ന്യൂയോര്‍ക്ക്: ടൈറ്റാനിക് കപ്പലിന്റെ ശേഷിപ്പുകള്‍ കാണാനുള്ള യാത്രയ്ക്കിടെ തകര്‍ന്ന ടൈറ്റന്‍ പേടകം പൊട്ടിത്തെറിച്ചതിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഎസ് കോസ്റ്റ് ഗാര്‍ഡ്. കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുപരിപാടിയിലാണ് കോസ്റ്റ് ഗാര്‍ഡ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇതോടാപ്പം പേടകത്തിന്റെ മാതൃകപ്പലായ പോളാര്‍ പ്രിന്‍സിന് അയച്ച അവസാന സന്ദേശവും കോസ്റ്റ്ഗാര്‍ഡ് പുറത്തുവിട്ടു. 'ഓള്‍ ഗുഡ് ഹിയര്‍' (ഇവിടെ എല്ലാം ശുഭം) എന്ന സന്ദേശമായിരുന്നു അവസാന സന്ദേശം. കടലിനടിയില്‍ നിന്നുള്ള പേടകത്തിന്റെ വാലറ്റത്തിന്റെ വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്.
ടൈറ്റന്‍ പേടകത്തിന്റെ വാലറ്റത്തില്‍ നിന്നാണ് ഇതിന്റെ തകര്‍ച്ചയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. 12500 അടി ആഴത്തില്‍ നിന്നാണ് പേടകത്തിന്റെ വാലറ്റം കണ്ടെത്തിയത്. മഞ്ഞുമലയുമായി കൂട്ടിയിടിച്ച് തകര്‍ന്ന ടൈറ്റാനിക്ക് കപ്പല്‍ കാണാനായുള്ള യാത്രയിലാണ് ടൈറ്റന്‍ പേടകം തകര്‍ന്നത്. ഓഷ്യന്‍ ഗേറ്റ് സി.ഇ.ഒ ഉള്‍പ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഓഷ്യന്‍ ഗേറ്റ് കമ്പനിയുടെ സി.ഇ.ഒ സ്റ്റോക്റ്റന്‍ റഷിനെ കൂടാതെ, ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്ഥാനി അതിസമ്പന്ന വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍, ഫ്രഞ്ച് പര്യവേക്ഷകന്‍ പോള്‍ ഹെന്റി എന്നിവരും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ 'ദി ടൈറ്റന്‍ സബ് ഡിസാസ്റ്റര്‍ എന്ന ബ്രിട്ടീഷ് ഡോക്യുമെന്ററി ചാനല്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ പര്യവേഷകരെ രക്ഷപ്പെടുത്താനാവുമെന്ന് പ്രതീക്ഷകള്‍ നല്‍കിയ ശബ്ദതരംഗങ്ങള്‍ പുറത്തു വന്നിരുന്നു.
ജൂണ്‍ 18നായിരുന്നു ടൈറ്റന്‍ സമുദ്രാന്തര്‍ഭാഗത്തേക്കുള്ള യാത്ര ആരംഭിച്ചത്. എന്നാല്‍ ഒരു മണിക്കൂര്‍ 45 മിനിറ്റ് കഴിഞ്ഞതോടെ മദര്‍ വെസലായ പോളാര്‍ പ്രിന്‍സുമായുള്ള ബന്ധം ടൈറ്റന് നഷ്ടമായി. പിന്നീട് നാല് ദിവസത്തിന് ശേഷമാണ് പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായത്.
വിവിധ രാജ്യങ്ങളിലെ സേനകള്‍ അടക്കം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആരെയും ജീവനോടെ കണ്ടെത്താനായില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ കേട്ട ശബ്ദം വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പി 3 വിമാനമാണ് ശബ്ദതരംഗങ്ങള്‍ പിടിച്ചെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.