'ശത്രുക്കള്‍ക്ക് ആയുധം നല്‍കാതെ പരസ്യ പ്രതികരണങ്ങളില്‍ നിന്ന് പിന്‍മാറണം': പി.വി അന്‍വറിനോട് സിപിഎം

'ശത്രുക്കള്‍ക്ക് ആയുധം നല്‍കാതെ പരസ്യ പ്രതികരണങ്ങളില്‍ നിന്ന് പിന്‍മാറണം': പി.വി അന്‍വറിനോട് സിപിഎം

തിരുവനന്തപുരം: പി.വി അന്‍വറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ അന്‍വറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

പാര്‍ട്ടിയേയും മുന്നണിയേയും ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് അന്‍വറിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും പരസ്യ പ്രതികരണങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും സിപിഎം അഭ്യര്‍ത്ഥിച്ചു. പി.വി അന്‍വറിനോട് ഒരു തരത്തിലും യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

സിപിഎം പ്രസ്താവനയുടെ പൂര്‍ണ രൂപം:

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ് നിയമസഭയിലും നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചു വരുന്നത്. അദേഹം സിപിഐ (എം) പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമാണ്.

ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും പാര്‍ട്ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ട്ടിയുടെ പരിഗണനയിലുമാണ്.

വസ്തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും പാര്‍ട്ടിക്കുമെതിരെ അദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു വരികയാണ്. പി.വി അന്‍വര്‍ എംഎല്‍എയുടെ ഈ നിലപാടിനോട് പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ല.

പി.വി അന്‍വര്‍ എംഎല്‍എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ഗവണ്‍മെന്റിനേയും, പാര്‍ട്ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.