കാന്‍ബറ: സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിന് പ്രായപരിധി ഏര്‍പ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയ. ഈ വര്‍ഷം തന്നെ ഇതിനുള്ള നിയമ നിര്‍മാണം പാര്‍ലമെന്റില്‍ നടത്താനുദേശിക്കുന്നതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി പറഞ്ഞു. ഇത് അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും വേണ്ടിയുള്ളതാണെന്ന മുഖവുരയോടെ എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
മാനസികവും ശാരീരികവുമായ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് കുട്ടികള്‍ക്ക് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
കുഞ്ഞുങ്ങള്‍ക്ക് കുട്ടിക്കാലവും രക്ഷിതാക്കള്‍ക്ക് മനസമാധാനവും ആണ് ഉദ്ദേശിക്കുന്നതെന്ന് ആന്റണി ആല്‍ബനീസി പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് മിനിമം പ്രായം എന്ന വ്യവസ്ഥ കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നത് എന്തു കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. കുഞ്ഞുങ്ങള്‍ക്ക് അവരുടെ കുട്ടിക്കാലം തിരിച്ചു കിട്ടണം. അവര്‍ മൊബൈലില്‍ നിന്നും ഇലക്ടോണിക് ഉപകരണങ്ങളില്‍ നിന്നും പുറത്തു കടക്കണം. മൈതാനങ്ങളിലേക്ക് തിരിച്ചെത്തണം. യഥാര്‍ത്ഥ ജീവിതാനുഭവങ്ങള്‍ ചുറ്റുമുള്ളവരില്‍ നിന്ന് അവര്‍ അറിയണം. ഇതിനായി എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
കുട്ടികളുടെ വര്‍ധിച്ച മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ മിക്ക രക്ഷിതാക്കളും ആശങ്കാകുലരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രായപരിധി നിയമം അവതരിപ്പിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ കൊണ്ടുവന്ന പ്രായം സ്ഥിരീകരിക്കുന്ന സാങ്കേതിക വിദ്യയുടെ ട്രയല്‍ നടത്തുമെന്ന് ആന്റണി ആല്‍ബനീസി പറഞ്ഞു. കുറഞ്ഞ പ്രായം എത്രയെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും അത് 14നും 16നും ഇടയിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള പാര്‍ലമെന്ററി അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ആല്‍ബനീസി പ്രായ നിയന്ത്രണ പദ്ധതി പ്രഖ്യാപിച്ചത്.
നിയമം പ്രാബല്യത്തില്‍ വന്നാല്‍ സമൂഹ മാധ്യമത്തില്‍ പ്രായ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളുടെ പട്ടികയില്‍ ഓസ്ട്രേലിയ ഉള്‍പ്പെടും.
യുഎസ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളാണ് പ്രായനിബന്ധന കൊണ്ടുവരാനായി ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി കുട്ടികളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നിയമ നിര്‍മാണത്തിന് ആലോചിക്കുന്നത്.
അടുത്ത വര്‍ഷം മെയ് മാസത്തോടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം കൊണ്ടുവരുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ വാഗ്ദ്ധാനം. ഓണ്‍ലൈന്‍ ചതികളില്‍ നിന്നും തങ്ങളുടെ കുട്ടികളെ രക്ഷിക്കണമെന്ന് നിരന്തരം രക്ഷിതാക്കള്‍ ആവശ്യപ്പെടുന്ന സാഹചര്യവും ഓസ്ട്രേലിയയില്‍ ഉണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.