'മുനമ്പം ഭൂമി പ്രശ്‌നത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ വഞ്ചനാപരം': കത്തോലിക്ക കോണ്‍ഗ്രസ്

 'മുനമ്പം ഭൂമി പ്രശ്‌നത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ വഞ്ചനാപരം': കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: മുനമ്പത്ത് തീറ് വാങ്ങിയ ഭൂമിയില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ കുടിയിറക്കാനുള്ള നീക്കം മനുഷ്യാവകാശ ലംഘനമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. 600 ഓളം മത്സ്യത്തൊഴിലാളി കുടുംബംഗങ്ങളുടെ അവകാശം നിഷേധിച്ച് ഭൂമി കയ്യടക്കാനുള്ള വഖഫ് ബോര്‍ഡ് നീക്കത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ വഞ്ചനാപരമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി വ്യക്തമാക്കി.

കേരളത്തിന്റെ രക്ഷകരെന്ന് വാഴ്ത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാടന്‍ നിയമം മൂലം ഭൂമി ഇല്ലാതാകുമ്പോള്‍ അവരുടെ പക്ഷം ചേരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കാത്തത് ഭീരുത്വമാണ്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഒരു ജനസമൂഹത്തെ ഒറ്റിക്കൊടുക്കുന്ന രാഷ്ട്രീയ നേതാക്കന്മാരുടെ മുഖം മതേതരത്വത്തിന് ഭൂഷണമല്ല. ഈ വിഷയത്തില്‍ ഇടത്-വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യ നിലപാട് വ്യക്തമാക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കേരളത്തിലെ പ്രമുഖ മുസ്ലീം സ്ഥാപനമായ ഫാറൂക്ക് മാനേജ്‌മെന്റ് മത്സ്യത്തൊഴിലാളികള്‍ക്ക് വിറ്റ ഭൂമിയിലാണ് പിന്നീട് വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളെ ഇല്ലാതാക്കാന്‍ സംഘടിത ശ്രമം ഉണ്ടായിട്ടുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ വഖഫ് തെറ്റായ അവകാശ വാദം ഉന്നയിക്കുന്ന വേറെയും സ്ഥലങ്ങള്‍ ഉണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിച്ച് പ്രസിദ്ധപ്പെടുത്തണം.

മുനമ്പത്തെ മത്സ്യത്തൊഴിലാളികളുടെ മനുഷ്യാവാകാശ പ്രശ്‌നത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മുനമ്പത്ത് ഉള്‍പ്പെടെ ഒരിടത്തും ഇത്തരത്തിലുള്ള അധിനിവേശം അനുവദിക്കില്ല എന്നും സംഘടിതമായി എതിര്‍ക്കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രഖ്യാപിച്ചു.
വഖഫ് നിയമത്തില്‍ കാലിക മാറ്റം വരുത്താനുള്ള നിയമ ഭേദഗതിയിലെ പ്രസക്തമായ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.