സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ക്ക് പിഴയീടാക്കാന്‍ ഓസ്‌ട്രേലിയ; 'ഫാസിസ്റ്റ്' ഭരണകൂടമെന്ന് ഇലോണ്‍ മസ്‌ക്

സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ക്ക് പിഴയീടാക്കാന്‍ ഓസ്‌ട്രേലിയ; 'ഫാസിസ്റ്റ്' ഭരണകൂടമെന്ന് ഇലോണ്‍ മസ്‌ക്

ന്യൂയോര്‍ക്ക്: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെ ഫാസിസ്റ്റ് ഭരണകൂടമെന്ന് വിശേഷിപ്പിച്ച് ടെസ്ല, സ്‌പേസ് എക്‌സ് സി.ഇ.ഒ ഇലോണ്‍ മസ്‌ക്. സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതില്‍ പരാജയപ്പെടുന്ന പ്ലാറ്റ്‌ഫോമുകള്‍ക്ക് പിഴ ചുമത്താനുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ സുപ്രധാനമായ തീരുമാനത്തില്‍ അതൃപ്തി അറിയിച്ചുകൊണ്ടായിരുന്നു മസ്‌കിന്റെ പ്രതികരണം. ഇതിനു പിന്നാലെ മസ്‌കിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

സോഷ്യല്‍ മീഡിയയില്‍ ഡീപ്ഫേക്ക് ഉള്ളടക്കങ്ങള്‍, കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങള്‍, കൊലപാതകങ്ങളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് പ്ലാറ്റ്‌ഫോമുകള്‍ക്ക് പിഴ ചുമത്താന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച്, തെറ്റായ പ്രചരണം നടത്തുന്നവരെ തടയുന്നതില്‍ പരാജയപ്പെട്ട പ്ലാറ്റ്ഫോമുകള്‍ക്ക് അവരുടെ വാര്‍ഷിക വരുമാനത്തിന്റെ അഞ്ച് ശതമാനം പിഴയായി ചുമത്താം. ഇതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയിലെ ലേബര്‍ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിനെ മസ്‌ക് ഫാസിസ്റ്റ് ഭരണകൂടമെന്ന് വിളിച്ചത്.

പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി വ്യാഴാഴ്ച നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു. നേരത്തെ മാധ്യമ പ്രവര്‍ത്തകര്‍-സ്ഥാപനങ്ങള്‍, പൗരാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷം ഈ കരട് നിയമം റദ്ദാക്കിയിരുന്നു. എന്നാല്‍ പിന്നീട് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി മിഷേല്‍ റോളണ്ട് നിയമം അംഗീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിലെ പ്രചാരണം ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഈ പ്രശ്നം രൂക്ഷമാകാന്‍ അനുവദിക്കുകയില്ലെന്നും മിഷേല്‍ റോളണ്ട് വ്യക്തമാക്കി. തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ നിയമത്തെ സംബന്ധിച്ചുള്ള പോസ്റ്റിനോട് മസ്‌ക് എക്‌സില്‍ ഒറ്റവാക്കില്‍ പ്രതികരിച്ചത്.

ഓസ്ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഓസ്ട്രേലിയന്‍ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി മിഷേല്‍ റോളണ്ട് മുന്നറിയിപ്പ് നല്‍കി. 'ഈ ബില്‍ സമൂഹ മാധ്യമങ്ങളുടെ ഉപയോക്താക്കള്‍ക്ക് സുതാര്യതയും ഉത്തരവാദിത്തവും വാഗ്ദാനം ചെയ്യുന്നു' - റോളണ്ട് റോയിട്ടേഴ്സിനോട് പറഞ്ഞു.

ഓസ്‌ട്രേലിയന്‍ മന്ത്രിയായ ബില്‍ ഷോര്‍ട്ടണ്‍ മസ്‌കിന്റെ പ്രതികരണത്തില്‍ പൊരുത്തക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. മസ്‌കിന്റെ നീക്കങ്ങള്‍ മുഴുവന്‍ വാണിജ്യ താത്പര്യങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയുടെ അസിസ്റ്റന്റ് ട്രഷറര്‍ സ്റ്റീഫന്‍ ജോണ്‍സും ഇലോണ്‍ മസ്‌കിനെ വിമര്‍ശിച്ച് പ്രതികരിച്ചു. തങ്ങളുടെ തീരുമാനവും അംഗീകാരം നല്‍കിയ നിയമവും ദേശീയ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് സ്റ്റീഫന്‍ പറഞ്ഞു.

ഇതിനു മുമ്പും അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരും മസ്‌കും കൊമ്പുകോര്‍ത്തിട്ടുണ്ട്. സിഡ്നിയില്‍ കൗമാരക്കാരന്‍, ബിഷപ്പിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ട സൈബര്‍ റെഗുലേറ്ററിന്റെ വിധിക്കെതിരെ പോരാടാന്‍ 'എക്സ്' കോടതിയിലെത്തി. ആ സംഭവത്തില്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി മസ്‌കിനെ 'അഹങ്കാരിയായ കോടീശ്വരന്‍' എന്ന് പരാമര്‍ശിച്ചിരുന്നു. നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതനാണ് താനെന്നാണ് മസ്‌ക് കരുതുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.