അഡ്ലെയ്ഡ്: കുട്ടികളെ തീവ്ര ആശയങ്ങളിലേക്കു നയിക്കുന്നതില്‍ സമൂഹ മാധ്യമങ്ങളുടെ പങ്ക് ഗൗരവമേറിയതാണെന്ന് രാജ്യത്തെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സി മേധാവി മൈക്ക് ബര്‍ഗെസ്. രാജ്യത്തെ ഏറ്റവും പുതിയ തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത് കൗമാരക്കാരാണെന്നും അതില്‍ 14 വയസ് മാത്രം പ്രായമുള്ളയാള്‍ വരെയുണ്ടെന്നും ബര്‍ഗെസ് പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് അഡ്ലെയ്ഡില്‍ നടന്ന ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്റെ (എ.എസ്.ഐ.ഒ) ഡയറക്ടര്‍ ജനറല്‍.
സോഷ്യല്‍ മീഡിയ ഉപയോഗത്തിന് പ്രായ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്കിടയിലാണ് സൗത്ത് ഓസ്‌ട്രേലിയ, ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാരുകള്‍ കഴിഞ്ഞ ദിവസം ഉച്ചകോടി സംഘടിപ്പിച്ചത്.
സമൂഹ മാധ്യമങ്ങളും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളും ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന രീതികളെക്കുറിച്ച് മൈക്ക് ബര്‍ഗെസ് മുന്നറിയിപ്പ് നല്‍കി. യുവാക്കള്‍ ഉള്‍പ്പെടുന്ന ഭീകരവാദ കേസുകള്‍ ആശങ്കജനകമാംവിധം വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു.
'രാജ്യത്തെ പുതിയ തീവ്രവാദ കേസുകളിലെ പ്രതികളെല്ലാം കൗമാരക്കാരാണ്. സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നെങ്കിലും ഈ ഓരോ സംഭവങ്ങളിലും ഇന്റര്‍നെറ്റ് ഒരു പ്രധാന ഘടകമായിരുന്നു. എഎസ്‌ഐഒയുടെ പരിഗണനയിലുള്ള തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികളില്‍ 20 ശതമാനം പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
ഒരു സമയത്ത് നാം നമ്മുടെ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റിന്റെ എല്ലാ ഉള്ളടക്കത്തിലേക്കും പൂര്‍ണമായ പ്രവേശനം അനുവദിച്ചു. നമ്മുടെ ചില കൗമാരക്കാര്‍ നാസി പതാകകളും ക്രൈസ്റ്റ് ചര്‍ച്ചിലെ കൊലയാളിയുടെ ഛായാചിത്രങ്ങളും അവരുടെ കിടപ്പുമുറിയുടെ ചുവരുകളില്‍ തൂക്കിയിടുന്നു. ചിലര്‍ ശിരഛേദം ചെയ്യുന്ന വീഡിയോകള്‍ പങ്കിടുന്നു. മതവിശ്വാസത്തിന്റെ പേരില്‍ കൊല്ലാന്‍ പോലും മടിയില്ലാത്ത ഓസ്ട്രേലിയന്‍ യുവാക്കളുടെ എണ്ണം വര്‍ധിക്കുകയാണോ എന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു.
'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) തീവ്രവാദികളുടെ ജോലി എളുപ്പമാക്കുന്നു. തീവ്രവാദികളുടെ കൈകളിലെ ആയുധമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ എ.ഐ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഇതിനകം വിവരം ലഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള റിക്രൂട്ട്മെന്റ് കാമ്പെയ്നുകള്‍ക്കായി അവര്‍ ഇത് ഉപയോഗിക്കാന്‍ ശ്രമിക്കും.
ഓസ്ട്രേലിയക്കാര്‍ വിദേശത്തുള്ള തീവ്രവാദികളുമായി ആശയവിനിമയം നടത്തുന്നതടക്കമുള്ള വിവരങ്ങള്‍ സുരക്ഷാ അധികാരികള്‍ക്ക് ലഭിച്ചിട്ടുള്ളതായും ബര്‍ഗെസ് വെളിപ്പെടുത്തി. ഇന്റര്‍നെറ്റിന്റെ ഇരുണ്ട ഇടങ്ങളിലേക്കുള്ള ഒരു ഗേറ്റ്വേയായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു - 'ടെറര്‍ഗ്രാം' എന്നറിയപ്പെടുന്ന ഒരു ടെലഗ്രാം ചാറ്റ് റൂം ഇതിനുദാഹരണമാണ്. ഓസ്ട്രേലിയക്കാര്‍ ഉള്‍പ്പെടെ തീവ്രവാദികളുമായി ആശയവിനിമയം നടത്താന്‍ ടെറര്‍ഗ്രാം ഉപയോഗിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തികള്‍ക്ക് സ്വയം തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള വഴികള്‍ ഏറെയാണ്. ഈ പ്രക്രിയയ്ക്ക് മാസങ്ങളും വര്‍ഷങ്ങളും വേണ്ട, വെറും ദിവസങ്ങള്‍ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.