ഹെലന്‍, മില്‍ട്ടണ്‍ കൊടുങ്കാറ്റുകള്‍ സര്‍ക്കാര്‍ നിര്‍മിതമോ? അമേരിക്കയില്‍ ആരോപണക്കൊടുങ്കാറ്റ്; കാലാവസ്ഥാ നിരീക്ഷകര്‍ക്കു നേരെ വധഭീഷണി

ഹെലന്‍, മില്‍ട്ടണ്‍ കൊടുങ്കാറ്റുകള്‍ സര്‍ക്കാര്‍ നിര്‍മിതമോ? അമേരിക്കയില്‍ ആരോപണക്കൊടുങ്കാറ്റ്; കാലാവസ്ഥാ നിരീക്ഷകര്‍ക്കു നേരെ വധഭീഷണി

വാഷിങ്ടണ്‍: അമേരിക്കയില്‍ വന്‍ നാശം വിതച്ച ഹെലന്‍, മില്‍ട്ടണ്‍ കൊടുങ്കാറ്റുകള്‍ വീശിയടിച്ചതിനു പിന്നാലെ ഇവ പ്രവചിച്ച കാലാവസ്ഥാ നിരീക്ഷകര്‍ക്കു നേരെ വധഭീഷണി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് രണ്ട് ചുഴലിക്കാറ്റുകള്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആഞ്ഞുവീശുകയും ആള്‍നാശം ഉള്‍പ്പെടെ വലിയ നഷ്ടങ്ങള്‍ ഉണ്ടായതും. ഇതിനു പിന്നാലെയാണ് യുഎസ് സര്‍ക്കാര്‍ കാലാവസ്ഥയില്‍ രഹസ്യമായി കൃത്രിമം കാണിക്കുകയാണെന്ന ആരോപണവും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ബഹിരാകാശ ലേസര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാലാവസ്ഥയെ ബോധപൂര്‍വം നിയന്ത്രിക്കുന്നുവെന്ന് ആരോപിച്ചാണ് കാലാവസ്ഥാ നിരീക്ഷകര്‍ക്കു നേരെ വധഭീഷണി ഉയര്‍ന്നത്.

ചുഴലിക്കാറ്റുകള്‍ സൃഷ്ടിക്കാനോ നിയന്ത്രിക്കാനോ കഴിയുന്ന ഒരു സാങ്കേതികവിദ്യയും നിലവിലില്ല എന്നു ശാസ്ത്രജ്ഞര്‍ പറയുമ്പോഴും ഇത്തരം ഗൂഢാലോചന സിദ്ധാന്തങ്ങള്‍ അമേരിക്കയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഇപ്പോള്‍ ഫ്‌ളോറിഡയില്‍ വീശിയടിക്കുമ്പോഴും വ്യാജ പ്രചാരണങ്ങള്‍ തുടരുന്നതായി 'ദ ഗാര്‍ഡിയന്‍', 'ന്യൂയോര്‍ക്ക് ടൈംസ്' അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എക്സ് (മുമ്പ് ട്വിറ്റര്‍), ടിക് ടോക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് സര്‍ക്കാര്‍ കാലാവസ്ഥയെ നിയന്ത്രിക്കുന്നുവെന്ന് ആരോപിക്കുന്ന പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് വലിയ പ്രചാരവും ലഭിച്ചു. കോവിഡ് വാക്സിനുകളുമായി ബന്ധപ്പെട്ട ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിപ്പിച്ചതിന് പേരുകേട്ട അക്കൗണ്ടുകളില്‍ നിന്നാണ് ഇപ്പോഴുള്ള പോസ്റ്റുകളും വരാന്‍ തുടങ്ങിയത്.

ദുരിത ബാധിതരെ സഹായിക്കാനുള്ള ശ്രമങ്ങളെ തടസപ്പെടുത്തുന്ന തെറ്റായ വിവരങ്ങളുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ അനുയായികളുമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

ഏതെങ്കിലും തരത്തിലുള്ള രഹസ്യ കാലാവസ്ഥാ നിയന്ത്രണ സാങ്കേതികവിദ്യയിലൂടെ കൊടുങ്കാറ്റുകള്‍ ഗവണ്‍മെന്റ് ആസൂത്രിതമായി സൃഷ്ടിക്കുകയാണെന്ന ജോര്‍ജിയയിലെ കോണ്‍ഗ്രസ് വുമണ്‍ മാര്‍ജോറി ടെയ്ലര്‍ ഗ്രീനിന്റെ പ്രസ്താവനയും വിവാദമായിരുന്നു.

