ലണ്ടന്‍: പതിനൊന്ന് ദിവസത്തെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് ഒരുങ്ങി ചാള്‍സ് രാജാവും കാമില രാജ്ഞിയും. കാന്‍സറോട് പോരുതുന്ന ചാള്‍സ് രാജാവ് താത്ക്കാലികമായി ചികിത്സ നിര്‍ത്തിയാണ് ഈ മാസാവസാനം ഓസ്‌ട്രേലിയയിലേക്കു പോകുന്നത്. യാത്രയ്ക്കായി 75 കാരനായ ചാള്‍സ് രാജാവിന് ഡോക്ടര്‍മാര്‍ അനുമതി നല്‍കിയതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വിശ്രമ സമയം കൂടി കൂട്ടിച്ചേര്‍ക്കേണ്ടതുള്ളതിനാല്‍, പൊതുപരിപാടികള്‍ കാര്യമായി കുറച്ചിട്ടുണ്ട്.
സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ കാന്‍സര്‍ പോലൊരു ഗുരുതരമായ രോഗത്തോട് പരസ്യമായി പോരാടുന്ന ആദ്യത്തെ ബ്രിട്ടീഷ് രാജാവാണ് ചാള്‍സ് രാജാവ്. തന്റെ കടമകള്‍ നിര്‍വഹിക്കണം എന്ന അര്‍പ്പണ ബോധമാണ് ഓസ്ട്രേലിയന്‍ സന്ദര്‍ശനവുമായി മുന്നോട്ട് പോകാന്‍ രാജാവിനെ പ്രേരിപ്പിക്കുന്നതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ഫെബ്രുവരിയില്‍ രോഗനിര്‍ണയം നടത്തിയതിന് ശേഷം ചാള്‍സ് രാജാവിന്റെ ശരീരഭാരം പ്രകടമായ അളവില്‍ കുറഞ്ഞിട്ടുണ്ട്. ബ്രിട്ടനുമായുള്ള ഓസ്ട്രേലിയയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് തന്റെ സന്ദര്‍ശനം അനിവാര്യമാണെന്ന് രാജാവ് കരുതുന്നു. ഇരു രാജ്യങ്ങളും ഈ സന്ദര്‍ശനത്തെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. ബ്രിട്ടീഷ് രാജാവിനെ രാഷ്ട്ര തലവനായി ഇപ്പോഴും അംഗീകരിക്കുന്ന 14 രാജ്യങ്ങളില്‍ ഒന്നാണ് ഓസ്‌ട്രേലിയ.
എന്നാല്‍, രാജാവ് രാഷ്ട്രത്തലവനായി തുടരുന്നതിനെതിരേയുള്ള വികാരം ശക്തമായിരിക്കുന്ന ഓസ്ട്രേലിയയില്‍ രാജാവിന്റെ സന്ദര്‍ശനം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഭരണഘടനാപരമായ രാജവാഴ്ച ഉപേക്ഷിക്കുക എന്ന ആശയത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.
രാഷ്ട്രത്തലവന്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കാന്‍ ഓസ്ട്രേലിയ തീരുമാനിച്ചാല്‍ താന്‍ ഇടപെടില്ലെന്ന് ചാള്‍സ് രാജാവ് വ്യക്തമാക്കിയതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം ഓസ്ട്രേലിയന്‍ പൊതുജനങ്ങള്‍ തീരുമാനിക്കേണ്ട വിഷയമാണെന്ന് രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി നഥാന്‍ റോസ് പറഞ്ഞു. ഈ വിഷയത്തില്‍ വിവാദത്തിനില്ലെന്ന നിലപാടാണ് രാജാവ് സ്വീകരിക്കുന്നത്.
കാന്‍സര്‍ രോഗനിര്‍ണയത്തിനു ശേഷമുള്ള രാജാവിന്റെ ഏറ്റവും പ്രധാനപ്പെട്ട വിദേശ പര്യടനവും രാഷ്ട്രത്തലവനെന്ന നിലയില്‍ ഓസ്ട്രേലിയയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനവുമാണിത്.
അതിനിടെ, രാജകുടുംബത്തിനുള്ളില്‍ അധികാരമാറ്റം നടക്കുന്നതായി ചില സൂചനകളുമുണ്ട്. വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും അടുത്തിടെ കൂടുതലായി വെള്ളിവെളിച്ചത്തിലേക്ക് വന്നു തുടങ്ങിയത് അതിന്റെ സൂചനകളാണ് എന്നാണ് രാജകുടുംബത്തിലെ സംഭവവികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.
കാന്‍സര്‍ ചികിത്സയിലായിരുന്ന കെയ്റ്റ് രാജകുമാരി തന്റെ കീമോ തെറാപ്പി ചികിത്സ അവസാനിച്ച വിവരം അറിയിച്ചുകൊണ്ട് ഒരു വീഡിയോ അടുത്തിടെ പങ്കുവച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.