ബുർക്കിനാ ഫാസോയിൽ കൂട്ടക്കുരുതി; തീവ്രവാദികളുടെ ആക്രമണത്തിൽ അറുനൂറോളം പേർ കൊല്ലപ്പെട്ടു

ബുർക്കിനാ ഫാസോയിൽ കൂട്ടക്കുരുതി; തീവ്രവാദികളുടെ ആക്രമണത്തിൽ അറുനൂറോളം പേർ കൊല്ലപ്പെട്ടു

ബർസാലോഖോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിലെ ബർസാലോഗോ പട്ടണത്തിൽ അൽ ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 600 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മാലി ആസ്ഥാനമായുള്ളതും ബുർക്കിനാ ഫാസോയിൽ സജീവവുമായ അൽ ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ ജമാത്ത് നുസ്രത്ത് അൽ - ഇസ്ലാം വാൽ - മുസ്ലിമിൻ (ജെ.എൻ.ഐ.എം) തീവ്രവാദികളാണ് ഗ്രാമവാസികളെ കൊന്നൊടുക്കിയത്.

അടുത്തിടെ നടന്ന ആക്രമണത്തിൽ അറുന്നൂറോളം പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മണിക്കൂറുകൾ കൊണ്ടാണ് ക്രൂരകൃത്യം ചെയ്തതെന്നും രക്ഷപ്പെട്ട നാട്ടുകാർ ചേർന്ന് മൂന്ന് ദിവസമെടുത്താണ് കൊല്ലപ്പെട്ടവരുടെ മൃത ശരീരങ്ങൾ ശേഖരിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ബർസാലോഖോയിൽ നാട്ടുകാർ സുരക്ഷയ്ക്കായുള്ള ട്രെ‍ഞ്ചുകൾ കുഴിക്കുന്നതിനിടെയായിരുന്നു ആക്രമണം. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാ​ഗവും. 2015 മുതൽ കലാപങ്ങൾ വലച്ചുകൊണ്ടിരിക്കുന്ന ബുർക്കിനാ ഫാസോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായാണ് പുതിയ സംഭവവികാസം വിലയിരുത്തപ്പെടുന്നത്. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു.

200 പേർ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞപ്പോൾ 300 പേരെന്നാണ് തീവ്രവാദ സംഘടന അവകാശപ്പെട്ടത്. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600-ഓളം വരുമെന്നാണ് ഫ്രഞ്ച് സർക്കാരിന്റെ സുരക്ഷാ വിലയിരുത്തൽ ടീമിനെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തത്.

തീവ്രവാദികൾ മോട്ടോർ സൈക്കിളുകളിൽ ബർസാലോഗോയുടെ പ്രാന്തപ്രദേശത്തേക്ക് അതിക്രമിച്ചുകയറുകയും ഗ്രാമവാസികളെ വെടിവയ്ക്കുകയും ചെയ്തതായി സോഷ്യൽ മീഡിയയിൽ ജെ. എൻ. ഐ. എം അനുകൂല അക്കൗണ്ടുകളിൽ നിന്ന് പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നു.

എവിടെ നോക്കിയാലും ചോരയും നിലവിളികളുമായിരുന്നെന്ന് അക്രമികളിൽ നിന്ന് രക്ഷപ്പെട്ടവരിൽ ഒരാൾ പറഞ്ഞു. ട്രെഞ്ചിനകത്ത് താൻ ഒളിച്ചിരിക്കുകയായിരുന്നെന്നും അദേഹം പറഞ്ഞു. പ്രദേശത്ത് മൃതശരീരങ്ങൾ ചിന്നിച്ചിതറിക്കിടക്കുകയായിരുന്നെന്നാണ് ആക്രമണത്തിൽ കുടുംബത്തിലെ രണ്ടം​ഗങ്ങളെ നഷ്ടമായ നാട്ടുകാരൻ പറഞ്ഞത്. മൂന്ന് ദിവസങ്ങളെടുത്താണ് നാട്ടുകാർ ചേർന്ന് മൃതദേഹങ്ങൾ ശേഖരിച്ചത്. സംസ്കരിക്കാൻ പോലും സാധിക്കാത്ത വിധമുള്ള മൃതദേഹങ്ങളുമുണ്ടായിരുന്നെന്നും അദേഹം പറ‍ഞ്ഞു.

പ്രദേശത്തെ തീവ്രവാദികളിൽ നിന്ന് സംരക്ഷണം നേടാനായി പട്ടണത്തിന് ചുറ്റും വിശാലമായ കിടങ്ങ് കുഴിക്കാൻ സൈന്യം പ്രദേശവാസികളോട് നിർദേശിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം കലാപം അമർച്ച ചെയ്യാൻ സൈന്യത്തെ സഹായിക്കരുതെന്ന് തീവ്രവാദ സംഘടന ജനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അനാലിസിസ് സംഘമായ എ.സി.എൽ.ഇ.ഡിയുടെ കണക്ക് പ്രകാരം ഈ വർഷം മാത്രം 3800 പേരാണ് തീവ്രവാദി ആക്രമണങ്ങളിൽ ബുർക്കിനാ ഫാസോയിൽ കൊല്ലപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.