തെറ്റായ വിവരങ്ങള്‍ ദുരിത ബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനായി മുന്നിട്ടിറങ്ങിയ സന്നദ്ധപ്രവര്‍ത്തകരെ ദോഷകരമായി ബാധിച്ചതായി ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ഡീന്‍ ക്രിസ്വെല്‍ പറഞ്ഞു.

നൂറുകണക്കിന് വധഭീഷണി സന്ദേശങ്ങള്‍

ഗൂഢാലോചന സിദ്ധാന്തങ്ങളുടെ പ്രധാന ലക്ഷ്യം താനും തന്റെ സഹപ്രവര്‍ത്തകരുമാണെന്ന് മിഷിഗണ്‍ ആസ്ഥാനമായുള്ള കാലാവസ്ഥാ നിരീക്ഷകയായ കാറ്റി നിക്കോളൗ 'ദി ഗാര്‍ഡിയനോട്' പറഞ്ഞു.


കാറ്റി നിക്കോളൗ

'ഒരു കൊടുങ്കാറ്റ് ഇത്രയധികം തെറ്റായ വിവരങ്ങള്‍ക്ക് കാരണമാകുന്നത് ഞാന്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ല. ഞാന്‍ ചുഴലിക്കാറ്റ് സൃഷ്ടിച്ചുവെന്നും അതിനെ നയിച്ചുവെന്നും ഒരു കൂട്ടം ആളുകള്‍ വ്യാജ പ്രചാരണം നടത്തുന്നു. ഞങ്ങള്‍ കാലാവസ്ഥ നിയന്ത്രിക്കുന്നുവെന്ന് വിശ്വസിക്കുന്ന ആളുകളുണ്ട്. ഒരു ചുഴലിക്കാറ്റിന് 10,000 ന്യൂക്ലിയര്‍ ബോംബുകളുടെ ഊര്‍ജ്ജമുണ്ടെന്നും അത് ആര്‍ക്കും നിയന്ത്രിക്കാനാവില്ലെന്നും എനിക്ക് വ്യക്തമാക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇത് കൂടുതല്‍ വ്യാജ പ്രചാരണങ്ങളിലേക്കു വഴിമാറി, പ്രത്യേകിച്ചും മില്‍ട്ടണ്‍ കൊടുങ്കാറ്റിനെ സൃഷ്ടിച്ചവരെ കൊല്ലണമെന്നും റഡാര്‍ ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്യണമെന്ന് ആളുകള്‍ പറയുന്നത് വരെ കാര്യങ്ങളെത്തി - കാറ്റി നിക്കോളൗ പറഞ്ഞു.

രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ സഹായിക്കാന്‍ ബൈഡന്‍ ഭരണകൂടം ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയുടെ (ഫെമ) ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ചതിനാല്‍ ചുഴലിക്കാറ്റിനെ അതിജീവിച്ചവര്‍ക്ക് നല്‍കാന്‍ പണമില്ലെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് ഫെമ പ്രവര്‍ത്തകരെ മര്‍ദിക്കുകയോ അറസ്റ്റുചെയ്യുകയോ വെടിവെച്ച് കൊല്ലുകയോ കാണുമ്പോള്‍ തൂക്കിലേറ്റുകയോ ചെയ്യണമെന്ന് ഭീഷണിപ്പെടുത്തിയുള്ള പോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 'ഹെലനും മില്‍ട്ടണും' ഒരു നിര്‍ണായക ആയുധമായി മാറുകയാണെന്ന സൂചനയും ഈ ആരോപണ പ്രത്യാരോപണങ്ങള്‍ നല്‍കുന്നു.

ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിലൂടെ അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധനയും സമുദ്രജലത്തില്‍ ഉണ്ടാകുന്ന ചൂടുമാണ് കൊടുങ്കാറ്റുകള്‍ സ്ഥിരം പ്രതിഭാസമായി മാറാന്‍ കാരണമെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കാനോ നിയന്ത്രിക്കാനോ ഒരു സാങ്കേതിക വിദ്യയ്ക്കും കഴിയില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.