രാജ്യത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി ബി.ബി.സിക്ക്​ ചൈനയില്‍ വിലക്ക്​

രാജ്യത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി ബി.ബി.സിക്ക്​ ചൈനയില്‍ വിലക്ക്​

ബെയ്​ജിങ്​: അന്താരാഷ്​ട്ര വാര്‍ത്ത ചാനലായ ബി.ബി.സി വേള്‍ഡിന്​ വിലക്ക്​ ഏര്‍പ്പെടുത്തി ചൈന. ചൈനീസ്​ ബ്രോഡ്​കാസ്​റ്റിങ്​ ലിമിറ്റഡാണ്​ വിലക്ക്​ ഏര്‍പ്പെടുത്തിയത്​. ഉയിഗൂര്‍ മുസ്ലിംകളെ സംബന്ധിച്ച്‌​ വിവാദപരമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്​തതിലൂടെ രാജ്യത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ വിലക്ക്​. യു​.കെ നിയമം ലംഘിച്ചതിന്​ ചൈനീസ്​ ബ്രോഡ്​കാസ്റ്ററായ സി.ജി.ടി.എന്‍ നെറ്റ്​വര്‍ക്കിന്റെ ലൈസന്‍സ്​ ബ്രിട്ടന്‍ റെഗുലേറ്റര്‍ അസാധുവാക്കിയതിന്​ പിന്നാലെയാണ്​ ചൈനയുടെ നടപടി.

ചൈനയിലെ സംപ്രേക്ഷണ മാര്‍ഗനിര്‍ദേശങ്ങളില്‍ ബി.ബി.സി ഗുരുതര ലംഘനം നടത്തിയതായി നാഷണൽ റേഡിയോ ആന്‍ഡ്​ ടെലിവിഷന്‍ അഡ്മിനിസ്​ട്രേഷന്‍ അറിയിച്ചു. വാര്‍ത്തകള്‍ സത്യസന്ധവും നീതിയുക്തവുമാകണമെന്നും ചൈനയുടെ ദേശീയ താല്‍പര്യങ്ങള്‍ക്ക്​ ദോഷം വരുന്നതാകരുതെന്നും പറയുന്നു. ചൈനയില്‍ ബി.ബി.സിക്ക്​ പ്രക്ഷേപണം തുടരാന്‍ അനുവാദമില്ലെന്നും പ്രക്ഷേപണത്തിനുള്ള പുതിയ വാര്‍ഷിക അപേക്ഷ സ്വീകരിക്കില്ലെന്നും ചൈനീസ്​ അധികൃതര്‍ വ്യക്തമാക്കി.

ചൈനയുടെ നടപടി നിരാശാജനകം എന്നായിരുന്നു ബി.ബി.സിയുടെ പ്രതികരണം. അതേസമയം, ബി.ബി.സിക്ക്​ വിലക്ക്​ ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ യു.എസ്​ വക്താവ്​ രംഗത്തെത്തി. ജനങ്ങള്‍ക്ക്​ മാധ്യമ, ഇന്‍റര്‍നെറ്റ്​ സൗകര്യം പൂര്‍മായും ലഭ്യമാക്കാതെ തടഞ്ഞുവെക്കുന്നത്​ ശരിയല്ലെന്നായിരുന്നു പ്രതികരണം.

ചൈനയിലെ മിക്കവാറും ടി വി ചാനല്‍ പാക്കേജുകളിലും ബി ബി സി ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഹോട്ടലുകളിലും റെസിഡന്‍സ് ഏരിയകളിലും ബി ബി സി ലഭ്യമായിരുന്നു. ചൈനയുടെ നടപടി നിരാശാജനകമാണെന്നായിരുന്നു ബി ബി സിയുടെ പ്രതികരണം. ബി ബി സി നിരോധിച്ചത് മാധ്യമ സ്വാതന്ത്രത്തിന്മേലുളള കടന്നുകയറ്റമാണെന്നും അതുകൊണ്ടു തന്നെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പ്രതികരിച്ചു.

മാധ്യമ-ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന്മേല്‍ ഏറ്റവും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ഈ പുതിയ നടപടി ലോകത്തിന് മുൻപിൽ ചൈനയുടെ സ്ഥാനത്തിന് കോട്ടമുണ്ടാക്കുകയേയുളളൂവെന്നും ഡൊമിനിക് റാബ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.