ചൈനയുടെ പുതിയ ആണവ അന്തര്‍വാഹിനി മുങ്ങിയതായി അമേരിക്ക; മറച്ചുവച്ച രഹസ്യം പുറത്തുവിട്ട് രാജ്യാന്തര മാധ്യമങ്ങള്‍

ചൈനയുടെ പുതിയ ആണവ അന്തര്‍വാഹിനി മുങ്ങിയതായി അമേരിക്ക; മറച്ചുവച്ച രഹസ്യം പുറത്തുവിട്ട് രാജ്യാന്തര മാധ്യമങ്ങള്‍

വാഷിങ്ടണ്‍: ലോകത്തിലെ വന്‍ സൈനിക ശക്തികളിലൊന്നായ ചൈനയ്ക്കു മേല്‍ കനത്ത പ്രഹരമായി ആണവ അന്തര്‍വാഹിനി അപകടം. ചൈനയുടെ ഏറ്റവും പുതിയ ആണവ അന്തര്‍വാഹിനി ഏതാനും മാസങ്ങള്‍ക്കു മുമ്പ് മുങ്ങിയതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ അടക്കമുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ നാവികസേന വിപുലീകരിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ വലിയ തിരിച്ചടി ചൈന രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.

വുചാങ് കപ്പല്‍ നിര്‍മ്മാണശാലയിലാണ് അണുശക്തിയില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനി നിര്‍മ്മിച്ചതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കോടികള്‍ മുടക്കി ചൈന നിര്‍മ്മിച്ച ന്യൂക്ലിയര്‍ സബ് മറൈനാണ് മുങ്ങിയത്.

അന്തര്‍വാഹിനിക്ക് എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന ജൂണ്‍ മുതലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്കയുടെ കൈവശമുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മെയ് അവസാനമോ ജൂണ്‍ ആദ്യമോ ആയിരിക്കാം അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അന്തര്‍വാഹിനി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നതിന്റെയും സമീപം ക്രെയിനുകള്‍ അടക്കമുള്ള രക്ഷാ ഉപകരണങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതിന്റെയും ചിത്രങ്ങളാണ് ഉപഗ്രഹം പകര്‍ത്തിയത്. അമേരിക്കന്‍ പ്രതിരോധ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് രാജ്യാന്തര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അന്തര്‍വാഹിനിയുടെ അവസാനവട്ട പരിശോധനയ്ക്കായി കടലില്‍ ഇറക്കിയപ്പോഴാണ് അപകടം നടന്നത് എന്നാണ് വിവരം. അപകട സമയത്ത് കപ്പലില്‍ ആണവ ഇന്ധനം നിറച്ചിരുന്നോ എന്നത് വ്യക്തമല്ലെന്നാണ് അപകടവിവരം റിപ്പോര്‍ട്ട് ചെയ്ത വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ചൂണ്ടിക്കാട്ടുന്നത്. അന്തര്‍വാഹിനി മുങ്ങാന്‍ കാരണമായതെന്താണെന്നും വ്യക്തമല്ല. രാജ്യത്തിന് നാണക്കേടുണ്ടാക്കിയതിനാല്‍ സംഭവം ചൈന മറയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അമേരിക്കയിലെ ചൈനീസ് എംബസി വക്താവ് സംഭവം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

2021-ലെ പെന്റഗണ്‍ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ നാവികസേനയാണ് ചൈനയുടേത്. 370ലധികം കപ്പലുകളാണ് ചൈനീസ് നാവികസേനയുടെ പക്കലുള്ളത്. 2022-ലെ കണക്കനുസരിച്ച്, ആറ് ആണവ അന്തര്‍വാഹിനികള്‍, 48 ഡീസല്‍ അന്തര്‍വാഹിനികള്‍ എന്നിവയും ചൈനയ്ക്കുണ്ട്. ചൈനയെ പോലെ ശക്തമായ സാങ്കേതിക സംവിധാനങ്ങള്‍ ഉള്ള ഒരു രാജ്യത്തെ സംബന്ധിച്ച് ഇത്തരമൊരു സംഭവം വലിയൊരു തിരിച്ചടിയാണെന്നാണ് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.