മിൽട്ടൻ കൊടുങ്കാറ്റിൽ മരണം 19 ആയി; കൊടുങ്കാറ്റിന്റെ ബഹിരാകാശ ദൃശ്യം പുറത്തുവിട്ട് നാസ സഞ്ചാരി

മിൽട്ടൻ കൊടുങ്കാറ്റിൽ മരണം 19 ആയി; കൊടുങ്കാറ്റിന്റെ ബഹിരാകാശ ദൃശ്യം പുറത്തുവിട്ട് നാസ സഞ്ചാരി

ന്യൂയോർക്ക്: പടിഞ്ഞാറൻ ഫ്‌ളോറിഡയിൽ കരതൊട്ട യുഎസിന്റെ ചരിത്രത്തിലെ അതിശക്തമായ കൊടുങ്കാറ്റുകളിലൊന്നാണ് മിൽട്ടൻ. കാറ്റിൽ നിരവധി വീടുകൾ തകരുകയും പല സ്ഥലങ്ങളിലെ വൈദ്യുതി മുടങ്ങുകയും ചെയ്തു. ശക്തമായ കാറ്റിൽ 19 പേർക്ക്‌ ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. മണിക്കൂറിൽ 120 മൈൽ (195 കി മീ) വേഗതയിൽ കാറ്റ് വീശുമെന്ന് അമേരിക്കൻ കാലാവസ്ഥാ ഏജൻസിയായ നാഷണൽ ഹറികെയ്‌ൻ സെന്റർ അറിയിച്ചു.

ഉഷ്ണമേഖലാ - കൊടുങ്കാറ്റായ മിൽട്ടൻ കരയെതൊട്ടപ്പോൾ മണിക്കൂറിൽ 233.355 കിലോമീറ്റർ വേഗതയിൽ നിന്ന് 193 കിലോമീറ്ററായി വേഗം കുറഞ്ഞു. കാറ്റിനെ തുടർന്ന്‌ 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്. സെന്റ്‌ പീറ്റേഴ്‌സ്ബർഗിൽ മാത്രം ബുധനാഴ്ച 422 മില്ലിമീറ്റർ മഴയാണ്‌ ലഭിച്ചത്‌.

ടമ്പാ, സെന്റ്‌ പീറ്റേഴ്‌സ്ബർഗ്, ക്ലിയർവാട്ടർ നഗരങ്ങൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്‌ നൽകിയിരുന്നു. . നൂറ്റാണ്ടുകണ്ട ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റായിരിക്കും മില്‍ട്ടനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേ സമയം കൊടുങ്കാറ്റിന്റെ ബഹിരാകാശ നിലയത്തിൽ നിന്നുള്ള ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായ മാത്യൂ ഡൊമിനിക്. മെക്‌സിക്കൻ തീരത്തിന് മുകളിൽ അതിശക്തമായ കൊടുങ്കാറ്റിന്റെ ഫലമായുണ്ടായ മേഘങ്ങൾ വിഡിയോയിൽ വ്യക്തമാണ്. മാർച്ചിലാണ് ക്രൂ ഡ്രാഗൺ എൻഡവർ പേടകത്തിൽ ഡൊമിനിക്, മൈക്കൽ ബാരറ്റ്, ജീനെറ്റ് എപ്‌സ് റഷ്യൻ സഞ്ചാരിയായ അലക്‌സാണ്ടർ ഗ്രെബെൻകിൻ എന്നിവർ നിലയത്തിലെത്തിയത്. ഒക്ടോബർ ഏഴിനാണ് ഇവരുടെ തിരിച്ചുവരവ് തീരുമാനിച്ചിരുന്നത്. എന്നാൽ മിൽട്ടൺ കൊടുങ്കാറ്റിനെ തുടർന്ന് അത് മാറ്റിവെക്കുകയായിരുന്നു. ഒക്ടോബർ 13ന് ഇവർ തിരിച്ചു വരും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26