വത്തിക്കാന്‍ സിറ്റി: പരസ്പര സ്‌നേഹത്തിലൂടെ വിവാഹ ബന്ധത്തെ ദൃഢമാക്കുന്നതില്‍ സ്ഥിരോത്സാഹമുള്ളവരാകണമെന്നും ജീവന്‍ എന്ന അമൂല്യദാനത്തെ സന്തോഷപൂര്‍വ്വം സ്വീകരിക്കാന്‍ സന്നദ്ധരാകണമെന്നും ദമ്പതികളെ ഓര്‍മ്മപ്പെടുത്തി ഫ്രാന്‍സിസ് പാപ്പാ.
ഞായറാഴ്ച ത്രികാലജപ പ്രാര്‍ത്ഥനയ്ക്കായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒരുമിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളെ അഭിസംബോധന ചെയ്ത് അവരോട് സംസാരിക്കവെയാണ് പരിശുദ്ധ പിതാവ് ഇക്കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിയത്. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തില്‍, ദാമ്പത്യ സ്‌നേഹത്തെക്കുറിച്ച് യേശു പഠിപ്പിക്കുന്ന ഭാഗമാണ് (മര്‍ക്കോസ് 10: 2-16) പാപ്പാ ഈയാഴ്ച വിചിന്തനവിഷയമാക്കിയത്.
യേശുവിനെ പരീക്ഷിക്കാനും വിവാദം സൃഷ്ടിക്കാനും വേണ്ടി ഏതാനും ചില ഫരിസേയര്‍ അവിടുത്തോട് ഒരു ചോദ്യം ചോദിക്കുന്നതായി സുവിശേഷ വായനയില്‍ നാം കാണുന്നു, 'ഒരുവന്‍ ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ?' - ഇതായിരുന്നു അവരുടെ ചോദ്യം. യേശുവിനെ ഒരു വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. എന്നാല്‍ അവിടുന്ന് അവരുടെ ഇംഗിതത്തിന് വഴങ്ങിയില്ല. പകരം, ദൈവികപദ്ധതി പ്രകാരം ദാമ്പത്യ ബന്ധത്തില്‍ ഒരു പുരുഷനും സ്ത്രീയും തമ്മില്‍ ഉണ്ടാകേണ്ട മൂല്യവത്തായ സ്‌നേഹത്തെക്കുറിച്ച് പഠിപ്പിച്ചുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചര്‍ച്ചയിലേക്ക് കര്‍ത്താവ് അവരുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ചെയ്തത് - പാപ്പാ ചൂണ്ടിക്കാട്ടി.
യേശുവിന്റെ കാലത്ത്, വിവാഹ ജീവിതത്തില്‍ സ്ത്രീകളുടെ അവസ്ഥ പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ പ്രതികൂലമായിരുന്നു എന്ന കാര്യം മാര്‍പാപ്പ അനുസ്മരിച്ചു. നിസാരമായ കാരണങ്ങളാല്‍ ഭര്‍ത്താവിന് ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ കഴിയുമായിരുന്നു. വിശുദ്ധ ലിഖിതങ്ങള്‍ കേവലം നൈയാമികമായി വ്യാഖ്യാനിച്ച് അവര്‍ അതിന് ന്യായീകരണം കണ്ടെത്തിയിരുന്നു. ഇക്കാരണത്താലാണ്, ദാമ്പത്യ സ്‌നേഹത്തിന്റെ ആവശ്യകതയെപ്പറ്റി യേശു അവര്‍ക്ക് പ്രബോധനം നല്‍കിയത്.
പുരുഷനും സ്ത്രീയും തുല്യ അന്തസുള്ളവരും എന്നാല്‍ പരസ്പര പൂരകങ്ങളായ, വൈവിധ്യമുള്ളവരുമായിരിക്കണം എന്നതായിരുന്നു സൃഷ്ടാവിന്റെ തിരുവുള്ളം. അപ്രകാരമാണ് ഒരാള്‍ക്ക് മറ്റേയാളുടെ ഇണയും തുണയുമാകാന്‍ സാധിക്കുന്നത്. യേശു നമ്മെ ഓര്‍മ്മപ്പെടുത്തിയത് ഈ കാര്യമാണെന്ന് മാര്‍പാപ്പ പറഞ്ഞു.
