യമനില്‍ നാല് ലക്ഷം കുട്ടികള്‍ പട്ടിണി മരണത്തിലേക്ക്: മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

യമനില്‍ നാല് ലക്ഷം കുട്ടികള്‍ പട്ടിണി  മരണത്തിലേക്ക്: മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

സന്‍ആ: ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്നു പോയ യമനില്‍ നാല് ലക്ഷം കുട്ടികള്‍ പട്ടിണി മരണത്തിന്റെ വക്കിലാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. അടിയന്തര ചികില്‍സ ലഭ്യമാക്കിയില്ലെങ്കില്‍ അഞ്ച് വയസ്സിന് താഴെയുള്ള ആയിരക്കണക്കിന് കുരുന്നുകള്‍ പട്ടിണി കിടന്നും പോഷകാഹാര കുറവും മൂലം മരിച്ചുവീഴുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കി.

യമന്‍ ലോകത്തെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയാണെന്ന് യുഎന്‍ വ്യക്തമാക്കുന്നു. രാജ്യത്തെ 30 ദശലക്ഷം ജനങ്ങളില്‍ 80 ശതമാനത്തിനും സഹായം ആവശ്യമുണ്ട്. യമന്‍ വിനാശകരമായ ക്ഷാമത്തില്‍ അകപ്പെടുമെന്നതില്‍ സംശയമില്ലെന്നും ഐക്യരാഷ്ട്ര സഭ വക്താവ് പറഞ്ഞു.

തലസ്ഥാനമായ സന്‍ആ പിടിച്ചടക്കിയ ഇറാന്‍ സഖ്യകക്ഷിയായ ഹൂതി ഗ്രൂപ്പിനെതിരെ പോരാടുന്ന സര്‍ക്കാര്‍ സേനയെ പിന്തുണച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം യമനില്‍ ഇടപെട്ടതിനുശേഷം പോരാളികളും സാധാരണക്കാരും ഉള്‍പ്പടെ ഒരു ലക്ഷത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ആഭ്യന്തര സംഘര്‍ഷം ഏഴാംവര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്.

യുദ്ധത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യവും കറന്‍സിയുടെ മൂല്യ തകര്‍ച്ചയും രാജ്യത്തെ വന്‍ ക്ഷാമത്തിലേക്ക് എത്തിച്ചതിനൊപ്പം കൊവിഡ് കൂടി ബാധിച്ചതോടെ ദുരിതം ഇരട്ടിച്ചു. 2020ലേക്കാള്‍ ഗുരുതരമാണ് ഇപ്പോഴുള്ള അവസ്ഥ. പട്ടിണി മരണങ്ങളും ദാരിദ്ര്യവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 22 ശതമാനം വര്‍ദ്ധിച്ചു.

മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാതെ പ്രശ്നത്തിന് പരിഹാരം കാണാനാവില്ലെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. കുട്ടികളേയും സ്ത്രീകളേയുമാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഓരോ ദിവസവും പട്ടിണി മൂലം മരിച്ചുവീഴുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയാണന്നും യൂനിസെഫ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹെന്റിയെറ്റ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.