ബീജിങ്: ചൈനയില്‍ സ്വതന്ത്രമായ നിലനില്‍പിനായി പോരാടുന്ന കത്തോലിക്ക സഭയ്ക്കു മേല്‍ വീണ്ടും കനത്ത പ്രഹരമേല്‍പ്പിക്കുന്ന ഉത്തരവുമായി കമ്മ്യൂണിസ്റ്റ് ഭരണകൂടം. ലോകത്തേറ്റവും കൂടുതല്‍ മതസ്വാതന്ത്ര്യം ഹനിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ചൈനയിലെ പള്ളികളില്‍ ഇനി ക്രിസ്തുവിന്റെ ചിത്രങ്ങള്‍ക്കു പകരം ഷി ജിന്‍പിങ്ങിന്റെ ചിത്രങ്ങള്‍ സ്ഥാപിക്കാനാണ് ഉത്തരവ്. ദേവാലയങ്ങളില്‍നിന്ന് കുരിശുകള്‍ നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്.
ചൈനീസ് ഉദ്യോഗസ്ഥര്‍ പള്ളികളില്‍ നിന്ന് കുരിശുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടതായും ക്രിസ്തുവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും ചിത്രങ്ങള്‍ക്ക് പകരം പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ചിത്രങ്ങള്‍ ഇതിനകം സ്ഥാപിച്ചതായും യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കത്തോലിക്കാ സഭ ഉള്‍പ്പെടെ എല്ലാ മതവിശ്വാസങ്ങളുടെയും മേല്‍ സമ്പൂര്‍ണ നിയന്ത്രണം കൊണ്ടുവരാനും തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ക്ക് വിരുദ്ധമെന്ന് പാര്‍ട്ടി കരുതുന്ന മതവിഭാഗങ്ങളെ പൂര്‍ണമായും ഉന്മൂലനം ചെയ്യാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ ഉത്തരവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മതഗ്രന്ഥങ്ങള്‍ സെന്‍സര്‍ ചെയ്യുകയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം പ്രസംഗിക്കാന്‍ പുരോഹിതരെ നിര്‍ബന്ധിക്കുകയും പള്ളികളില്‍ പാര്‍ട്ടി മുദ്രാവാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.
ആകെ 1.2 കോടിയോളം കത്തോലിക്കരാണു ചൈനയിലുള്ളത്. കത്തോലിക്കാ വിശ്വാസികള്‍ ആചാരങ്ങളും വിശ്വാസവും പിന്തുടരുന്നുണ്ടെങ്കിലും വിശ്വാസത്തിന്റെ പേരില്‍ അവര്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നുണ്ട്. പുതിയ ഉത്തരവിലൂടെ പരമ്പരാഗത മതവിശ്വാസങ്ങളെ രാഷ്ട്രീയ അജണ്ടയ്ക്കും മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടിനും വിധേയമാക്കാനാണ് ലക്ഷ്യമിടുന്നത്.
രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇരു സഭകളെയും യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 2018 സെപ്റ്റംബര്‍ 22ന് ബെയ്ജിങ്ങില്‍വെച്ചാണ് മെത്രാന്മാരുടെ നിയമനം സംയുക്തമായി അംഗീകരിക്കുന്ന താത്കാലിക കരാര്‍ ഇരുകൂട്ടരും ഒപ്പിട്ടത്.
എന്നാല്‍ കരാറിന് ശേഷവും രഹസ്യ സഭയിലെ വിശ്വാസികളും വൈദികരും സര്‍ക്കാര്‍ അംഗീകാരമുള്ള സഭയുടെ ഭാഗമാകാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ ക്രൈസ്തവര്‍ കൊടിയ പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്.
സര്‍ക്കാര്‍ അംഗീകൃത അസോസിയേഷനുകള്‍ക്ക് പുറത്ത് മതം ആചരിക്കുന്ന ഏതൊരാളും 'കള്‍ട്ട്' ആയി കണക്കാക്കപ്പെടുകയും ചൈനീസ് നിയമത്തിലെ കള്‍ട്ട് വിരുദ്ധ വ്യവസ്ഥകള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നു. ഈ നയം കാരണം നിരവധി വിശ്വാസികളും ബിഷപ്പുമാരും അറസ്റ്റ് ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭരണകൂട നിയന്ത്രണത്തിലുള്ള സഭയെ അംഗീകരിക്കാത്ത കത്തോലിക്കരെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി അടുത്തിടെ 61-കാരനായ ബിഷപ്പ് പീറ്റര്‍ ഷാവോ ഷുമിനെ അറസ്റ്റു ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ എവിടേക്കാണ് കൊണ്ടുപോയതെന്നുപോലും വിശ്വാസികള്‍ക്ക് അറിയില്ല. ഇതുകൂടാതെ 2007 മുതല്‍ ഷുവാന്‍ഹുവ (ഹെബെയ്) രൂപതയിലെ ബിഷപ്പ് അഗസ്റ്റിന്‍ കുയി തായിയെ യാതൊരുവിധ കാരണമോ, നിയമനടപടികളോ ഇല്ലാതെ ചൈനീസ് അധികാരികള്‍ അനധികൃതമായി തടങ്കലില്‍ വച്ചിരിക്കുകയാണ്. 2021 മുതല്‍ അദ്ദേഹത്തെക്കുറിച്ച് യാതൊരു അറിവുമില്ല. 71 -കാരനായ ആര്‍ച്ചുബിഷപ്പ് കുയിയെ പരിശുദ്ധ സിംഹാസനം അംഗീകരിച്ചിട്ടുണ്ടെങ്കിലും ചൈനീസ് സര്‍ക്കാര്‍ അദ്ദേഹത്തെ അംഗീകരിച്ചിട്ടില്ല.
വത്തിക്കാനോട് പ്രതിജ്ഞാബന്ധരായ ചൈനയിലെ കത്തോലിക്കാ വൈദികര്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നിരന്തര പീഡനവും നിര്‍ബന്ധിത തിരോധാനവും നേരിടുന്നുണ്ട്. നിരവധി കത്തോലിക്കാ വൈദികരെ സര്‍ക്കാര്‍ തടങ്കലിലാക്കിയിട്ടുണ്ട്
പ്രസിഡന്റ് ഷിയുടെ ഭരണത്തില്‍ കീഴില്‍ ചൈനീസ് കത്തോലിക്കര്‍ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തല്‍ നേരിടുന്ന സമയമാണിത്. മതത്തെ നിയന്ത്രിക്കാനുള്ള ഭണകൂടത്തിന്റെ ശ്രമങ്ങള്‍ കത്തോലിക്കര്‍ക്കു മാത്രമല്ല, പ്രൊട്ടസ്റ്റന്റുകാര്‍, മുസ്ലീങ്ങള്‍, താവോയിസ്റ്റുകള്‍, ബുദ്ധമതക്കാര്‍, ചൈനീസ് നാടോടിമതങ്ങളുടെ അനുയായികള്‍ എന്നിവരിലേക്കും വ്യാപിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.