ഡീക്കന്‍മാരുടെ പൗരോഹിത്യ സ്വീകരണം: തെറ്റായ പ്രസ്താവനകള്‍ നടത്തരുതെന്ന് ബിഷപ്പ് ബോസ്‌കോ പുത്തൂര്‍

ഡീക്കന്‍മാരുടെ പൗരോഹിത്യ സ്വീകരണം: തെറ്റായ പ്രസ്താവനകള്‍ നടത്തരുതെന്ന് ബിഷപ്പ് ബോസ്‌കോ പുത്തൂര്‍

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്‍മാരുടെ പൗരോഹിത്യ സ്വീകരണവുമായി ബന്ധപ്പെട്ട് ആരും തെറ്റായ വസ്തുതകള്‍ പ്രചരിപ്പിക്കരുതെന്ന് അതിരൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അദേഹത്തിന്റെ നിര്‍ദേശം.

ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണം അതിരൂപതയില്‍ നടപ്പാക്കുന്നതിലുള്ള എതിര്‍പ്പ് മൂലമാണ് ഡീക്കന്‍മാരുടെ പൗരോഹിത്യ സ്വീകരണം 2023 ഡിസംബര്‍ മാസത്തില്‍ നടക്കാതെ പോയത്. തുടര്‍ന്ന് വിവിധ തലങ്ങളില്‍ പലവട്ടം ഈ വിഷയം ചര്‍ച്ച ചെയ്യുകയും സഭയുടെ നിയമത്തിന് വിധേയമായി തിരുപ്പട്ടം നല്‍കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

അതിന്റെ ഭാഗമായി 2024 ജൂലൈ ഒന്നിന് മേജര്‍ ആര്‍ച്ച് ബിഷപ്പും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും ചേര്‍ന്ന് നല്‍കിയ വിശദീകരണ കുറിപ്പില്‍ ഞായറാഴ്ചയും കടമുള്ള ദിവസങ്ങളിലും ഒരു വിശുദ്ധ കുര്‍ബാനയെങ്കിലും ഏകീകൃത രീതിയില്‍ അര്‍പ്പിക്കുന്നതിന് വൈദികര്‍ക്ക് ഒരു താല്‍ക്കാലിക ഇളവ് നല്‍കിയിരുന്നു.

ഇത് വൈദികര്‍ക്കുള്ള ഒരു ആനുകൂല്യമോ, അവകാശമോ അല്ലായെന്ന് മനസിലാക്കേണ്ടതാണ്. അതിനാല്‍ തന്നെ ഈ ഇളവ് നവ വൈദികര്‍ക്ക് ഉണ്ടായിരിക്കില്ലെന്ന് പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഡീക്കന്‍മാര്‍ക്കുള്ള പൗരോഹിത്യ സ്വീകരണം നിയമാനുസൃണം നടത്താനും അവരുടെ പൗരോഹിത്യ ശുശ്രൂഷകള്‍ ക്രമീകരിക്കാനും സിനഡിന്റ് തീരുമാന പ്രകാരം മേജര്‍ ആര്‍ച്ച് ബിഷപ്പ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2024 ജൂലൈ ഒന്നിന് നല്‍കിയ വിശദീകരണ കുറിപ്പില്‍ പറയുന്നതു പോലെ ഡീക്കന്‍മാരുടെ പൗരോഹിത്യ സ്വീകരണം പരിശുദ്ധ സിംഹാസനത്തിന്റെ അനുവാദത്തോടെ മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യം ചര്‍ച്ചകളില്‍ അംഗീകരിച്ചിട്ടുള്ളതാണ്.

സഭാ നിയമമനുസരിച്ച് തിരുപ്പട്ടം സ്വീകരിക്കാന്‍ തയാറായി ഡിക്കന്‍മാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തത് മാത്രമാണ് അവരുടെ തിരുപ്പട്ട സ്വീകരണം നീണ്ടു പോകാനുള്ള ഏക കാരണം. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഇന്ന് എല്ലാ ഡിക്കന്‍മാര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.

തിരുപ്പട്ടം സ്വീകരിക്കുന്നതിനായി സീറോ മലബാര്‍ സഭയിലെ എല്ലാ ഡീക്കന്‍മാരും സമര്‍പ്പിക്കേണ്ട സത്യവാങ്മൂലത്തിന്റെ ഫോര്‍മാറ്റും അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ സത്യവാങ്മൂലം ഒപ്പിട്ട് തിരുപ്പട്ട സ്വീകരണത്തിന്റെ തിയതിയും ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും തീരുമാനിക്കുന്നതിന് വേണ്ടി മാര്‍ ബോസ്‌കോ പുത്തൂര്‍ പിതാവിനെ എത്രയും വേഗം നേരില്‍ കാണുന്നതിനും ഡീക്കന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഡീക്കന്‍മാരുടെ തിരുപ്പട്ട സ്വീകരണത്തിന് വൈദികരും അല്‍മായരും തടസം നില്‍ക്കരുതെന്നും സഭയുടെയും ഡീക്കന്‍മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ചിരകാലാഭിലാഷമായ തിരുപ്പട്ട സ്വീകരണം സഭാ നിയമം അനുസരിച്ച് ഉടന്‍ നടത്താന്‍ ആവശ്യമായ സഹകരണവും പ്രോത്സാഹനവും നല്‍കണമെന്നും ഇതു സംബന്ധിച്ച് അതിരൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.