ഒമര്‍ അബ്ദുള്ള ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയാകും; പ്രഖ്യാപനം നടത്തി ഫറൂഖ് അബ്ദുള്ള

 ഒമര്‍ അബ്ദുള്ള ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയാകും; പ്രഖ്യാപനം നടത്തി ഫറൂഖ് അബ്ദുള്ള

ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ജമ്മു കാശ്മീരിന്റെ പുതിയ മുഖ്യമന്ത്രിയാകും. ഒമറിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പത്ത് വര്‍ഷത്തിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം 48 സീറ്റ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചതിനു പിന്നാലെയാണ് ഫറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.

'ജനങ്ങള്‍ അവുടെ അധികാരം വിനിയോഗിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ എടുത്ത തീരുമാനം അംഗീകരിക്കുന്നില്ലെന്ന് അവര്‍ തെളിയിച്ചു. ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകും'- ഫറൂഖ് അബ്ദുള്ള പറഞ്ഞു.

നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തെ വിജയിപ്പിച്ചതിന് വോട്ടര്‍മാരോട് നന്ദി അറിയിക്കുന്നതായി ഒമര്‍ അബ്ദുള്ള പറഞ്ഞു. തങ്ങള്‍ പ്രതീക്ഷിച്ചതിലുമധികം ആളുകള്‍ പിന്തുണ നല്‍കി. ഈ വോട്ടുകള്‍ക്ക് തങ്ങള്‍ അര്‍ഹരാണെന്ന് തെളിയിക്കാനാണ് ഇനിയുള്ള ശ്രമമെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.

വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സും സഖ്യകക്ഷിയായ കോണ്‍ഗ്രസും ഇതുവരെ 46 സീറ്റില്‍ വിജയിക്കുകയും മൂന്ന് സീറ്റില്‍ ലീഡ് ചെയ്യുകയും ചെയ്യുന്നു.

ആകെ 90 സീറ്റുകളിലാണ് ജമ്മു കശ്മീര്‍ നിയസഭയിലുള്ളത്. മുഖ്യഎതിരാളിയായ ബിജെപി 29 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ മൂന്നു സീറ്റുകളില്‍ മെഹ്ബൂബ മുഫ്തിയുടെ പിഡിപിയാണ് ലീഡ് ചെയ്യുന്നത്.

ബുദ്ഗാം, ഗന്ദര്‍ബല്‍ എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് ഒമര്‍ അബ്ദുള്ള ജനവിധി തേടിയത്. രണ്ടിലും വിജയം നേടുകയും ചെയ്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.