അമേരിക്കയിലെ അലബാമയില്‍ കൂട്ടവെടിവയ്പ്; നാലു മരണം, നിരവധി പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ അലബാമയില്‍ കൂട്ടവെടിവയ്പ്; നാലു മരണം, നിരവധി പേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: അമേരിക്കയിലെ അലബാമ സര്‍വകലാശാലയ്ക്ക് സമീപമുണ്ടായ വെടിവയ്പില്‍ നാലു പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ബിര്‍മിങ്ഹാമിലെ ഫൈവ് പോയിന്റ്‌സ് സൗത്ത് ഏരിയയില്‍ ശനിയാഴ്ച്ച രാത്രിയാണ് വെടിവയ്പുണ്ടായത്. തോക്കുമായെത്തിയ ഒരുകൂട്ടം പേര്‍ ജനങ്ങള്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. നിരവധി തവണ വെടിയുതിര്‍ത്തതായാണ് എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സര്‍വകലാശാലയ്ക്ക് പുറമെ റസ്റ്റോറന്റുകളും ബാറും ഉള്‍പ്പെടുന്ന ഈ മേഖല താരതമ്യേന ജനത്തിരക്കേറിയ ഇടമാണ്.

രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഒരാള്‍ പരിക്കുകളോടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. നൈറ്റ് ലൈഫിനു പേരുകേട്ട സ്ഥലമാണ് വെടിവയ്പ് നടന്ന നഗരം. നിരവധിപേര്‍ ആക്രമണസമയത്ത് പ്രദേശത്തുണ്ടായിരുന്നതായാണ് വിവരം. ബിര്‍മിങ്ഹാം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആരാണ് വെടിവെച്ചതെന്നോ ആക്രമണത്തിന്റെ ഉദ്ദേശമെന്തെന്നോ വ്യക്തമല്ല. അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേര് വിവരങ്ങളും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.