കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ 17 മാസങ്ങള്‍ക്ക് മുമ്പ് സമര്‍പ്പിച്ച ക്രൈസ്തവ പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളില്ലാതെ കാലതാമസം വരുത്തിയും അലംഭാവം തുടര്‍ന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ക്രൈസ്തവരെ നിരന്തരം അവഹേളിക്കുകയാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ വ്യക്തമാക്കി.
ഒക്ടോബര്‍ ഒന്‍പതിന് ക്രൈസ്തവ പഠന റിപ്പോര്‍ട്ടിന്മേല്‍ നിയമസഭയിലെ സബ്മിഷന് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി നല്‍കിയ മറുപടി ഭരണഘടന ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ നല്‍കിയ മറുപടി തന്നെയാണ് ഇക്കുറിയും ആവര്‍ത്തിച്ചത്. റിപ്പോര്‍ട്ട് ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കൈവശമാണെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരിക്കുമ്പോഴും റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പുറത്തുവിടാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ട ബാധ്യതയും വകുപ്പു മന്ത്രിക്കുണ്ടെന്ന് അദേഹം പറഞ്ഞു.
കേരളത്തിലെ ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളിലേയ്ക്ക് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നുവെന്ന സൂചനകള്‍ പുറത്തുവന്നിരിക്കുമ്പോള്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഇപ്പോഴും രഹസ്യമാക്കി വെച്ചിരിക്കുന്നതിന്റെ പിന്നില്‍ സംശയങ്ങളുണ്ട്. റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പുറത്തുവിടുന്നതില്‍ സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്.
വിവിധ ക്ഷേമ പദ്ധതികള്‍ എട്ടാം അധ്യായത്തിലെന്ന് നിയമസഭയില്‍ വകുപ്പുമന്ത്രി തന്നെ പറഞ്ഞിരിക്കുമ്പോള്‍ ഏഴ് അധ്യായങ്ങളിലെ പഠന ഭാഗങ്ങള്‍ ഏറെ ഗൗരവമേറുന്നതാണ്. ഇത് ക്രൈസ്തവരുള്‍പ്പെടെ പൊതുസമൂഹത്തിന് അറിയാന്‍ ഭരണഘടനാപരമായും നിയമപരമായും അവകാശമുണ്ട്. അതിനാല്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പുറത്തുവിടാന്‍
സര്‍ക്കാര്‍ തയ്യാറാകണമെന്ന് വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.