ബെയ്റൂട്ട്: ലെബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ച് 20 പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ലെബനന്റെ വിവിധ ഭാഗങ്ങളില്‍ ആശയ വിനിമയത്തിനുപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ട് പേര്‍ കൊല്ലപ്പെടുകയും 2,800-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ചത്തെ സ്ഫോടനങ്ങള്‍. സ്‌ഫോടനങ്ങളില്‍ 450-ലേറെപ്പേര്‍ക്ക് പരിക്കേറ്റു.
അതേസമയം എത്ര വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചുവെന്ന് വ്യക്തമായിട്ടില്ല. ബെയ്റൂട്ട്, ബെക്കാ വാലി, ദക്ഷിണ ലെബനന്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ സ്‌ഫോടനമുണ്ടായതായാണ് ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിസ്ബുള്ള നേതാക്കളുടെ സംസ്‌കാരച്ചടങ്ങിനിടെയായിരുന്നു സ്‌ഫോടനമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഭൂരിഭാഗവും ഇറാന്‍ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയിലെ അംഗങ്ങളാണ്. ഇതില്‍ ഇരുനൂറിലേറെപ്പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ചത്തെ സ്ഫോടനത്തില്‍ മുഖത്തും കൈയിലും വയറ്റിലുമാണ് മിക്കവര്‍ക്കും പരിക്ക്. ഹിസ്ബുള്ളയുടെ എം.പി.മാരായ അലി അമ്മാര്‍, ഹസന്‍ ഫദ്‌ലള്ള എന്നിവരുടെ ആണ്‍മക്കളും ഹിസ്ബുള്ള അംഗത്തിന്റെ പത്തുവയസുകാരി മകളും മരിച്ചവരിലുള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ലെബനനിലെ ഇറാന്‍ സ്ഥാനപതി മൊജ്തബ അമാനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇറാനെ പിന്തുണയ്ക്കുന്ന ലെബനീസ് സായുധസംഘമാണ് ഹിസ്ബുള്ള. അവര്‍ക്കുവേണ്ട വെടിക്കോപ്പുകളും നൂതന ഉപകരണങ്ങളുമെല്ലാം സിറിയയും ഇറാഖും വഴി എത്തിക്കുന്നത് ഇറാനാണ്. ഹിസ്ബുള്ളയ്ക്കുനേരേ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് തുടരെ തുടരെ ആക്രമണങ്ങളുണ്ടാകുന്നത്.
ഇസ്രയേല്‍ ഹാക്ക് ചെയ്യാനും നില്‍ക്കുന്ന സ്ഥലം കണ്ടെത്താനും സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുല്ല അംഗങ്ങളോട് മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് തായ്‌വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയില്‍നിന്ന് പേജറുകള്‍ വാങ്ങി അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. തങ്ങളുടെ ബ്രാന്‍ഡ് നെയിമില്‍ ഹംഗറിയിലെ ബി.എ.സി കണ്‍സല്‍ട്ടിങ് എന്ന കമ്പനിയാണ് ഇത് നിര്‍മിച്ചതെന്ന് തായ്‌വാന്‍ കമ്പനി പ്രതികരിച്ചു.
പൊട്ടിത്തെറിച്ച പേജറുകളില്‍ നിര്‍മാണ ഘട്ടത്തില്‍തന്നെ മൂന്ന് ഗ്രാം സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം. ബാറ്ററിക്കുള്ളിലാണ് സ്‌ഫോടക വസ്തു ഒളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക സന്ദേശം അയച്ച് ഒരേസമയം പൊട്ടിത്തെറിക്കുന്ന വിധത്തിലെ ഓപറേഷന് പിന്നില്‍ ചുരുങ്ങിയത് മൂന്നുമാസത്തെ ആസൂത്രണമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഇസ്രയേല്‍ ചാരസംഘടനയായ മൊസാദാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്നാണ് ആരോപണമുയരുന്നത്. ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും ഹിസ്ബുള്ള നല്‍കിയിട്ടുണ്ട്. യു.എന്നില്‍ പരാതി നല്‍കുമെന്ന് ലെബനന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.