ഫാ. പീറ്റര്‍ കാവുംപുറം നിര്യാതനായി; വിട പറഞ്ഞത് ഓസ്ട്രേലിയയിലെ സിറോ മലബാര്‍ സഭാ വളര്‍ച്ചയ്ക്ക് അടിത്തറയിട്ട പുരോഹിതന്‍

ഫാ. പീറ്റര്‍ കാവുംപുറം നിര്യാതനായി; വിട പറഞ്ഞത് ഓസ്ട്രേലിയയിലെ സിറോ മലബാര്‍ സഭാ വളര്‍ച്ചയ്ക്ക് അടിത്തറയിട്ട പുരോഹിതന്‍

ബ്രിസ്ബെയ്ന്‍: മിഷനറീസ് ഓഫ് സെന്റ് തോമസ് സഭാംഗമായ ഫാ. പീറ്റര്‍ കാവുംപുറം (69) മഹാരാഷ്ട്രയിലെ മീരജില്‍ നിര്യാതനായി. എ.എസ്.ടി മിഷണറി സൊസൈറ്റിയുടെ ജനറല്‍ കൗണ്‍സിലറായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പൂനെയിലെ ഭാരതി വിദ്യാപീഠം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. അവസാനകാലത്ത് മഹാരാഷ്ട്രയിലെ സാംഗ്ലി മിഷനിലാണ് ശുശ്രൂഷ ചെയ്തിരുന്നത്. സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.30ന് എം.എസ്.ടി ജനറലേറ്റിന്റെ ഭരണങ്ങാനം ദീപ്തി ഭവനില്‍ നടക്കും.

കല്യാണ്‍ രൂപതയിലെ ആദ്യകാല മിഷണറിമാരില്‍ ഒരാളായിരുന്നു ഫാ. പീറ്റര്‍ കാവുംപുറം. രൂപതയുടെ വളര്‍ച്ചയില്‍ അച്ചന്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

മെല്‍ബണിലെ സിറോ മലബാര്‍ സമൂഹത്തിന്റെ ചാപ്ലെയിനും ക്യൂന്‍സ്ലാന്‍ഡ് റീജണല്‍ എപ്പിസ്‌കോപ്പല്‍ മുന്‍ വികാരിയും സെന്റ് തോമസ് ദി അപ്പോസ്തല്‍ സിറോ മലബാര്‍ പാരിഷ് ബ്രിസ്ബെയ്ന്‍ സൗത്ത് ഇടവകയുടെ പ്രഥമ വികാരിയുമായിരുന്നു. ഓസ്‌ട്രേലിയയില്‍ സിറോ മലബാര്‍ സഭയ്ക്ക് വേരോട്ടമുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പുരോഹിതനാണ് ഫാ. പീറ്റര്‍ കാവുംപുറം.

2011 ഫെബ്രുവരിയിലാണ് മെല്‍ബണിലെ വിശ്വാസി സമൂഹത്തിന്റെ ആവശ്യപ്രകാരം മുഴുവന്‍ സമയ ചാപ്ലയിനായി നിയമിക്കപ്പെടുന്നത്. മെല്‍ബണിലെ വിവിധ പ്രദേശങ്ങളില്‍ ചിതറികിടക്കുന്ന സിറോ മലബാര്‍ കുടുംബങ്ങളെ നേരില്‍ കാണുകയും വളര്‍ന്നു വരുന്ന തലമുറയെ ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ത്താന്‍ ആവശ്യമായ മതബോധന ക്ലാസുകളും സ്വന്തമായി ദേവാലയങ്ങളും ഉണ്ടാകേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

മെല്‍ബണിലെ സിറോ മലബാര്‍ സമൂഹത്തിന് സ്വന്തമായി സ്ഥലം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ചത് ഫാ. പീറ്ററിന്റെ കഠിനപ്രയത്നത്തിന്റെയും ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെയും ഫലമായാണ്. മെല്‍ബണില്‍ കത്തീഡ്രല്‍ ഇടവകയും മെല്‍ബണ്‍ വെസ്റ്റ് ഇടവകയും സംയുക്തമായി വാങ്ങിയ 15 എക്കര്‍ ഓസ്ട്രേലിയയില്‍ സിറോ മലബാര്‍ സഭ സ്വന്തമാക്കിയ ആദ്യത്തെ സ്ഥലമായിരുന്നു. 2014 ജനുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മെല്‍ബണ്‍ കേന്ദ്രമായി സിറോ മലബാര്‍ രൂപത പ്രഖ്യാപിക്കുമ്പോള്‍ ഫാ. പീറ്റര്‍ കാവുംപുറമായിരുന്നു മെല്‍ബണ്‍ ചാപ്ളയിന്‍. ബ്രിസ്ബെയിന്‍ സമൂഹത്തെ മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയിലെ ആദ്യത്തെ ഇടവകയായി പ്രഖ്യാപിച്ചപ്പോള്‍ ആദ്യത്തെ വികാരിയായി നിയമിക്കപ്പെട്ടതും ഫാ. പീറ്റര്‍ കാവുംപുറം ആയിരുന്നു.

വൈദികനു വേണ്ടി ബിഷപ്പ് മാര്‍ ജോണ്‍ പനന്തോട്ടത്തിലിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച്ച (25/09/2024) വൈകിട്ട് ഏഴിന് ക്രെയ്ഗിബേണിലുള്ള ഔവര്‍ ലേഡീസ് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.