ഫാ. ജോർജ് കരിന്തോളിൽ എം.സി.ബി.എസ് അന്തരിച്ചു

ഫാ. ജോർജ് കരിന്തോളിൽ എം.സി.ബി.എസ് അന്തരിച്ചു

കൊച്ചി: ധ്യാനങ്ങളിലൂടെയും കൗൺസിലിങ്ങിലൂടെയും ലക്ഷക്കണക്കിന് ആളുകളെ പുതുജീവിതത്തിലേക്ക് നയിച്ച ഫാ. ജോർജ് കരിന്തോളിൽ എം.സി.ബി.എസ് അന്തരിച്ചു. കരൾസംബന്ധമായ അസുഖം മൂലം ആലുവ രാജഗിരി ആശുപത്രിയിലായിരുന്ന ഫാ. ജോർജ് കരിന്തോളിൽ ഇന്നലെ പുലർച്ചെയാണ് മരണപ്പെട്ടത്. കരുണയുടെയും ആത്മീയതയുടെയും ആചാര്യനായിരുന്ന കരിന്തോളിലച്ചന്റെ മരണം കേരള കത്തോലിക്കാ സഭയ്ക്ക് വലിയ നഷ്ടമാണ്.

2012 മുതൽ ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ പരം പ്രസാദ് പ്രോവിൻസിന്റെ കാലടിയിലുള്ള ധ്യാനാശ്രമത്തിലായിരുന്ന ഫാദർ ദിവ്യകാരുണ്യ ധ്യാനങ്ങൾക്ക് നേതൃത്വം നൽകുകയും ആളുകൾക്ക് ആത്മീയ ഉപദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.

കരിന്തോളിൽ വർക്കി – ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1953 ഫെബ്രുവരി മൂന്നിനായിരുന്ന് അച്ചന്റെ ജനനം. 1969 ജൂൺ ഒന്നിനാണ് എം. സി. ബി. എസ്. സഭയിൽ ചേർന്നത്. 1972 മെയ് മാസം 17-ാം തീയതി ആദ്യ വ്രതവാഗ്ദാനവും 1977 മെയ് മാസം 17-ാം തീയതി നിത്യവ്രതവാഗ്ദാനവും നടത്തി. 1978 ഡിസംബർ രണ്ടിന് കർദിനാൾ മാർ ജോസഫ് പാറേക്കാട്ട് പിതാവിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു.

2017 മുതൽ കരൾസംബന്ധമായ അസുഖം അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും തന്റെ ആത്മീയ ശുശ്രൂഷകൾക്ക് മുടക്കം വരുത്തിയില്ല. ആശുപത്രിക്കിടക്കയിൽവച്ചു പോലും തന്റെ രോഗം പരിഗണിക്കാതെ അടുത്തെത്തിയിരുന്നവർക്ക് ഫാ. ജോർജ് കരിന്തോളിൽ ആശ്വാസം പകർന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.