പ്രസവത്തെ തുടര്‍ന്ന് ലോകത്ത് ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നു; പ്രതിദിനം 700 പേര്‍: ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്

പ്രസവത്തെ തുടര്‍ന്ന് ലോകത്ത് ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നു; പ്രതിദിനം 700 പേര്‍: ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്

പ്രസവത്തെ തുടര്‍ന്ന് മലപ്പുറത്ത് മുപ്പത്തഞ്ചുകാരിയായ വീട്ടമ്മ ഇന്നലെ മരണമടഞ്ഞിരുന്നു.

പ്രസവത്തെ തുടര്‍ന്ന് ലോകത്ത് ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നതായി ലോകാരോഗ്യ സംഘടന. ഇത്തരത്തില്‍ പ്രതിദിനം 700 ല്‍ അധികം സ്ത്രീകളാണ് മരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകാരോഗ്യ ദിനത്തോട് അനുബന്ധിച്ചാണ് യു.എന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

2000 നും 2023 നും ഇടയിലുള്ള കാലഘട്ടത്തില്‍ ആഗോള തലത്തില്‍ മാതൃ മരണങ്ങളില്‍ 40 ശതമാനം കുറവു വന്നിട്ടുണ്ട്. 2023 ല്‍ ഗര്‍ഭധാരണം അല്ലെങ്കില്‍ പ്രസവം മൂലമുള്ള സങ്കീര്‍ണതകള്‍ മൂലം 2,60,000 സ്ത്രീകള്‍ മരിച്ചതായാണ് കണക്കുകള്‍. വികസ്വര രാജ്യങ്ങളിലോ ദരിദ്ര രാജ്യങ്ങളിലോ ആണ് 90 ശതമാനം മാതൃ മരണങ്ങളും ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൂരിഭാഗം മാതൃ മരണങ്ങള്‍ക്കും കാരണമാകുന്ന സങ്കീര്‍ണതകള്‍ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ നിലവിലുണ്ടെങ്കിലും ചില രാജ്യങ്ങളില്‍ ഗര്‍ഭധാരണവും പ്രസവവും ഇപ്പോഴും അപകടകരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ഗുണ നിലവാരമുള്ള പ്രസവ പരിചരണം ഉറപ്പാക്കുന്നതിനോടൊപ്പം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പ്രത്യുല്‍പാദന അവകാശങ്ങളും ശക്തിപ്പെടുത്തേണ്ടത് നിര്‍ണായകമായിരിക്കുമെന്നും അദേഹം പറഞ്ഞു.

2020 ല്‍ ലോകത്ത് 2,82,000 മാതൃ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടടുത്ത വര്‍ഷം 3,22,000 പേരാണ് മരിച്ചത്. അതായത് തൊട്ടടുത്ത വര്‍ഷം 40,000 പേര്‍ കൂടുതലായി മരിച്ചു.

കോവിഡ് മൂലമുള്ള അണുബാധയും ഈ കാലഘട്ടങ്ങളില്‍ മരണത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗര്‍ഭിണികള്‍ക്ക് പതിവ് പരിശോധനകള്‍ അത്യാവശ്യമാണെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര പരിചരണം ലഭ്യമാകുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ അനിവാര്യമാണെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

ഇന്ത്യയില്‍ ആരോഗ്യ പരിചരണ രംഗത്ത് കേരളം ഏറെ മുന്നിലാണെങ്കിലും മലപ്പുറത്ത് പ്രസവത്തെ തുടര്‍ന്ന് മുപ്പത്തഞ്ചുകാരിയായ വീട്ടമ്മ ഇന്നലെ മരണമടഞ്ഞിരുന്നു. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനിയായ അസ്‌ന എന്ന വീട്ടമ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. മലപ്പുറത്ത് വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു കുടുംബം.

ആശുപത്രിയില്‍ പോകാതെ വിട്ടില്‍ തന്നെ നടന്ന പ്രസവത്തെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് അസ്‌ന മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പ്രസവ ശേഷമെങ്കിലും മതിയായ പരിചരണം നല്‍കിയിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഭര്‍ത്താവ് സിറാജുദീന്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ തയ്യാറായില്ലെന്നും അസ്‌നയുടെ ബന്ധുക്കള്‍ ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.