കാന്‍ബറ: റദ്ദാക്കിയ വിമാന സര്‍വീസുകളുടെ ടിക്കറ്റുകള്‍ വിറ്റഴിച്ച സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടസിന് കോടതിയിലും വൻ തിരിച്ചടി. ഓസ്ട്രേലിയന്‍ സര്‍ക്കാരിന് 100 മില്യൺ ഡോളർ പിഴ അടക്കണമെന്ന് കോടതി പറഞ്ഞു. സർവ്വീസുകൾ റദ്ദാക്കിയത് മുന്‍കൂട്ടി അറിയിക്കാതെ യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് എല്ലാ ബിസിനസുകൾക്കും ശക്തമായ സൂചന നൽകുന്ന നടപടിയുടെ ഭാഗമാണിതെന്നും കോടതി നിരീക്ഷിച്ചു.
കോടതി നടപടി വേഗത്തിൽ പരിഹരിക്കുന്നതിന് ക്വാണ്ടാസിൻ്റെ സഹകരണം ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ ആവശ്യപ്പെട്ടു. സര്‍വീസ് റദ്ദാക്കുകയും കൃത്യമല്ലാതെ സര്‍വീസുകള്‍ പുനക്രമീകരിക്കുകയും ചെയ്തതില്‍ ബുദ്ധിമുട്ടിലായ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരവും നൽകേണ്ടതുണ്ട്. 2021 മെയ് മുതല്‍ 2022 ജൂലൈ വരെയുള്ള കാലയളവില്‍ റദ്ദാക്കിയ സര്‍വീസുകളുടെ 8,000-ത്തിലധികം ടിക്കറ്റുകള്‍ എയര്‍ലൈന്‍ വിറ്റഴിച്ചിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
ഉപഭോക്താക്കളെ നിരാശപ്പെടുത്തിയതു വഴി കമ്പനി അധപതിച്ചെന്ന് ക്വാണ്ടസ് ചീഫ് എക്‌സിക്യൂട്ടീവ് വനേസാ ഹഡ്‌സണ്‍ പറഞ്ഞു. 'റദ്ദാക്കിയത് മുന്‍കൂട്ടി കൃത്യമായി അറിയിക്കാത്തത് ഞങ്ങളുടെ ഉപഭോക്താക്കളെ ബാധിച്ചുവെന്ന് എനിക്കറിയാം, മാപ്പ് ചോദിക്കുന്നു. 103 വര്‍ഷം പഴക്കമുള്ള ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയാണ് ക്വാണ്ടസ്. ഇപ്പോള്‍ നഷ്ടപ്പെട്ട സല്‍പ്പേര് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും വനേസാ ഹഡ്‌സണ്‍ പറഞ്ഞു.
ക്വാണ്ടസിന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഓസ്‌ട്രേലിയയിലെ ഉപഭോക്തൃ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കാസ് ഗോട്ടിലെബ് നിരീക്ഷിച്ചു. ടിക്കറ്റുകള്‍ ബുക്ക് ചെയ്ത ധാരാളം യാത്രക്കാര്‍ തങ്ങളുടെ അവധി, ബിസിനസ്, മറ്റ് അവശ്യയാത്രകള്‍ എന്നിവയ്ക്ക് പദ്ധതിയിട്ടിരിക്കാം. അവരെയെല്ലാം കമ്പനിയുടെ നടപടി ബുദ്ധിമുട്ടിലാക്കിയെന്നും ഗോട്ടിലെബ് പറഞ്ഞു.
സമീപകാലത്തായി വിമാനക്കമ്പനി നിരവധി ആരോപണങ്ങള്‍ നേരിട്ടിരുന്നു. അമിതമായ ടിക്കറ്റ് നിരക്ക്, സേവനം നല്‍കുന്നതിലെ നിലവാരത്തകര്‍ച്ച, കോവിഡ് മഹാമാരിക്കിടെ 1,700 ഗ്രൗണ്ട് സ്റ്റാഫുകളെ പിരിച്ചുവിട്ടത് തുടങ്ങിയ ആരോപണങ്ങള്‍ നേരിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26