ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ സരസോട്ടയില്‍ കരതൊട്ട മില്‍ട്ടൻ കൊടുങ്കാറ്റ് സംഹാരതാണ്ഡവമാടുന്നു. കരയിലെത്തി ഏകദേശം മൂന്ന് മണിക്കൂറിനുള്ളില്‍ ഫ്‌ളോറിഡയിലുടനീളം വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി പേര്‍ മരിച്ചതായും ധാരാളം വീടുകൾ തകർന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.
20 ലക്ഷത്തോളം ആളുകള്‍ക്ക് വൈദ്യുതി ബന്ധം നഷ്ടമായി. വ്യവസായ സ്ഥാപനങ്ങളടക്കം ഇരുട്ടിലായി. കൊടുങ്കാറ്റ് കരയിലെത്തിയ സിയസ്റ്റ കീയ്ക്ക് സമീപം സരസോട്ട, മനാറ്റി, പിനെല്ലസ് കൗണ്ടികള്‍ ഉള്‍പ്പെടെ 70 ശതമാനം ഊര്‍ജ്ജ ഉപഭോക്താക്കളില്‍ കൂടുതല്‍ പേര്‍ക്കും വൈദ്യുതി ഇല്ലെന്ന് ചില കൗണ്ടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍ട്രല്‍ ഫ്‌ളോറിഡയിലെ ഹാര്‍ഡി കൗണ്ടി ഏതാണ്ട് പൂര്‍ണ്ണമായും ഇരുട്ടിലാണ്.
അതേസമയം സംസ്ഥാനത്തെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ശക്തമായ മഴ പെയ്യുകയാണ്. ഒരു മണിക്കൂറിനുള്ളില്‍ 16 ഇഞ്ച് മഴ പെയ്തു, അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു. പീറ്റേഴ്സ്ബര്‍ഗില്‍ കാറ്റിന്റെ വേഗത 84 മൈല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ടാംപയിലും പെരുമഴയാണ്. അക്രമാസക്തമായ കാറ്റും മഴയും റ്റാംപയെ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. അയല്‍പക്കത്തെ ആരെയും കാണാന്‍ പോലും കഴിയാത്തവിധമാണ് മഴയെന്നും റിപ്പോര്‍ട്ടുണ്ട്. റോഡില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്നും, വെള്ളപ്പൊക്കം കൂടുതല്‍ വഷളാകാന്‍ പോകുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലക്ഷക്കണക്കിന് ആളുകള്‍ വീടൊഴിഞ്ഞു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. നൂറ്റാണ്ടുകണ്ട ഏറ്റവും വിനാശകാരിയായ കൊടുങ്കാറ്റായിരിക്കും മില്‍ട്ടനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളപ്പൊക്കത്തിന് സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം നേരത്തെ നിര്‍ദേശിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.