സഭയെ കൂട്ടുത്തരവാദിത്തത്തോടെ പരിപാലിക്കാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ ഒക്ടോബറിലെ പ്രാര്‍ത്ഥനാ നിയോഗം

സഭയെ കൂട്ടുത്തരവാദിത്തത്തോടെ പരിപാലിക്കാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ ഒക്ടോബറിലെ പ്രാര്‍ത്ഥനാ നിയോഗം

വത്തിക്കാന്‍ സിറ്റി: സഭയില്‍ വൈദികരും മതവിശ്വാസികളും അല്‍മായരും ഒരുമിച്ചു പങ്കിടുന്ന കൂട്ടുത്തരവാദിത്തത്തിന്റെ മനോഭാവം വളര്‍ത്തിയെടുക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പയുടെ ഒക്ടോബര്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗം. 'പങ്കുവയ്ക്കപ്പെടുന്ന മിഷന്‍ ദൗത്യത്തിനായി പ്രാര്‍ഥിക്കുക' എന്നതാണ് മാര്‍പാപ്പയുടെ ഈ പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗം.

സിനഡാലിറ്റിയെക്കുറിച്ചുള്ള പതിനാറാമത് മെത്രാന്‍ സിനഡ് ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച പശ്ചാത്തലത്തിലാണ് സിനഡലിറ്റിയുടെ പാത സ്വീകരിക്കാന്‍ ഓര്‍മിപ്പിച്ചുകൊണ്ട് മാര്‍പ്പാപ്പയുടെ ആഗോള പ്രാര്‍ത്ഥനാ ശൃംഖല (വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ് വര്‍ക്ക്) വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പ്രമേയം 'ഒരു സിനഡല്‍ സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, മിഷന്‍' എന്നതാണ്.



എല്ലാ വിശ്വാസികളും തങ്ങളാല്‍ കഴിയും വിധത്തില്‍ മിഷനില്‍ പങ്കാളികളാകാനും ഒരുമിച്ചു നടക്കാനും സിനഡാലിറ്റിയുടെ പാത സ്വീകരിക്കാനും കൂട്ടുത്തരവാദിത്തമുള്ളവരായി സഭയുടെ കൂട്ടായ്മയില്‍ ജീവിക്കാനും മാര്‍പാപ്പ ഉദ്‌ബോധിപ്പിക്കുന്നു. ഒാരോരുത്തരുടെയും തൊഴിലുകള്‍ വ്യത്യസ്തമായാലും എല്ലാവര്‍ക്കും മിഷന്‍ ദൗത്യം ഉണ്ടെന്നും സ്വന്തം ജീവിതം കൊണ്ട് സാക്ഷ്യം വഹിക്കാനും പാപ്പ വിശ്വസി സമൂഹത്തെ ഓര്‍മിപ്പിച്ചു.

'നാം സിനഡാലിറ്റിയുടെ പാതയിലൂടെ ഒരുമിച്ചുനടക്കണം. നിങ്ങള്‍ എന്നോടു ചോദിച്ചേക്കാം, ഒരു ബസ് ഡ്രൈവര്‍ എന്ന നിലയില്‍ എനിക്ക് എന്തു ചെയ്യാന്‍ കഴിയും?, ഒരു കര്‍ഷകന്‍, ഒരു മത്സ്യത്തൊഴിലാളി എന്ന നിലയില്‍ എനിക്ക് എന്തുചെയ്യാന്‍ കഴിയും?. എന്നൊക്കെ...

നാമെല്ലാവരും ചെയ്യേണ്ടത്, നമ്മുടെ ജീവിതംകൊണ്ട് സാക്ഷ്യം വഹിക്കുക എന്നതാണ്. സഭയുടെ ദൗത്യത്തിന്റെ കൂട്ടുത്തരവാദിത്തം ഏറ്റെടുക്കുക. അതിലൂടെ പുരോഹിതന്മാര്‍ക്കും സമര്‍പ്പിതര്‍ക്കും വിശ്വാസികള്‍ക്കുമിടയില്‍ പങ്കാളിത്തം, കൂട്ടായ്മ, മിഷന്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന സിനഡല്‍ ജീവിതശൈലിയെ സഭ പിന്തുണയ്ക്കുന്നതു തുടരട്ടെ' - മാര്‍പാപ്പ വിശദമാക്കി.

പുരോഹിന്മാര്‍ ഒരിക്കലും അല്‍മായരുടെ മേലധികാരികളല്ല, അവരുടെ ഇടയന്മാരാണെന്ന് ഓര്‍മിപ്പിച്ച പാപ്പ യേശു നമ്മോട് ആവശ്യപ്പെടുന്നത് പരസ്പരപൂരകമായി വര്‍ത്തിക്കാനാണെന്നും വിശദീകരിക്കുന്നു. മാമ്മോദീസ സ്വീകരിച്ച എല്ലാവരോടുമായി പാപ്പ, സഭ തങ്ങളുടെ ഭവനമാണെന്നും അതിനാല്‍, സഭയെ പരിപാലിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.