മെല്‍ബണിലെ ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കാ ബിഷപ്പിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി ഫ്രാന്‍സിസ് പാപ്പ; ഓസ്‌ട്രേലിയയിലെ ഉക്രെയ്ന്‍ ജനതയ്ക്ക് ആഹ്‌ളാദ മുഹൂര്‍ത്തം

മെല്‍ബണിലെ ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കാ ബിഷപ്പിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി ഫ്രാന്‍സിസ് പാപ്പ; ഓസ്‌ട്രേലിയയിലെ ഉക്രെയ്ന്‍ ജനതയ്ക്ക് ആഹ്‌ളാദ മുഹൂര്‍ത്തം

മെല്‍ബണ്‍: ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ച 21 കര്‍ദിനാള്‍മാരുടെ പട്ടികയില്‍ മെല്‍ബണിലെ ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ ബിഷപ്പ് മൈക്കോള ബൈചോക്കും. കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന്റെ മരണശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയ ആസ്ഥാനമായുള്ള ബിഷപ്പ് കര്‍ദിനാളായി ഉയര്‍ത്തപ്പെടുന്നത്. ഡിസംബര്‍ എട്ടിന് വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടക്കുന്ന ചടങ്ങില്‍ ബിഷപ്പ് മൈക്കോള ബൈചോക്ക് കര്‍ദിനാളായി അഭിഷിക്തനാകും.

സിറോ മലബാര്‍ സഭയുടെ ചങ്ങനാശേരി അതിരൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരെയാണ് കഴിഞ്ഞ ദിവസം വത്തിക്കാനില്‍ നടന്ന പ്രഖ്യാപനത്തിലൂടെ പാപ്പ കര്‍ദിനാള്‍മാരായി ഉയര്‍ത്തിയത്. ഇറാന്‍, ഇന്തോനേഷ്യ, ജപ്പാന്‍, ഫിലിപ്പൈന്‍സ് എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍നിന്നുമുള്ളരാണ് പുതിയ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

ഉക്രെയ്ന്‍ വംശജനായ ബൈചോക്കിനെ 2020-ലാണ് മാര്‍പാപ്പ ബിഷപ്പായി നിയമിച്ചത്. തുടര്‍ന്ന് ഓസ്ട്രേലിയയിലേക്ക് സ്ഥലം മാറി. മാര്‍പാപ്പ പ്രഖ്യാപിച്ച 21 കര്‍ദിനാള്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് 44 കാരനായ ബിഷപ്പ് ബൈചോക്ക്.

ബിഷപ്പ് ബൈചോക്കിന്റെ നിയമനത്തെ ഉക്രെയ്‌നിയന്‍ കാത്തലിക് ചര്‍ച്ച് ഓഫ് ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഓഷ്യാനിയ എന്നിവ സ്വാഗതം ചെയ്തു. 'ഇത് ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കാ സഭയ്ക്കും ഉക്രെയ്ന്‍ ജനതയ്ക്കും സുപ്രധാന സംഭവമാണ്. മെല്‍ബണ്‍ രൂപതയിലെ എല്ലാ വൈദികരുടെയും വിശ്വാസികളുടെയും പേരില്‍ ബിഷപ്പ് മൈക്കോളയെ അഭിനന്ദിക്കുന്നു'.

ആര്‍ച്ച് ബിഷപ്പ് ഫ്രാങ്ക് ലിയോ (ടൊറന്റോ, കാനഡ), ആര്‍ച്ച് ബിഷപ്പ് ടാര്‍സിസിയോ ഈസാവോ കികുച്ചി (ടോക്കിയോ, ജപ്പാന്‍), ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ജോസഫ് മാത്യു (ടെഹ്‌റാന്‍-ഇസ്പഹാന്‍, ഇറാന്‍), ആര്‍ച്ച് ബിഷപ്പ് കാര്‍ലോസ് കാസ്റ്റില്ലോ മാറ്റസോഗ്ലിയോ (ലിമ, പെറു), ഫാ. തിമോത്തി റാഡ്ക്ലിഫ് (യുകെ, ദൈവശാസ്ത്രജ്ഞനും ഡൊമിനിക്കന്‍ ഓര്‍ഡറിന്റെ മുന്‍ തലവനുമാണ്), ആര്‍ച്ച് ബിഷപ്പ് ലൂയിസ് ജെറാര്‍ഡോ കാബ്രേര ഹെരേര (ഗ്വായാകില്‍, ഇക്വഡോര്‍), ബിഷപ്പ് പാബ്ലോ വിര്‍ജിലിയോ ഡേവിഡ് (കലൂക്കന്‍, ഫിലിപ്പീന്‍സ്), ആര്‍ച്ച് ബിഷപ്പ് ജെയിം സ്പെംഗ്ലര്‍ (പോര്‍ട്ടോ അലെഗ്രെ, ബ്രസീല്‍) എന്നിവരെയും മാര്‍പാപ്പ കര്‍ദിനാള്‍മാരായി ഉയര്‍ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26