കമല വിജയിച്ചാൽ ഇസ്രയേലിന് നിലനിൽപ്പ് ഉണ്ടാകില്ലെന്ന് ട്രംപ് ; സംവാദത്തിൽ അടിച്ചും തിരിച്ചടിച്ചും ട്രംപും കമലയും

കമല വിജയിച്ചാൽ ഇസ്രയേലിന് നിലനിൽപ്പ് ഉണ്ടാകില്ലെന്ന് ട്രംപ് ; സംവാദത്തിൽ അടിച്ചും തിരിച്ചടിച്ചും ട്രംപും കമലയും

വാഷിങ്ടൺ: മുൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡൻ്റ് കമല ഹാരിസും തമ്മിലുള്ള 90 മിനിറ്റ് നീണ്ടു നിന്ന വാശിയേറിയ സംവാദം പൂർത്തിയായി. ഇന്ത്യൻ സമയം രാവിലെ 6.30 ഓടെയാണ് ഫിലാഡൽഫിയയിൽ നടന്ന സംവാദത്തിന് തുടക്കമായത്. സാമ്പത്തികം, ഗർഭച്ഛിദ്രം, ഇസ്രായേൽ - ഗാസ, റഷ്യ - ഉക്രെയ്ൻ യുദ്ധങ്ങൾ, കുടിയേറ്റ നിയമങ്ങൾ എന്നീ വിഷയങ്ങളിൽ രണ്ട് സ്ഥാനാർത്ഥികളും പരസ്പരം കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. പ്രസി‍ഡൻ്റ് സ്ഥാനത്തേക്കുള്ള പോരാട്ടം ഇഞ്ചോടിഞ്ച് ആയതിനാൽ ഇരു സ്ഥാനാർഥികൾക്കും സംവാദത്തിലെ പ്രകടനം നിർണായകമാണ്.

താൻ അമേരിക്കൻ പ്രസിഡന്റ് ആയിരുന്നെങ്കിൽ ഇസ്രയേൽ ഹമാസ് യുദ്ധം ഒരിക്കലും നടക്കുമായിരുന്നില്ലെന്ന് ട്രംപ്. കമല ഹാരിസ് ഇക്കുറി വിജയിച്ചാൽ ഇസ്രായേലിന് നിലനിൽപ്പ് ഉണ്ടാകില്ലെന്നും ട്രംപ് പറയുന്നു. കമല ഹാരിസിന് ജൂതന്മാരെ വെറുപ്പാണെന്നും ട്രംപ് വിമർശിച്ചു.

” ഇസ്രയേലിനെ അങ്ങേയറ്റം വെറുക്കുന്ന ഒരാളാണ് കമല. അവർ പ്രസിഡന്റ് ആയാൽ രണ്ട് വർഷത്തിൽ കൂടുതൽ ഇസ്രായേലിന് നിലനിൽപ്പ് ഉണ്ടാകില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതേപോലെ അറബ് ജനതയയേും അവർ വെറുക്കുന്നു. താൻ പ്രസിഡന്റ് ആയിരുന്ന സമയത്ത് പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ ഇത്രയധികം ഉണ്ടായിരുന്നില്ലെന്നും, മേഖല ശാന്തമായിരുന്നുവെന്നും” ട്രംപ് അവകാശപ്പെട്ടു.

എന്നാൽ ട്രംപ് യാഥാർത്ഥ്യത്തെ മറച്ചുവച്ചു കൊണ്ടാണ് സംസാരിക്കുന്നതെന്ന് കമല ഹാരിസ് പറഞ്ഞു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും, ഈ നിലപാടാണ് എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ളതെന്നും കമല ഹാരിസ് വ്യക്തമാക്കി. ” ഇസ്രയേലിന് സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശവും ഉണ്ട്. എന്നാൽ യുദ്ധം അവസാനിപ്പിക്കണമെന്നത് മാത്രമാണ് നിലപാട്. യുദ്ധം അവസാനിക്കണമെങ്കിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കണം. അതിനായി ബന്ദികളായവരെ ഹമാസ് വിട്ടയയ്‌ക്കുകയും വേണം. ട്രംപ് എപ്പോഴും സ്വേച്ഛാധിപതികളെയാണ് ആരാധിക്കുന്നത്. അവരെപ്പോലെ ആകാനാണ് ട്രംപിന്റെ ശ്രമമെന്നും” കമല ഹാരിസ് ചൂണ്ടിക്കാട്ടി.

