'വെല്‍കം ടു സെക്‌സ്'; പ്രധാനമന്ത്രിയുടെ അവാര്‍ഡിനായി തെരഞ്ഞെടുത്ത പുസ്തകം വിവാദത്തില്‍: 'സിറ്റിസണ്‍ ഗോ'യുടെ പ്രതിഷേധ ക്യാമ്പെയ്‌നില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം

'വെല്‍കം ടു സെക്‌സ്'; പ്രധാനമന്ത്രിയുടെ അവാര്‍ഡിനായി തെരഞ്ഞെടുത്ത പുസ്തകം വിവാദത്തില്‍: 'സിറ്റിസണ്‍ ഗോ'യുടെ പ്രതിഷേധ ക്യാമ്പെയ്‌നില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം

കാന്‍ബറ: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ സാഹിത്യ അവാര്‍ഡിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത പുസ്തകത്തെച്ചൊല്ലി രാജ്യത്ത് വിവാദം ശക്തമാകുന്നു. എട്ടു വയസു മുതല്‍ മുകളിലേക്കുള്ള കുട്ടികള്‍ക്കായി തയാറാക്കിയ 'വെല്‍കം ടു സെക്‌സ്' എന്ന പുസ്തകമാണ് വിവാദക്കൊടുങ്കാറ്റ് ഉയര്‍ത്തിവിട്ടിരിക്കുന്നത്. ലൈംഗിക ഉള്ളടക്കവും അതിന്റെ ഗ്രാഫിക് ചിത്രീകരണവുമടങ്ങുന്ന പുസ്തകം വലിയ ചര്‍ച്ചകള്‍ക്കും ആശങ്കയ്ക്കുമാണ് തുടക്കമിട്ടിരിക്കുന്നത്.

കുട്ടികളെ ലക്ഷ്യമിട്ടുള്ള ഗൈഡ്ബുക്കില്‍ ലൈംഗികത, സ്വയംഭോഗം, ലിംഗഭേദം, എല്‍.ജി.ബി.ടി.ക്യു പ്രശ്‌നങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് ചിത്രീകരണത്തോടൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ ലൈംഗിക കാര്യങ്ങളിലുള്ള സ്വഭാവിക ജിജ്ഞാസയെ ചൂഷണം ചെയ്യുന്ന വിധമാണ് പുസ്തകത്തിലെ ഉള്ളടക്കം. ഈ പുസ്തകം പ്രായത്തിന് അനുയോജ്യമല്ലെന്നുള്ള വിമര്‍ശനം രാജ്യത്ത് ഉയര്‍ന്നുകഴിഞ്ഞു. മെലിസ കാങ്ങ്, യൂമി സ്റ്റീന്‍സ് എന്നിവരാണ് പുസ്തകത്തിന്റെ രചയിതാക്കള്‍.

പ്രധാനമന്ത്രിയുടെ സാഹിത്യ പുരസ്‌കാരങ്ങളില്‍ 'യങ് അഡള്‍ട്ട് കാറ്റഗറി' എന്ന വിഭാഗത്തിലാണ് ഈ ഗ്രാഫിക് സെക്സ് എജ്യുക്കേഷന്‍ പുസ്തകം ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. പുരസ്‌കാരം ലഭിച്ചില്ലെങ്കില്‍ പോലും ഷോര്‍ട്ട്ലിസ്റ്റ് ചെയ്തതിലൂടെ ഈ പുസ്തകത്തിന് സര്‍ക്കാര്‍ ദേശീയ അംഗീകാരം നല്‍കിക്കഴിഞ്ഞു.

പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും യുവമനസുകളില്‍ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുമുള്ള മാതാപിതാക്കളുടെ ആശങ്ക പ്രധാനമന്ത്രി ആന്റണി അല്‍ബനീസിയെ അറിയിക്കാന്‍ 'സിറ്റിസണ്‍ ഗോ' എന്ന സന്നദ്ധ സംഘടന അവരുടെ വെബ്‌സൈറ്റില്‍ ഒപ്പുശേഖരണ ക്യാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. ഓസ്ട്രലിയന്‍ രാഷ്ട്രീയ നേതാവായ ജോര്‍ജ് റോബര്‍ട്ട് ക്രിസ്റ്റെന്‍സന്‍ ആരംഭിച്ച പ്രതിഷേധ ക്യാമ്പെയ്ന് പിന്തുണയര്‍പ്പിച്ച് ഇതിനകം എണ്ണായിരത്തിലേറെ പേര്‍ നിവേദനത്തില്‍ ഒപ്പിട്ടുകഴിഞ്ഞു.

വളരെയധികം അസ്വസ്ഥതയുളവാക്കുന്ന ഇത്തരം പുസ്തകങ്ങള്‍ക്ക് അംഗീകാരങ്ങള്‍ നല്‍കുന്നതിലൂടെ കുട്ടികളുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യാനും അരാജകത്വ പ്രത്യയശാസ്ത്രങ്ങള്‍ അവരുടെ ഉള്ളിലേക്ക് കുത്തിനിറയ്ക്കാനുമുള്ള സാധ്യതയാണ് തുറക്കപ്പെടുന്നത്. പുസ്തകത്തിലെ ലൈംഗിക ഉള്ളടക്കം കുട്ടികള്‍ പരീക്ഷിച്ചുനോക്കാന്‍ സാധ്യതയുണ്ടെന്ന ഗുരുതരമായ മുന്നറിയിപ്പും ജോര്‍ജ് റോബര്‍ട്ട് ക്രിസ്റ്റെന്‍സന്‍ നല്‍കുന്നു. ഇതിനെതിരേയുള്ള പ്രതിരോധമെന്ന നിലയിലാണ് ഒപ്പുശേഖരണ ക്യാമ്പെയ്ന്‍ നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു.

രക്ഷിതാക്കളുടെ പ്രതിഷേധത്തെതുടര്‍ന്ന് പ്രമുഖ റീട്ടെയിലര്‍മാര്‍ ഈ പുസ്തകം ഇതിനകം പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തന്നെ അത് സാഹിത്യ മികവിന്റെ ഉദാഹരണമായി ഉയര്‍ത്തിപ്പിടിക്കുന്നു. കുട്ടികളുടെ നിഷ്‌കളങ്കത സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരു രക്ഷിതാവിനും സര്‍ക്കാരിന്റെ ഈ നീക്കം അംഗീകരിക്കാനാകില്ല. രക്ഷിതാക്കള്‍ക്ക് നിയന്ത്രണത്തെ മറികടന്ന് ചെറുപ്പത്തില്‍ തന്നെ ഹാനികരമായ പ്രത്യയശാസ്ത്രങ്ങള്‍ കുട്ടികളില്‍ കുത്തിനിറയ്ക്കാനുള്ള നിഗൂഢമായ അജണ്ടകളെ ചെറുത്തുതോല്‍പ്പിക്കണമെന്നും നിവേദനത്തില്‍ പറയുന്നു.

സര്‍ക്കാര്‍ ഈ പുസ്തകത്തെ പരസ്യമായി അപലപിക്കുകയും പ്രധാനമന്ത്രിയുടെ സാഹിത്യ അവാര്‍ഡ് പ്രക്രിയയില്‍ മാറ്റങ്ങള്‍ വരുത്തുകയും വേണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെടുന്നത്. ഈ നിവേദനത്തില്‍ പങ്കാളികളാകുന്നതിലൂടെ ഇത്തരം അരാജകത്വ ആശയങ്ങളില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാനാകും. 'സിറ്റിസണ്‍ ഗോ'യുടെ ഉദ്യമത്തില്‍ നമുക്കും പങ്കുചേരാം. അതിനായി വെബ്‌സൈറ്റിന്റെ ലിങ്ക് ചുവടെ ചേര്‍ക്കുന്നു.

https://cgo.ac/sck1Belr

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.