ലബനനില്‍ നിന്ന് കൂട്ടപലായനം; സിറിയയിലേക്ക് ഓടിപ്പോയത് ഒരു ലക്ഷത്തിലധികം പേര്‍

ലബനനില്‍ നിന്ന് കൂട്ടപലായനം; സിറിയയിലേക്ക് ഓടിപ്പോയത് ഒരു ലക്ഷത്തിലധികം പേര്‍

ബെയ്‌റൂട്ട്: ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ മിസൈല്‍ ആക്രമണം ശക്തമാക്കിയതോടെ ലെബനനില്‍ നിന്ന് ജീവനും കയ്യില്‍ പിടിച്ച് പലായനം ചെയ്യുകയാണ് ജനം. ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും വീടും സ്വത്തും ഉപേക്ഷിച്ച് ലെബനനില്‍ നിന്നും സിറിയയിലേക്ക് ഓടിപ്പോയതായാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്.

ലെബനനില്‍ നിന്ന് സിറിയയിലേക്ക് പോകാനും വരാനും രേഖകള്‍ ഒന്നും ആവശ്യമില്ല. ഈ സാഹചര്യം ഉപയോഗിച്ചാണ് ജനങ്ങള്‍ കൂട്ടപലായനം നടത്തുന്നത്. പലര്‍ക്കും സിറിയയിലും ലെബനനിലും ബന്ധുക്കളുണ്ട്. അതേസമയം, സിറിയയില്‍ നിന്നും ലെബനനിലേക്ക് എത്തുന്ന അഭയാര്‍ത്ഥികളെ ഹിസ്ബുള്ള നേതാക്കള്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇസ്രയേലിന് വിവരം നല്‍കാന്‍ മൊസാദ് ഏജന്റുമാര്‍ ഈ രീതിയില്‍ എത്തുന്നതായാണ് ഹിസ്ബുള്ള സംശയിക്കുന്നത്.

ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സിറിയ ഉപേക്ഷിച്ച് ലെബനനിലേക്ക് പലായനം ചെയ്തവരാണ് ഇപ്പോള്‍ മടങ്ങുന്നവരില്‍ 80 ശതമാനവും. ബാക്കി 20 ശതമാനം ലെബനന്‍ പൗരന്മാരാണ്. പലായനം ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും കുട്ടികളും കൗമാരക്കാരുമാണ്.

സിറിയയിലെ ആഭ്യന്തര യുദ്ധം കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് പലായനം ചെയ്ത കുടുംബങ്ങള്‍ക്ക് തിരികെ നാട്ടിലേക്ക് മടങ്ങുന്നത് വീണ്ടുമൊരു പരീക്ഷണമാണ്. സിറിയയില്‍ നിന്ന് പലായനം ചെയ്ത 1.5 ദശലക്ഷം ആളുകളാണ് നിലവില്‍ ലെബനനില്‍ ഉള്ളത്.

ഹിസ്ബുള്ള മേധാവി ഹസന്‍ നസ്രള്ളയെ മിസൈല്‍ ആക്രമണത്തിലൂടെ ഇസ്രയേല്‍ വധിച്ചതിനെതുടര്‍ന്ന് ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. ഹിസ്ബുള്ളയും തങ്ങളുടെ മേധാവിയുടെ മരണം മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുള്ളയെ സംബന്ധിച്ച് കടുത്ത ആഘാതമാണ് ഈ മരണം ഏല്‍പ്പിച്ചത്. നസ്രള്ളയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി പ്രഖ്യാപിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.