യുക്രെയ്ൻ - റഷ്യ യുദ്ധം സംബന്ധിച്ചും ട്രംപ് തന്റെ നിലപാട് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ തിരിച്ചെത്താനായാൽ 24 മണിക്കൂറിനുള്ളിൽ തന്നെ തർക്കം പരിഹരിക്കുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ” യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം ലക്ഷക്കണക്കിന് ആളുകളാണ് കൊല്ലപ്പെടുന്നത്. റഷ്യൻ പ്രസിഡന്റുമായും യുക്രെയ്‌നിന്റെ സെലൻസ്‌കിയുമായും ഞാൻ നല്ല ബന്ധമാണ് പുലർത്തുന്നത്. അതുകൊണ്ട് തന്നെ പ്രശ്‌ന പരിഹാരത്തിന് തനിക്ക് സാധിക്കുമെന്നും” ട്രംപ് പറഞ്ഞു.

അനധികൃത കുടിയേറ്റക്കാർ അമേരിക്കയുടെ ക്രമ സമാധാനത്തിന് വെല്ലുവിളിയാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അതിർത്തി കടന്നെത്തുന്ന കുടിയേറ്റക്കാരെ ട്രംപ് വിമർശിച്ചു. കുടിയേറ്റക്കാരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു ട്രംപിന്റെ പല പരാമർശങ്ങളും. യുഎസ് സംസ്ഥാനമായ ഒഹിയോയിൽ പുതിയ ഹെയ്തിയൻ കുടിയേറ്റക്കാർ പ്രദേശവാസികളുടെ “പൂച്ചകളെ തിന്നുന്നു” എന്ന അവകാശവാദം ട്രംപ് ആവർത്തിച്ചു. സ്പ്രിംഗ്ഫീൽഡിൽ അവർ നായ്ക്കളെ തിന്നുന്നു. അതിർത്തി കടന്നെത്തിയവർ പൂച്ചകളെ തിന്നുന്നു, അവർ അവിടെ താമസിക്കുന്ന ആളുകളുടെ വളർത്തുമൃഗങ്ങളെ തിന്നുന്നു. ഇതാണ് നമ്മുടെ രാജ്യത്ത് സംഭവിക്കുന്നതെന്ന് ട്രംപ് ആഞ്ഞടിച്ചു.

അഫ്ഗാനിസ്ഥാനിൽ നിന്ന് ബൈഡൻ ഭരണകൂടം പിന്മാറിയതിനെ ട്രംപ് വിമർശിച്ചു. ബൈഡൻ സ‍ർക്കാരിൻ്റെ തെറ്റായ സാമ്പത്തിക നയത്തിന് കമല ഹാരിസ് കൂടി ഉത്തരവാദിയാണെന്ന് ട്രംപ് വിമർശിച്ചു. പണപ്പെരുപ്പത്തിലടക്കം അമേരിക്ക മറ്റ് രാജ്യങ്ങളേക്കാൾ വളരെ പിന്നിലാണെന്ന് ട്രംപ് ആരോപിച്ചു. സാമ്പത്തിസ്ഥിതി ഭയാനകമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയിലെ ഗർഭച്ഛിദ്ര നിയമം, ട്രംപിനെതിരായ ക്രിമിനൽ കുറ്റങ്ങൾ എന്നിവയാണ് കമല ഹാരിസ് പ്രധാനമായും ആയുധമാക്കിയത്. ഒരു സ്ത്രീക്ക് അവരുടെ ശരീരത്തിലുള്ള അവകാശവും സ്വാതന്ത്ര്യവും അംഗീകരിക്കപ്പെടണം. ട്രംപ് പ്രസിഡൻ്റായാൽ ദേശീയ ഗർഭച്ഛിദ്ര നിരോധനത്തിൽ ഒപ്പുവെക്കുമെന്ന് കമലാ ഹാരിസ് ആരോപിച്ചു.

പ്രത്യുൽപാദന അവകാശങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ നയങ്ങൾ അമേരിക്കയിലെ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് കമല ഹാരിസ് പറഞ്ഞു. ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ഗർഭഛിദ്ര നയത്തിലെ ട്രംപിന്റെ നിലപാട്. എട്ടാം മാസത്തിലും ഒമ്പതാം മാസത്തിലും മാത്രമല്ല, ജനിച്ച ശേഷവും കുഞ്ഞിനെ ഇല്ലാതാക്കുന്നതാണ് കമല ഹാരിസിന്റെ നയമെന്ന് ട്രംപ് തിരിച്ചടിച്ചു.

മഹാമാന്ദ്യത്തിന് ശേഷമുള്ള യുഎസിലെ ഏറ്റവും മോശമായ തൊഴിലില്ലായ്മ പ്രതിസന്ധിയാണ് ട്രംപിന്റെ കാലത്ത് കണ്ടതെന്ന് കമല ഹാരിസ് അവകാശപ്പെട്ടു. അദ്ദേഹം അധികാരത്തിൽ നിന്നും പുറത്ത് പോയതിന് ശേഷം വന്ന തങ്ങളുടെ സർക്കാർ അതെല്ലാം ശരിയാക്കിയെന്നും വൈസ് പ്രസിഡന്റ് അവകാശപ്പെട്ടു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.