ഗൂഗിളിന് വേണ്ടത് 'സൂപ്പര്‍സ്റ്റാര്‍' സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരെ; ജോലി കിട്ടാനുള്ള ടിപ്‌സുമായി സുന്ദര്‍ പിച്ചൈ

ഗൂഗിളിന് വേണ്ടത് 'സൂപ്പര്‍സ്റ്റാര്‍' സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരെ; ജോലി കിട്ടാനുള്ള ടിപ്‌സുമായി സുന്ദര്‍ പിച്ചൈ

കാലിഫോര്‍ണിയ: ഗൂഗിളില്‍ ജോലിയെന്നത് ടെക് മേഖലിയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം ആളുകളുടെയും സ്വപ്നമാണ്. ഗൂഗിളില്‍ ജോലി ലഭിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക്, പ്രത്യേകിച്ച് എന്‍ജിനീയര്‍മാര്‍ക്ക് വേണ്ട യോഗ്യതകള്‍ എന്തൊക്കെയാണെന്ന് വിശദീകരിച്ചിരിക്കുകയാണ് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ സി.ഇ.ഒ സുന്ദര്‍ പിച്ചൈ. ഡേവിഡ് റൂബന്‍സ്‌റ്റൈന്‍ ഷോയായ പിയര്‍ ടു പിയര്‍ കോണ്‍വര്‍സേഷനില്‍ സംസാരിക്കുമ്പോഴാണ് സുന്ദര്‍ പിച്ചൈ ഗൂഗിളില്‍ ജോലി ലഭിക്കാനുള്ള ടിപ്‌സ് പങ്കു വച്ചത്.

ഗൂഗിളില്‍ ജോലി ലഭിക്കാന്‍ സാങ്കേതികപരമായി മികവുണ്ടായാല്‍ മാത്രം പോരെന്നും ഏതൊരു സാഹചര്യവുമായി പെട്ടെന്ന് ഇണങ്ങിച്ചേരാനും പുതിയ കാര്യങ്ങള്‍ വേഗത്തില്‍ പഠിച്ചെടുക്കാന്‍ താത്പര്യമുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഓഫീസ് പരിതസ്ഥിതിയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്ന സൂപ്പര്‍ സ്റ്റാര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരെയാണ് കമ്പനി തിരയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൂഗിള്‍ ജീവനക്കാരുടെ സര്‍ഗാത്മകത പരിപോഷിക്കാന്‍ ചെയ്യുന്നതെന്തെല്ലാമെന്നും അദ്ദേഹം പങ്കുവെച്ചു. ജീവനക്കാര്‍ക്ക് ഭക്ഷണം കമ്പനി സൗജന്യമായി നല്‍കും. ഇത്തരം ആനുകൂല്യങ്ങള്‍ സമൂഹബോധം വര്‍ധിപ്പിക്കും. അതു വഴി സര്‍ഗാത്മകതയും പരിപോഷിക്കപ്പെടും. ആകര്‍ഷകമായ ശമ്പളം, പൂര്‍ണമായ ആരോഗ്യ ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ് സെന്ററുകള്‍, റിട്ടയര്‍മെന്റ് പദ്ധതികള്‍ എന്നിവ അടക്കം നിരവധി ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്.
ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കുന്നത് സമൂഹബോധം വളര്‍ത്തിയെടുക്കാനും സര്‍ഗാത്മക ചിന്തയെ ജ്വലിപ്പിക്കാനും സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

ഗൂഗിളില്‍ നിന്ന് ഓഫര്‍ ലെറ്റര്‍ ലഭിക്കുന്നതില്‍ 90 ശതമാനം പേരും ജോലി സ്വീകരിക്കാറുണ്ട്. തങ്ങളുടെ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും ആഗ്രഹങ്ങളും വ്യക്തമാക്കി കരിയറിലെ വിജയത്തെക്കുറിച്ചുള്ള വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെയ്ക്കണണെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിനായി നന്നായി തയാറെടുക്കണം, ഗൂഗിളിന്റെ മൂല്യങ്ങള്‍ മനസിലാക്കിയിരിക്കണം. കമ്പനിയുടെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തത ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗൂഗിളില്‍ താന്‍ ജോലിക്ക് ചേര്‍ന്ന ആദ്യനാളുകളില്‍ കമ്പനിയുടെ കഫേയില്‍ കണ്ടുമുട്ടിയ ചിലയാളുകള്‍ തന്നെ ആവേശകരമായ പുതിയ ആശയങ്ങളിലേക്ക് നയിച്ചത് എങ്ങനെയാണെന്നും പിച്ചൈ വിവരിച്ചു.

ഇത്തരം സംരംഭങ്ങളുടെ നേട്ടങ്ങള്‍ അവയില്‍ നിന്നുണ്ടാകുന്ന അനുബന്ധ ചെലവുകളേക്കാള്‍ വളരെ കൂടുതലാണെന്ന് പറഞ്ഞ അദ്ദേഹം ഇത് ഗൂഗിളില്‍ പരസ്പര സഹകരണം വഴിയുള്ള ഒരു സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുവെന്നും പറഞ്ഞു.

2024 ജൂണ്‍ വരെ ഗൂഗിളിന് കീഴില്‍ 1.79 ലക്ഷം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ജോലിക്കായി ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതില്‍ മുന്‍പന്തിയിലുള്ള സ്ഥാപനമാണ് ഗൂഗിള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.