ടെല്‍ അവീവ്: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുള്ളയുടെ ആസ്ഥാനത്തിന് നേരെ ഇസ്രയേല്‍ ആക്രമണം. ലെബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിന് തെക്കുള്ള ദഹിയെയിലെ ഹിസ്ബുള്ള ആസ്ഥാനം ആക്രമിച്ചതായി ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.
ഹിസ്ബുള്ളയുടെ തലവന്‍ ഹസന്‍ നസ്രള്ളയെയാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്ന് ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നസ്രള്ള ആസ്ഥാനത്തുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. നസ്രള്ളയെ വധിച്ചെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഹിസ്ബുള്ളയുടെ ഭാഗത്തു നിന്ന് ഒരു സ്ഥിരീകരണവും വന്നിട്ടില്ല.
ഹിസ്ബുള്ളയ്‌ക്കെതിരേ ഒരാഴ്ചയായി ലെബനനില്‍ തുടരുന്ന സൈനിക നടപടി അവസാനിപ്പിക്കില്ലെന്ന് യു.എന്‍ പൊതുസഭയില്‍ ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ആക്രമണം. ഗാസയില്‍ ഹമാസിനെതിരേ സമ്പൂര്‍ണ വിജയം എന്ന യുദ്ധ ലക്ഷ്യം നേടും വരെ ലെബനനിലും സൈനിക നടപടി തുടരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കിയത്.
ബെയ്‌റൂട്ടിലെ ആക്രമണത്തില്‍ ആറ് ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നു. സംഭവത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് യു.എന്‍ അറിയിച്ചു. അമേരിക്കയും ഫ്രാന്‍സുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടു വെച്ച 21 ദിന വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ അപ്പാടേ നിരാകരിക്കുന്നതാണ് ഇസ്രയേല്‍ നടപടി.
ലെബനനില്‍ ഇസ്രയേല്‍ കരയുദ്ധത്തിന് കോപ്പു കൂട്ടുന്നെന്ന സൂചന നല്‍കി ലെബനനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ മേഖലകളിലേക്ക് ഇസ്രയേല്‍ കൂടുതല്‍ യുദ്ധ ടാങ്കുകളും കവചിത വാഹനങ്ങളും എത്തിച്ചുകൊണ്ടിരിക്കുകയാണ്.
കരുതല്‍ സേനാംഗങ്ങളോട് ജോലിയില്‍ പ്രവേശിക്കാനും സൈനിക നേതൃത്വം ഉത്തരവിട്ടിട്ടുണ്ട്. കരയുദ്ധം ആരംഭിക്കാന്‍ എതുനിമിഷവും ഒരുങ്ങിയിരിക്കണമെന്ന് ഇസ്രയേല്‍ സേനാ മേധാവി സൈനികര്‍ക്ക് ഈയിടെ നിര്‍ദേശം നല്‍കിയിരുന്നു.
ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ 1540 പേര്‍ കൊല്ലപ്പെട്ടുവെന്ന് ലെബനന്‍ അറിയിച്ചു. അതിനിടെ ലെബനനില്‍ നിന്ന് തങ്ങളുടെ ആയിരക്കണക്കിന് വരുന്ന പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.