കൊച്ചി : കൊച്ചിയിലെത്തിയ ഐശ്വര്യ കേരള യാത്രയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിക്കുകയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിന്ന് സെല്‍ഫി എടുക്കുകയും ചെയ്ത പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ചട്ടലംഘനം നടത്തി എന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മൂന്ന് എഎസ്ഐമാര്‍ അടക്കം അഞ്ചു പൊലീസുകാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. എഎസ്‌ഐമാരായ ഷിബു ചെറിയാന്‍, ജോസ് ആന്റണി, ബിജു, സിപിഒമാരായ സില്‍ജന്‍, ദിലീപ് സദാനന്ദന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കൊച്ചി സിറ്റി പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. ചിത്രങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുമ്പ് ജില്ലയില്‍ പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ആയിരുന്നു ഇവര്‍.
ചെന്നിത്തലയുടെ പര്യടനം എറണാകുളത്ത് എത്തിയപ്പോഴാണ് സര്‍വീസിലുള്ള പൊലീസുകാര്‍ സ്വീകരണം നല്‍കിയത്. വ്യാഴാഴ്ച രാത്രി എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് പൊലീസുകാര്‍ നേതാക്കളെ കണ്ടത്. കൊച്ചി സിറ്റി ഹെഡ് ക്വാര്‍ട്ടേഴ്സ് ക്യാമ്പിലെ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് പൊലീസുകാര്‍ക്ക് വിനയായത്.
അതേസമയം ഡ്യൂട്ടി സമയം കഴിഞ്ഞ് പോലീസുകാര്‍ നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നും ഭരണഘടനാപരമായ സ്ഥാനം വഹിക്കുന്ന പ്രതിപക്ഷ നേതാവിനെ കാണുന്നത് ചട്ടലംഘനമാകില്ലെന്നുമാണ് പൊലീസിലെ യു.ഡി.എഫ്. അനുകൂലികളായ ഉദ്യോഗസ്ഥര്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.