റിപ്പബ്ലിക്കന്‍ പാര്‍ട്ടി പിളര്‍പ്പിലേക്ക്; അമേരിക്കയില്‍ ട്രംപ് വിരുദ്ധരുടെ പുതിയ പാര്‍ട്ടി വരുന്നു

 റിപ്പബ്ലിക്കന്‍ പാര്‍ട്ടി പിളര്‍പ്പിലേക്ക്; അമേരിക്കയില്‍ ട്രംപ് വിരുദ്ധരുടെ പുതിയ പാര്‍ട്ടി വരുന്നു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പിളര്‍ത്തി മറ്റൊരു പാര്‍ട്ടിയുടെ രൂപീകരണത്തിനുള്ള നീക്കം സജീവം. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അംഗീകരിക്കാത്ത ഒരു വിഭാഗം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ് ഇതിന് പിന്നില്‍. ഇതേപ്പറ്റി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ 120 ലധികം പേര്‍ പങ്കെടുത്തു.

ഭരണഘടനയെ ബഹുമാനിക്കുകയും നിയമവാഴ്ച പാലിക്കുകയും ചെയ്യുന്ന, യഥാര്‍ത്ഥ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വേദി എന്നതാണ് സംഘാടകരുടെ ലക്ഷ്യം. ട്രംപിന്റെ പല ആശയങ്ങളോടും മുമ്പ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളവരാണ് ട്രംപ് വിരുദ്ധ പാര്‍ട്ടിയുടെ രൂപീകരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

ഇന്റഗ്രിറ്റി പാര്‍ട്ടി, സെന്റര്‍ റൈറ്റ് പാര്‍ട്ടി എന്നീ പേരുകള്‍ സജീവ പരിഗണനയിലുണ്ട്. പുതിയ പാര്‍ട്ടിക്ക് പകരം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒരു ഫ്രാക്ഷനാണ് രൂപീകരിക്കുന്നതെങ്കില്‍ സെന്റര്‍ റൈറ്റ് റിപ്പബ്ലിക്കന്‍ എന്ന പേരിനാണ് സാധ്യത. ഇനി വരുന്ന മല്‍സരങ്ങളില്‍ സ്വന്തമായി സ്ഥാനാര്‍ത്ഥികളെ നിറുത്തുക എന്നാണ് ലക്ഷ്യം.സ്വന്തം സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ റിപ്പബ്ലിക്കന്‍, സ്വതന്ത്രര്‍, ഡെമോക്രാറ്റുകള്‍ എന്നിങ്ങനെയുള്ള സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കും.

ഹൗസ് റിപ്പബ്ലിക്കന്‍ കോണ്‍ഫറന്‍സ് മുഖ്യ പോളിസി ഡയറക്ടറും 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര മത്സരാര്‍ത്ഥിയും ആയിരുന്ന ഇവാന്‍ മാക് മുള്ളിന്‍ ആയിരുന്നു വെള്ളിയാഴ്ചത്തെ മീറ്റിംഗില്‍ പങ്കെടുത്ത ശ്രദ്ധേയ വ്യക്തിത്വം.

കൂടാതെ ട്രംപിന് കീഴിലുണ്ടായിരുന്ന ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ ജനറല്‍ കൗണ്‍സിലര്‍ ജോണ്‍ മിറ്റ്‌നിക്, ആഭ്യന്തര സുരക്ഷാ വകുപ്പിലെ ഡെപ്യൂട്ടി ചീഫ് എലിസബത്ത് ന്യൂമാന്‍, ട്രംപിന്റെ മറ്റൊരു മുന്‍ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥനായ മൈല്‍സ് ടെയ്ലര്‍, മുന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ചാര്‍ലി ഡെന്റ് എന്നിവരൊക്കെ ട്രംപ് വിരുദ്ധ പാര്‍ട്ടിയുടെ ആലോചനാ യോഗത്തില്‍ പങ്കെടുത്തു.

ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയാഘോഷ വേളയില്‍ ആയിരക്കണക്കിന് അനുയായികളെ കാപ്പിറ്റോളിലേക്ക് മാര്‍ച്ച് ചെയ്യിപ്പിച്ച് പ്രക്ഷോഭം നടത്തിയെന്നാരോപിച്ച് ജനുവരി 13 ന് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. എന്നാല്‍ ഈ ആഴ്ച സെനറ്റില്‍ നടക്കുന്ന ഇംപീച്ച്മെന്റ് വിചാരണയില്‍ ട്രംപിനെ ശിക്ഷിക്കുന്നതിനെ പിന്തുണയ്ക്കില്ലെന്ന് മിക്ക റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും സൂചിപ്പിച്ചിട്ടുണ്ട്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം അംഗങ്ങളും അമേരിക്കന്‍ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തിയെന്ന് മക് മുള്ളിന്‍ കുറ്റപ്പെടുത്തി. സത്യം, ന്യായം, ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങള്‍ എന്നിവയിലേയ്ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വീണ്ടും പ്രവേശിക്കേണ്ടതുണ്ടന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.