തിരുവനന്തപുരം: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പദവി ഒഴിയുന്നു. പകരം കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് മന്ത്രിയാവും.
പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനൊപ്പം ദേശീയ അധ്യക്ഷന്‍ ശരദ് പവാറും തോമസ് കെ. തോമസിന് അനുകൂലമായ തീരുമാനമെടുത്തു. തോമസ് കെ. തോമസിനെ മന്ത്രിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.
ഒരാഴ്ച കാത്തിരിക്കാന്‍ പവാര്‍ ആവശ്യപ്പെട്ടുവെന്നും പ്രഖ്യാപനം ഒരാഴ്ചയ്ക്കകം ഉണ്ടായേക്കുമെന്നും പി.സി ചാക്കോ പറഞ്ഞു. മന്ത്രിമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ എന്‍സിപിയില്‍ ഏറെനാളായി സജീവമായിരുന്നെങ്കിലും ശശീന്ദ്രന്‍ മാറുന്ന കാര്യത്തില്‍ സമവായമായിരുന്നില്ല.
പാര്‍ട്ടിക്ക് ലഭിച്ച മന്ത്രിസ്ഥാനം രണ്ടര വര്‍ഷക്കാലം വീതം രണ്ട് എംഎല്‍എമാര്‍ക്കും നല്‍കണമെന്ന ധാരണ പാലിക്കണമെന്ന ആവശ്യമാണ് എന്‍സിപി നേതൃത്വം നിയോഗിച്ച സമിതി ശശീന്ദ്രന് കൈമാറിയത്. എന്നാല്‍ അത്തരമൊരു ധാരണ തന്റെ അറിവിലില്ലെന്നായിരുന്നു അദേഹത്തിന്റെ വാദം.
സ്വന്തം പാര്‍ട്ടിയായ എന്‍സിപി കൈവിട്ടെങ്കിലും മുഖ്യമന്ത്രി കൈവിടില്ലെന്നായിരുന്നു ശശീന്ദ്രന്റെ പ്രതീക്ഷ. മന്ത്രി സ്ഥാനം ഒഴിയുന്നതിനെതിരെ അദേഹം മുഖ്യമന്ത്രയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും എന്‍സിപിയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാനില്ല എന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി.
മന്ത്രിസ്ഥാനത്ത് നിന്നും പടിയിറങ്ങുമ്പോള്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം നല്‍കണമെന്ന ആവശ്യം ശശീന്ദ്രന്‍ മുന്നോട്ടു വച്ചു. എന്നാല്‍ എംഎല്‍എ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് പാര്‍ട്ടി അധ്യക്ഷ പദവി നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു നേതൃത്വം.
അങ്ങനെയെങ്കില്‍ താന്‍ മന്ത്രി സ്ഥാനത്തിനൊപ്പം നിയമസഭാംഗത്വവും ഒഴിയാമെന്നും സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. പ്രശ്‌നം തീരുമാനമാകാതെ നീണ്ടതോടെയാണ് ശരദ് പവാര്‍ നേരിട്ട് ഇടപെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.