കാന്‍ബറ: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഓസ്ട്രേലിയന്‍ മന്ത്രി. കാലാവസ്ഥാ വ്യതിയാന ഊര്‍ജ മന്ത്രി ക്രിസ് ബോവനാണ് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ നടന്ന സമ്മേളനത്തില്‍ വംശീയ-മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികളിലും ആക്രമണങ്ങളിലും തന്റെ ആശങ്ക രേഖപ്പെടുത്തിയത്. എല്ലാ ബംഗ്ലാദേശികള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ് സര്‍ക്കാരിന്റെ പതനവും തുടര്‍ന്നുള്ള അക്രമ സംഭവങ്ങളും ഉള്‍പ്പെടെ സമീപകാല സാഹചര്യങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണ്. 725 വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 724 എണ്ണം കൊള്ളയടിക്കപ്പെട്ടു, 58 എണ്ണം അഗ്നിക്കിരയാക്കി, 17 ആരാധനാലയങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തി എന്നിങ്ങനെ വ്യാപകമായ നാശനഷ്ടങ്ങള്‍, കൊള്ളകള്‍, ആക്രമണങ്ങള്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ ബോവന്‍ പാര്‍ലമെന്റില്‍ ഉദ്ധരിച്ചു.
ബംഗ്ലാദേശിലെ മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന പ്രത്യേക ആക്രമണങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. താനും വെസ്റ്റേണ്‍ സിഡ്‌നിയില്‍ നിന്നുള്ള മറ്റ് സഹപ്രവര്‍ത്തകരും ഈ ആശങ്കകള്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്ങിനോട് ഉന്നയിച്ചിട്ടുണ്ടെന്നും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശസ്ത ബംഗ്ലാദേശി ഗായകന്‍ രാഹുല്‍ ആനന്ദിന്റെ 140 വര്‍ഷം പഴക്കമുള്ള വീട് കലാപകാരികള്‍ ആക്രമിച്ച സംഭവവും ബോവന്‍ പരാമര്‍ശിച്ചു. ബംഗ്ലാദേശി സമൂഹത്തിലെ വളരെ പ്രശസ്തനായ സംഗീതജ്ഞനാണ് രാഹുല്‍ ആനന്ദ. അദ്ദേഹത്തിന്റെ വീട് മുമ്പ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സന്ദര്‍ശിച്ചിരുന്നു. ആക്രമണത്തിന് ശേഷം ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്യാന്‍ രാഹുല്‍ നിര്‍ബന്ധിതനായി.
ബംഗ്ലാദേശ് കമ്മ്യൂണിറ്റിയില്‍ നിന്നുള്ള 46 നേതാക്കളും അവരുടെ ആശങ്കകള്‍ അടുത്തിടെ നടന്ന സമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ ശ്രമങ്ങളെയും അദ്ദേഹം പിന്തുണച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.