വെല്ലിങ്ടണ്‍: എഴുപത്തഞ്ച് ജീവനക്കാരുമായി സഞ്ചരിച്ച റോയല്‍ ന്യൂസിലന്‍ഡ് നേവിയുടെ കപ്പല്‍ പസഫിക് സമുദ്രത്തിലെ സമോവ ദ്വീപ് തീരത്ത് മുങ്ങി. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ന്യൂസിലന്‍ഡ് ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു. രക്ഷപ്പെടുത്തിയവരില്‍ ചിലര്‍ക്ക് നിസാര പരിക്കുകളുണ്ടെന്നും 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ന്യൂസിലന്‍ഡ് നാവികസേനയ്ക്ക് ഒരു കപ്പല്‍ അപകടത്തില്‍ നഷ്ടപ്പെടുന്നത്.
നാവികസേനയുടെ സ്‌പെഷ്യലിസ്റ്റ് ഡൈവിങ് ആന്‍ഡ് ഹൈഡ്രോഗ്രാഫിക് കപ്പലായ 'മാനവനുയി'യാണ് മുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി സമോവയിലെ ഉപോലു ദ്വീപിന് സമീപം റീഫ് സര്‍വേ നടത്തുന്നതിനിടെയാണ് അപകടം. സമീപത്തുണ്ടായിരുന്ന നിരവധി കപ്പലുകള്‍ ഉടനടി സഹായത്തിനെത്തുകയും ലൈഫ് ബോട്ടുകളില്‍ ജീവനക്കാരെ രക്ഷിച്ചതായും ന്യൂസിലന്‍ഡ് ഡിഫന്‍സ് ഫോഴ്സിന്റെ മാരിടൈം കമാന്‍ഡര്‍ കമോഡോര്‍ ഷെയ്ന്‍ ആര്‍ന്‍ഡല്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി റോയല്‍ ന്യൂസിലന്‍ഡ് എയര്‍ഫോഴ്സും സൈന്യത്തെ വിന്യസിച്ചു.
അപകടത്തിന്റെ കാരണം അജ്ഞാതമാണെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കപ്പല്‍ മുങ്ങിയതിന്റെ ഫലമായി എണ്ണ ചോര്‍ച്ച ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സമോവയുടെ ആക്ടിങ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.
കപ്പല്‍ മുങ്ങിയതിന്റെ പാരിസ്ഥിതിക ആഘാതം കുറയ്ക്കാന്‍ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു. ന്യൂസിലന്‍ഡിനു ചുറ്റുമായി സൗത്ത് വെസ്റ്റ് പസഫിക്കിലുടനീളം സ്‌പെഷ്യലിസ്റ്റ് ഡൈവിങ്, സര്‍വേകള്‍ എന്നിവ നടത്താന്‍ 'മാനവനുയി' ഉപയോഗിച്ചിരുന്നു.
രക്ഷപ്പെടുത്തിയ ജീവനക്കാരെയും യാത്രക്കാരെയും ന്യൂസിലന്‍ഡിലേക്ക് തിരികെ കൊണ്ടുവരാന്‍ സമോവയിലേക്ക് വിമാനം അയച്ചതായി നേവി ചീഫ് റിയര്‍ അഡ്മിറല്‍ ഗാരിന്‍ ഗോള്‍ഡിങ് ഓക്ലന്‍ഡില്‍ പറഞ്ഞു. ഇതിനകം തന്നെ ജീവനക്കാരുടെ കുറവ് കാരണം ന്യൂസിലന്‍ഡിന്റെ ഒമ്പത്
ഒമ്പത് കപ്പലുകളില്‍ മൂന്നെണ്ണം പ്രവര്‍ത്തനശേഷി കുറച്ചതായി 'ദി ഗാര്‍ഡിയന്‍' പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.