ഇത് സാധ്യമാകണമെങ്കില്‍ ദമ്പതികള്‍ പൂര്‍ണമായ തോതില്‍ എല്ലാ സമയവും പരസ്പരം ദാനമായിത്തീരണം. അത് ഒരാള്‍ക്ക് ഇഷ്ടമുള്ള കാലത്തേക്ക് മാത്രമോ പകുതി അളവിലോ ആകാന്‍ പാടില്ല. വിഷമഘട്ടങ്ങളില്‍ പോലുമുള്ള വിശ്വസ്തത, ബഹുമാനം, ആത്മാര്‍ത്ഥത, ലാളിത്യം എന്നിവ ഇതിനാവശ്യമാണെന്ന് മാര്‍പാപ്പ ഊന്നിപ്പറഞ്ഞു. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളപ്പോള്‍ തുറന്ന ചര്‍ച്ചകള്‍ക്ക് അവര്‍ സന്നദ്ധരാകണം. പരസ്പരം ക്ഷമിക്കാനും അനുരഞ്ജനപ്പെടാനും ദമ്പതികള്‍ എപ്പോഴും തയാറായിരിക്കണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
ജീവനോടുള്ള ആദരവ്
അമേരിക്കയിലെ സഭ ഒക്ടോബറിലെ ആദ്യ ഞായറാഴ്ച ജീവനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി മാറ്റിവച്ചിട്ടുള്ള കാര്യം പരിശുദ്ധ പിതാവ് അനുസ്മരിച്ചു. ജീവനെന്ന ദാനത്തോട് ദമ്പതികള്‍ക്ക് തുറവിയുണ്ടായിരിക്കുക എന്നത് അത്യാവശ്യമാണെന്ന് മാര്‍പാപ്പ പറഞ്ഞു. കുഞ്ഞുങ്ങള്‍ സ്‌നേഹത്തിന്റെ ഏറ്റവും മനോഹരമായ ഫലങ്ങളും ദൈവത്തിന്റെ ഏറ്റവും മഹത്തായ ദാനങ്ങളുമാണ്. എല്ലാ കുടുംബങ്ങളുടെയും സമൂഹത്തിന്റെ തന്നെയും സന്തോഷത്തിന്റെയും പ്രത്യാശയുടെയും ഉറവിടങ്ങളാണ് അവര്‍ എന്ന് പാപ്പാ എടുത്തുപറഞ്ഞു. മക്കള്‍ക്ക് ജന്മം നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ തുറവിയുള്ളവരാകണമെന്ന് ക്രിസ്ത്യന്‍ ദമ്പതികളോട് പാപ്പ ആഹ്വാനം ചെയ്തു.
ആത്മശോധനയ്ക്കായുള്ള ചോദ്യങ്ങള്‍
ഇക്കാര്യങ്ങളെല്ലാം മനസില്‍ വച്ചുകൊണ്ട് സ്വയം ചോദിക്കാനായി ഏതാനും ചോദ്യങ്ങളും പാപ്പാ മുന്നോട്ടുവച്ചു. നമ്മുടെ സ്‌നേഹം എപ്രകാരമുള്ളതാണ്? അത് ഉദാരവും വിശ്വസ്തവുമാണോ? നമ്മുടെ കുടുംബങ്ങള്‍ ജീവനോടും ദൈവത്തിന്റെ ദാനമായ സന്താനങ്ങളെ സ്വീകരിക്കുന്നതിനോടും തുറവിയുള്ളവയാണോ?
'പരമ്പരാഗതമായ ജപമാല പ്രാര്‍ത്ഥനയ്ക്കായി പോംപെയിലെ ജപമാല രാജ്ഞിയുടെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഒരുമിച്ചുകൂടിയിരിക്കുന്ന വിശ്വാസികളോടുള്ള ആത്മീയ കൂട്ടായ്മയില്‍ നമുക്കും പ്രാര്‍ത്ഥിക്കാം' - ഈ ആഹ്വാനത്തോടെ ക്രിസ്തീയ ദമ്പതികളുടെ സഹായമായ പരിശുദ്ധ കന്യകാമറിയത്തിനു മുമ്പില്‍ യാചനകള്‍ അര്‍പ്പിച്ചുകൊണ്ട് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.