‘തേജസ്’ യുദ്ധ വിമാനം പറപ്പിക്കാൻ രാജ്യത്തെ ആദ്യ വനിതാ പൈലറ്റ് ; മോഹന സിങ് അഭിമാനമാവുന്നു

‘തേജസ്’ യുദ്ധ വിമാനം പറപ്പിക്കാൻ രാജ്യത്തെ ആദ്യ വനിതാ പൈലറ്റ് ; മോഹന സിങ് അഭിമാനമാവുന്നു

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസ് യുദ്ധ വിമാനം പറത്താൻ ഇന്ത്യയുടെ പെൺകരുത്ത്. ഇതോടെ തേജസ് പറത്താൻ അനുമതി ലഭിച്ച രാജ്യത്തെ ആദ്യത്തെ വനിതാ യുദ്ധ വിമാന പൈലറ്റായി സ്‌ക്വാഡ്രൺ ലീഡർ മോഹന സിങ് മാറി.

എട്ട് വർഷം മുമ്പ് ഫൈറ്റർ സ്ക്വാഡ്രണിൽ ഉൾപ്പെട്ട ആദ്യത്തെ വനിതാ ഫൈറ്റർ പൈലറ്റായിരുന്നു അവർ. മോഹന സിങ് ഉൾപ്പെടെ മൂന്ന് വനിതാ പൈലറ്റുമാർ വ്യോമസേനയുടെ ഫൈറ്റർ സ്ട്രീമുകളുടെ ഭാഗമായിരുന്നു. അവ്നി ചതുർവേദി, ഭാവനാ കാന്ത് എന്നിവരായിരുന്നു മറ്റ് രണ്ടുപേർ.

ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസ്, 4.5-ജനറേഷനില്‍ പെട്ട വിവിധോദ്ദേശ്യ യുദ്ധ വിമാനമാണ്. കാര്യക്ഷമമായ വ്യോമാക്രമണം നടത്തുന്നതിനും കരമാര്‍ഗമുള്ള സൈനിക ദൗത്യങ്ങള്‍ക്ക് ആകാശത്ത് നിന്ന് പിന്തുണ നല്‍കുന്നതിനുമായാണ് തേജസ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

തേജസ് വിമാനങ്ങളുടെ രണ്ട് സ്‌ക്വാഡ്രണുകളാണ് വ്യോമസേനയിലുള്ളത്. ഫ്‌ളൈയിങ് ഡാഗ്ഗേഴ്‌സ് (പറക്കും കഠാര) എന്നറിയപ്പെടുന്ന 45-ാം നമ്പര്‍ സ്‌ക്വാഡ്രണിലും ഫ്‌ളൈയിങ് ബുള്ളറ്റ്‌സ് (പറക്കും വെടിയുണ്ട) എന്നറിയപ്പെടുന്ന 18-ാം നമ്പര്‍ സ്‌ക്വാഡ്രണിലുമാണ് തേജസ് വിമാനങ്ങള്‍ ഉപയോഗിക്കുന്നത്.

‌അടുത്തിടെ രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന തരംഗ ശക്തി സൈനികാഭ്യാസത്തിൽ മോഹന സിങും പങ്കെടുത്തിരുന്നു. മൂന്ന് സായുധ സേനാ ഉപമേധാവികൾക്കുമൊപ്പം വിമാനം പറത്തി ചരിത്രം കുറിക്കാൻ മോഹനയ്‌ക്കായി. ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയായ ഇന്ത്യൻ എയർഫോഴ്‌സിൽ (IAF) നിലവിൽ 20 ഓളം വനിതാ യുദ്ധവിമാന പൈലറ്റുമാരാണുള്ളത്. 2016 ലാണ് യുദ്ധ വിമാനങ്ങൾ പറത്താനും വനിതാ പൈലറ്റുമാർക്ക് അവസരം നൽകുന്ന ചരിത്രപരമായ തീരുമാനമുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.