ഓസ്ട്രേലിയന്‍ രാഷ്ട്രീയത്തില്‍ സമ്മര്‍ദ ശക്തിയാകാനുറച്ച് 'മുസ്ലീം വോട്ട്സ് മാറ്റര്‍' എന്ന സംഘടന; ദേശീയ തലത്തില്‍ പ്രചാരണം ആരംഭിച്ചു

ഓസ്ട്രേലിയന്‍ രാഷ്ട്രീയത്തില്‍ സമ്മര്‍ദ ശക്തിയാകാനുറച്ച് 'മുസ്ലീം വോട്ട്സ് മാറ്റര്‍' എന്ന സംഘടന; ദേശീയ തലത്തില്‍ പ്രചാരണം ആരംഭിച്ചു

കാന്‍ബറ: ഓസ്ട്രേലിയന്‍ രാഷ്ട്രീയത്തില്‍ സമ്മര്‍ദ ശക്തിയാകാനുള്ള നീക്കങ്ങളുമായി മുസ്ലീം വോട്ട്സ് മാറ്റര്‍ എന്ന പുതിയ സംഘടന. അടുത്ത വര്‍ഷത്തെ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാനും ഗാസ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലുള്ള തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ പ്രചാരണം നല്‍കുകയുമാണ് സംഘടനയുടെ ലക്ഷ്യം. മതപരമായ വിഷയങ്ങള്‍ക്കൊപ്പം സാമൂഹിക വിഷയങ്ങളിലും ഇടപെട്ട് രാജ്യത്തെ മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ വേരോട്ടം ശക്തമാക്കാനുള്ള ദേശീയ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.

ഓസ്ട്രേലിയന്‍ മുസ്ലിംകളുടെ ജനാധിപത്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനാണ് ഗ്രൂപ്പ് ശ്രമിക്കുന്നതെന്ന് മുസ്ലീം വോട്ട്‌സ് മാറ്റര്‍ സംഘടനയിലെ അംഗമായ ഗൈത്ത് ക്രയേം പറയുന്നു. ചൂതാട്ടം, ലഹരി ഉപയോഗം, ഗാര്‍ഹിക പീഡനം എന്നിവയ്‌ക്കെതിരേ പ്രചാരണം നടത്തുന്നതിനൊപ്പം ഗാസ വിഷയത്തില്‍ പാലസ്തീന് പിന്തുണ വര്‍ധിപ്പിക്കാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. ഗണ്യമായ മുസ്ലീം ജനസംഖ്യയുള്ള 32 ഫെഡറല്‍ സീറ്റുകളില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാനാണ് സംഘടന പദ്ധതിയിടുന്നത്. അതേസമയം, അടുത്ത ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ 'മുസ്ലീം വോട്ട്‌സ് മാറ്റര്‍' നേരിട്ടു സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കില്ല. ഓസ്ട്രേലിയയില്‍ അതിവേഗം വളരുന്ന ന്യൂനപക്ഷ വിഭാഗമാണ് മുസ്ലീം സമൂഹം.

ഗാസ വിഷയത്തില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പിന്തുണ ഇസ്രയേലിനാണ്. ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതില്‍ രാജ്യത്തെ മുസ്ലിം സമൂഹങ്ങള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്. സര്‍ക്കാരിനെ വെല്ലുവിളിച്ച് രാജ്യത്തെ യൂണിവേഴ്‌സിറ്റികളിലും പ്രധാനപ്പെട്ട തുറമുഖങ്ങളിലും ഉള്‍പ്പെടെ നിരവധി പ്രക്ഷോഭങ്ങള്‍ നടക്കുകയും ചെയ്തു. ഈ സാധ്യതയാണ് സംഘടന പ്രയോജനപ്പെടുത്താനൊരുങ്ങുന്നത്.

ക്രിസ്ത്യന്‍ ലൈവ്‌സ് മാറ്റര്‍ എന്ന സംഘടനയുടെ മാതൃകയിലാണ് മുസ്ലീം വോട്ട്‌സ് മാറ്റര്‍ രൂപീകരിച്ചത്. ക്രിസ്തീയ വിഷയങ്ങളില്‍ ശക്തമായ പ്രതികരിക്കുന്ന ഗ്രൂപ്പാണ് ക്രിസ്ത്യന്‍ ലൈവ്‌സ് മാറ്റര്‍. അതേസമയം, മുസ്ലീം വോട്ട്‌സ് മാറ്റര്‍ ഒരുപടി കൂടി കടന്ന് സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലും ഇടപെടുന്നു.

ഇസ്രയേല്‍-ഗാസ വിഷയത്തോടെ ഓസ്ട്രേലിയയിലെ മുസ്ലിം സമൂഹം രാജ്യത്തെ രണ്ട് പ്രധാന പാര്‍ട്ടികളായ ലേബര്‍, ലിബറല്‍ പാര്‍ട്ടികളില്‍ നിന്ന് അകന്നുതുടങ്ങിയിരുന്നു. പാലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് പാര്‍ലമെന്റില്‍ വോട്ട് ചെയ്തതിന് പിന്നാലെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍നിന്ന് സെനറ്റര്‍ ഫാത്തിമ പേമാന്‍ രാജിവെച്ചിരുന്നു. നിലപാടിന് വിരുദ്ധമായി വോട്ട് ചെയ്തതിനെ തുടര്‍ന്ന് പാര്‍ട്ടി ഇവരെ സസ്‌പെന്‍ഡ് ചെയ്തു. ഇതേ തുടര്‍ന്നാണ് വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള സെനറ്ററായ ഫാത്തിമ പേമാന്‍ രാജിവച്ചത്. ഈ സംഭവം മുസ്ലിം സമൂഹങ്ങള്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിനു കാരണമായിരുന്നു. ഇതോടെയാണ് മുസ്ലിം സമൂഹത്തെ പ്രബലമായ രാഷ്ട്രീയ ശക്തിയായി വളര്‍ത്താനുള്ള നീക്കങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും ആരംഭിച്ചത്.

വിശ്വാസത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്തുണ നല്‍കരുതെന്ന് അടുത്തിടെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി പറഞ്ഞിരുന്നു. ഇത് സാമൂഹിക ഐക്യത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം വാദിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.