ദിലി: 'നിങ്ങൾ കുറേശെ ബഹളമുണ്ടാക്കിക്കൊള്ളൂ, എന്നാൽ, നിങ്ങളുടെ മുതിർന്നവർ പറയുന്നത് കേൾക്കുകയും അവരെ ബഹുമാനിക്കുകയും വേണം.' കിഴക്കൻ തിമോറിൻ്റെ തലസ്ഥാനനഗരമായ ദിലിയിൽ, ബുധനാഴ്ച യുവജനങ്ങൾക്കായി അനുവദിച്ച അഭിമുഖത്തിൽ അവർക്ക് ഇപ്രകാരം ഒരു ഉപദേശം നൽകിക്കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സംഭാഷണം ആരംഭിച്ചത്.
കിഴക്കൻ തിമോറിലേയ്ക്കുള്ള ത്രിദിന അപ്പസ്തോലിക യാത്രയുടെ സാമാപനത്തിലാണ് പരിശുദ്ധ പിതാവ് ആ രാജ്യത്തെ യുവജനങ്ങളെ അഭിസംബോധന ചെയ്ത് അവരോട് സംസാരിച്ചത്. തങ്ങളുടെ വിശ്വാസം ജീവിക്കാൻ അവർ കാണിക്കുന്ന ഉത്സാഹത്തെ മാർപാപ്പ എടുത്തുപറയുകയും പ്രശംസിക്കുകയും ചെയ്തു. പതിനാല് ലക്ഷത്തോളം വരുന്ന രാജ്യത്തെ ജനസംഖ്യയിൽ 95 ശതമാനത്തോളം കത്തോലിക്കാ വിശ്വാസികളാണെന്നും അവരിൽ ഭൂരിഭാഗവും യുവജനങ്ങളാണെന്നുമുള്ള വസ്തുത പാപ്പാ ചൂണ്ടിക്കാട്ടി.
തിമോറിലെ ജനങ്ങളുടെ മുഖത്തു വിടരുന്ന പുഞ്ചിരി തന്റെ ഓർമ്മയിൽനിന്ന് ഒരിക്കലും മാഞ്ഞുപോകില്ലെന്ന് മാർപാപ്പാ പറഞ്ഞു. യുവത്വത്തിന്റെ ആനന്ദത്തോടെ മുന്നോട്ട് പോകാൻ അവർക്കു സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. എന്നാൽ, രാജ്യത്തിന് അടിസ്ഥാനമിട്ടവരായ അവരുടെ പൂർവികരെയും അതിനുവേണ്ടി അവർ സഹിച്ച ത്യാഗങ്ങളെയും ഒരിക്കലും മറക്കരുതെന്നും പരിശുദ്ധ പിതാവ് യുവജനങ്ങളോട് ആവശ്യപ്പെട്ടു.
ഒരു സമൂഹത്തിലെ രണ്ട് നിധികളാണ് ചെറുപ്പക്കാരും പ്രായമായവരും. അതിനാൽ, അവരുടെ സമൂഹത്തിലെ ചെറുപ്പക്കാരെക്കുറിച്ച് കരുതലുണ്ടായിരിക്കുകയും പ്രായമായവരെ ബഹുമാനിക്കുകയും പരിരക്ഷിക്കുകയും വേണം.
തിമോറിലെ തേതും ഭാഷയിലുള്ള 'ഉകുൻ റാസിക്-ആൻ' എന്ന പഴമൊഴിയെപ്പറ്റി മാർപാപ്പാ പരാമർശിച്ചു. 'തന്നെതന്നെ നിയന്ത്രിക്കാൻ കെൽപ്പുള്ളവരാകുക' എന്നാണ് ആ പഴമൊഴിയുടെ അർത്ഥം. അതിൻ്റെ ശരിയായ അർത്ഥവും ലക്ഷ്യവും അവർ തങ്ങളുടെ ജീവിതത്തിൽ പകർത്തണമെന്ന് പാപ്പാ അവരോട് പറഞ്ഞു.
സ്വാതന്ത്ര്യം, സാഹോദര്യം, പ്രതിബദ്ധത എന്നീ മൂല്യങ്ങളെ കുറിച്ച് പരിശുദ്ധ പിതാവ് അവരോട് സംക്ഷിപ്തമായി സംസാരിച്ചു. 'സ്വതന്ത്രരായിരിക്കുക എന്നതിൻ്റെ അർത്ഥം നമുക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യുക എന്നല്ല മറിച്ച്, മറ്റുള്ളവരെ ബഹുമാനിക്കുകയും നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കുകയും ചെയ്യുക എന്നാണ് ' - പാപ്പാ വിശദീകരിച്ചു. സാഹോദര്യം എന്ന മൂല്യത്തിൽ വളരണമെങ്കിൽ, അനുരഞ്ജനം ഏറെ പ്രാധാന്യമർഹിക്കുന്നു എന്ന കാര്യവും പാപ്പാ അവരെ ഓർമ്മപ്പെടുത്തി.
'ഈ പുഞ്ചിരിക്കുന്ന രാജ്യത്ത്, നിങ്ങൾക്ക് നിങ്ങളുടേതായ ധീരതയുടെയും വിശ്വസ്തതയുടെയും രക്തസാക്ഷിത്വത്തിന്റെയും എല്ലാറ്റിനുമുപരി, വിശ്വാസത്തിന്റെയും അനുരഞ്ജനത്തിൻ്റെയും അത്ഭുതകരമായ ഒരു ചരിത്രമുണ്ട്' - പാപ്പാ പറഞ്ഞു. യേശു കാണിച്ചുതന്ന ക്ഷമയുടെയും അനുരഞ്ജനത്തിൻ്റെതുമായ മാതൃക തുടർന്നുകൊണ്ടുപോകണമെന്ന് തിമോറിലെ യുവജനങ്ങളെ പാപ്പ ഉദ്ബോധിപ്പിച്ചു. രാജ്യത്തിനും ദൈവജനത്തിനുമായി അവർ ചെയ്യുന്ന എല്ലാ നന്മകൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് മാർപാപ്പ കൂടിക്കാഴ്ച അവസാനിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.