ചില മതങ്ങളെയും ഭാഷകളെയും സമുദായങ്ങളെയും ആര്‍എസ്എസ് മറ്റുള്ളവരെക്കാള്‍ താഴ്ന്നവരായി കാണുന്നു: രാഹുല്‍ ഗാന്ധി

ചില മതങ്ങളെയും ഭാഷകളെയും സമുദായങ്ങളെയും ആര്‍എസ്എസ് മറ്റുള്ളവരെക്കാള്‍ താഴ്ന്നവരായി കാണുന്നു: രാഹുല്‍ ഗാന്ധി

വാഷിങ്ടണ്‍: ചില മതങ്ങളെയും ഭാഷകളെയും സമുദായങ്ങളെയും മറ്റുള്ളവരെക്കാള്‍ താഴ്ന്നവരായാണ് ആര്‍എസ്എസ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിര്‍ജീനിയയില്‍ ഇന്നലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം. ആര്‍എസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ചാണ് പല പൊതുപരിപാടിയിലും രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്.

ഇന്ത്യയുടെ വൈവിധ്യങ്ങളെ ആര്‍എസ്എസ് അംഗീകരിക്കുന്നില്ലെന്നും ഒരു ഏക ആശയമായാണ് ഇന്ത്യയെ അവര്‍ കാണുന്നതെന്നും രാഹുല്‍ പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ താഴെയാണെന്നാണ് ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം പറയുന്നത്.

ചില ഭാഷകള്‍ മറ്റ് ഭാഷകളേക്കാള്‍ താഴ്ന്നതാണ്. ചില മതങ്ങള്‍ മറ്റ് മതങ്ങളെക്കാള്‍ താഴ്ന്നതാണ്. ചില സമുദായങ്ങള്‍ മറ്റ് സമുദായങ്ങളെക്കാള്‍ താഴ്ന്നവരാണെന്നും കരുതുന്നു. ഇത്തരത്തില്‍ തമിഴ്, മറാത്തി, ബംഗാളി, മണിപ്പൂരി ഇവയെല്ലാം അവര്‍ക്ക് താഴ്ന്ന ഭാഷകളാണ്. ഇതിനെതിരെയാണ് ഇപ്പോള്‍ ഇന്ത്യയില്‍ പോരാട്ടം നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നിങ്ങള്‍ ഏത് പ്രദേശത്തുള്ളയാളാണെങ്കിലും നിങ്ങള്‍ക്കൊരു ചരിത്രമുണ്ട്, പാരമ്പര്യമുണ്ട്, ഭാഷയുണ്ട്. അവയെല്ലാം മറ്റേതിനെയും പോലെ പ്രധാനം തന്നെയാണ്. ബിജെപിക്ക് ഇന്ത്യയെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂണിയന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഭരണഘടനയില്‍ അത് വ്യക്തമായി എഴുതിയിട്ടുമുണ്ട്.

ഇന്ത്യ, അതായത് ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. ഭാഷകള്‍, പാരമ്പര്യങ്ങള്‍, ചരിത്രങ്ങള്‍ മുതലായവയുടെ കൂടിച്ചേരലാണ് ഇന്ത്യ എന്ന് ഇത് അര്‍ത്ഥമാക്കുന്നുവെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു.

'എന്നാല്‍ ഇന്ത്യ ഒരു യൂണിയന്‍ അല്ലെന്നാണ് അവര്‍ പറയുന്നത്. ഇവയെല്ലാം വേറിട്ട കാര്യങ്ങളാണ് എന്നാണ് അവരുടെ വാദം. അവര്‍ക്ക് ഒന്ന് മാത്രമാണ് വളരെ പ്രധാനം, അവരുടെ ആസ്ഥാനം നാഗ്പൂരിലാണ്'- ആര്‍എസ്എസിന്റെ പേരെടുത്ത് പറയാതെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് സ്നേഹവും ബഹുമാനവും വിനയവുമെല്ലാം നഷ്ടമായിരിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. സമൂഹത്തില്‍ വിദ്വേഷം പരത്തരുത്, അഹങ്കരിക്കരുത്, ആളുകളെ അവഹേളിക്കരുത്.

പകരം സ്‌നേഹം പ്രചരിപ്പിക്കുകയും വിനയം കാണിക്കുകയും ആളുകളെയും പൈതൃകങ്ങളെയും മതങ്ങളെയും ഭാഷകളെയും സമുദായങ്ങളെയും ബഹുമാനിക്കണമെന്നതാണ് നമ്മള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട കാര്യങ്ങളെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.