ലെബനനില്‍ വന്‍ സ്‌ഫോടന പരമ്പര; പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു, 4,000 പേര്‍ക്ക് പരിക്ക്

ലെബനനില്‍ വന്‍ സ്‌ഫോടന പരമ്പര; പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു, 4,000 പേര്‍ക്ക് പരിക്ക്

ജറുസലേം: ലെബനനെ നടുക്കി വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. ഹിസ്ബുള്ള സംഘാംഗങ്ങള്‍ ഉപയോഗിക്കുന്ന പേജറുകള്‍ വിവിധയിടങ്ങളില്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടെന്നാണ് വിവരം. ഹിസ്ബുള്ള അംഗങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്താന്‍ വാങ്ങിയ ഉപകരണങ്ങളാണ് പൊട്ടിത്തെറിച്ചത്.

11 പേര്‍ കൊല്ലപ്പെടുകയും 4000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. 400 പേരുടെ നില ഗുരുതരമാണ്. ലെബനനിലെ ഇറാന്‍ സ്ഥാനപതി മൊജ്തബ അമാനിക്കും ഹിസ്ബുള്ളയുടെ ഉന്നത നേതാക്കളുമടക്കമുള്ളവര്‍ക്കും പരിക്കേറ്റു. പേജറുകള്‍ പൊട്ടിത്തെറിക്കുന്നതിന്റെ ചിലയിടങ്ങളില്‍ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ആസൂത്രിതമായി നടന്നെന്ന് കരുതുന്ന ആക്രമണത്തിന് പിന്നില്‍ ഇസ്രയേലെന്നാണ് ഹിസ്ബുള്ളയുടെ ആരോപണം. ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ളയും ഇസ്രയേലുമായി യുദ്ധത്തിലാണ്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള വാര്‍ത്താക്കുറിപ്പിലൂടെ പ്രഖ്യാപിച്ചു.

പേജറുകള്‍ പൊട്ടിത്തെറിച്ചതിനെക്കുറിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും സുരക്ഷ വര്‍ധിപ്പിച്ചതായും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

ഇറാന്‍ പിന്തുണയുള്ള ലെബനീസ് സായുധ സംഘമാണ് ഹിസ്ബുള്ള. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ ശത്രുവിന് ലൊക്കേഷന്‍ കണ്ടെത്തി ആക്രമിക്കാന്‍ എളുപ്പമാകുമെന്ന് കരുതിയാണ് പഴയകാല പേജര്‍ യന്ത്രങ്ങള്‍ ഹിസ്ബുള്ള ഇപ്പോഴും ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ആയിരക്കണക്കിന് യന്ത്രങ്ങളാണ് ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്.

ഇതോടെ ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല തകര്‍ക്കപ്പെട്ടു. തീര്‍ത്തും അപ്രതീക്ഷിതവും ഇതുവരെ ഉണ്ടായിട്ടില്ലാത്തതുമായ ഈ ആക്രമണം ആസൂത്രിതമെന്നാണ് ഹിസ്ബുള്ള വിലയിരുത്തുന്നത്. പിന്നാലെ തങ്ങളുടെ പ്രഖ്യാപിത ശത്രു ഇസ്രയേലിന് നേരെ അവര്‍ ആരോപണവും ഉന്നയിച്ചു. കഴിഞ്ഞ മാസമാണ് ഹിസ്ബുള്ള പുതിയ യന്ത്രങ്ങള്‍ കൊണ്ടുവന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.