'തരം താഴ്ന്ന രാഷ്ട്രീയം കളിച്ച് ഉള്ള സഹായം കളയരുത്': വയനാടിന് കേന്ദ്ര ധനസഹായം ഉടന്‍ ലഭ്യമാക്കണം; സീറോ മലബാര്‍ സഭാ അല്‍മായ ഫോറം

'തരം താഴ്ന്ന രാഷ്ട്രീയം കളിച്ച് ഉള്ള സഹായം കളയരുത്': വയനാടിന് കേന്ദ്ര ധനസഹായം ഉടന്‍ ലഭ്യമാക്കണം; സീറോ മലബാര്‍ സഭാ അല്‍മായ ഫോറം

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കേരളം മുഴുവന്‍ പിന്തുണ നല്‍കണമെന്ന് സീറോ മലബാര്‍ സഭാ അല്‍മായ ഫോറം.

വയനാടിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങളെ കേരളം ഒന്നാകെ പിന്തുണയ്ക്കണം. തൃശൂര്‍ എം.പിക്കും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്കും ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വം ഉണ്ട്. സങ്കുചിത രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി വയനാട് ദുരന്തത്തെ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ പൊതുജനങ്ങള്‍ തിരിച്ചറിയണം. അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി വയനാടിനുള്ള സഹായം വൈകിപ്പിക്കരുത്. സ്വാഭാവിക നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ ഇടപെടണം.

നൂറ് കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടപ്പെടുകയും അനേകം വീടുകളും കൃഷിയിടങ്ങളും ഒലിച്ച് പോകുകയും ചെയ്ത വയനാടിന് കേന്ദ്ര സഹായം ഇനിയും വൈകുന്നത് നീതീകരിക്കാനാവില്ല. തരം താഴ്ന്ന രാഷ്ട്രീയം കളിച്ച് ഉള്ള സഹായം കളയരുത്. കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്ന രീതിയിലുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കണം. ഇത് സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണ്.

വയനാടിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ഉദേശിച്ചുള്ളതാണ്. ദുരന്ത ബാധിതര്‍ക്ക് അര്‍ഹതപെട്ട സഹായം ലഭിക്കാന്‍ രാഷ്ട്രീയം മാറ്റി വച്ച് ഒന്നിച്ചു നില്‍ക്കാന്‍ കേന്ദ്ര മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ തയ്യറാകണം.

വയനാട് ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിലും ദുരിതബാധിതരെ സഹായിക്കുന്നതിലും കേരളീയ സമൂഹം മത, ജാതി, കക്ഷിരാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവച്ച് ഒരു മെയ്യായ് നിന്ന് പ്രവര്‍ത്തിച്ചിരുന്നു.അതുപോലെ കേന്ദ്ര സഹായം വയനാടിന് പ്രാപ്യമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിക്കണം. ഉരുള്‍പൊട്ടലുണ്ടായ വയനാടിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഉടന്‍ ധനസഹായം ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സീറോ മലബാര്‍ സഭാ അല്‍മായ ഫോറം അഭ്യര്‍ത്ഥിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.