വെറ്റ് ടെസ്റ്റിനൊരുങ്ങി 'മത്സ്യ 6000': കടലിനടിയില്‍ ആറായിരം മീറ്റര്‍ ആഴത്തില്‍ മൂന്ന് പേരെ എത്തിക്കും

വെറ്റ് ടെസ്റ്റിനൊരുങ്ങി 'മത്സ്യ 6000':  കടലിനടിയില്‍ ആറായിരം മീറ്റര്‍ ആഴത്തില്‍ മൂന്ന് പേരെ എത്തിക്കും

ന്യൂഡല്‍ഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ച സമുദ്ര പേടകം 'മത്സ്യ 6000' വെറ്റ് ടെസ്റ്റിനൊരുങ്ങുന്നു. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ വെറ്റ് ടെസ്റ്റ് നടത്തുമെന്ന് എര്‍ത്ത് സയന്‍സസ് മന്ത്രാലയം വ്യക്തമാക്കി. സമുദ്രത്തിനടിയിലെ യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ ഈ ജല പേടകത്തിന്റെ പ്രകടനം വിലയിരുത്തുകയാണ് ലക്ഷ്യം.

ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മത്സ്യ 6000 എന്ന സമുദ്ര പേടകത്തില്‍ മൂന്ന് പേരെ കടലിന്റെ 6000 മീറ്റര്‍ താഴെയെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സമുദ്ര പര്യവേക്ഷണം, സമുദ്ര വിഭവങ്ങളെ കുറിച്ച് പഠിക്കുക, കടലിനടിയിലെ ജൈവ വൈവിധ്യം വിലയിരുത്തുക തുടങ്ങിയവയാണ് സമുദ്രയാന്‍ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

വിഭവങ്ങള്‍ക്കായി ആഴക്കടല്‍ പര്യവേക്ഷണം ചെയ്യാനും സമുദ്ര വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനായി ആഴക്കടല്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ആഴക്കടല്‍ ദൗത്യം രൂപീകരിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കായി സമുദ്ര വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുക, മെച്ചപ്പെട്ട ജീവിത നിലവാരം, തൊഴില്‍, സമുദ്ര പരിസ്ഥിതിയുടെ സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിച്ച ബ്ലൂ എക്കോണമി നയത്തിന്റെ ഭാഗമായി ആവിഷ്‌കരിച്ച ഡീപ്പ് ഓഷ്യന്‍ മിഷന്റെ ഭാഗമാണ് പദ്ധതി.

സൂക്ഷ്മാണുക്കള്‍ ഉള്‍പ്പെടെയുള്ള ആഴക്കടല്‍ സസ്യ ജന്തു ജാലങ്ങളെ കണ്ടെത്താനും ആഴക്കടല്‍ ജൈവ വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തെക്കുറിച്ചുള്ള പഠനങ്ങളിലും ഈ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കും. കാലാവസ്ഥാ വ്യതിയാനം കടലിനെ ഏത് തരത്തില്‍ ബാധിക്കുന്നുവെന്നതിനെ കുറിച്ചുള്ള പഠന നടത്തും. ഇതുവഴി സമുദ്ര കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ രൂപീകരിക്കാന്‍ സാധിക്കും.

ആഴക്കടല്‍ പര്യവേഷണത്തില്‍ ഇന്ത്യയുടെ ശേഷിയും സാങ്കേതിക വിദ്യകളും വികസിപ്പിക്കല്‍ മറ്റൊരു ലക്ഷ്യമാണ്. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമാണ് ആ സാങ്കേതികത്വം കൈവശമുള്ളത്. മധ്യ ഇന്ത്യന്‍ മഹാസമുദ്രത്തിലെ 6000 മീറ്റര്‍ ആഴത്തില്‍ ഖനനം ചെയ്യുന്നതിനായി ഒരു സംയോജിത ഖനന സംവിധാനം വികസിപ്പിക്കാനും പദ്ധതിയുണ്ട്.

ഇത്തരത്തില്‍ നടക്കുന്ന ധാധു പര്യവേഷണ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പര്യവേഷണ പദ്ധതികളിലേക്കാണ് വഴി തുറക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.