പ്രവാസികള്‍ക്ക് ആശ്വാസം; യു.എ.ഇയില്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തില്‍ സുപ്രധാന ഇളവുകള്‍

പ്രവാസികള്‍ക്ക് ആശ്വാസം; യു.എ.ഇയില്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തില്‍ സുപ്രധാന ഇളവുകള്‍

അബുദാബി: യു.എ.ഇയില്‍ പൊതുമാപ്പ് തീരാനിരിക്കെ സുപ്രധാന നീക്കവുമായി അധികൃതര്‍. കുടുംബനാഥന്‍ യു.എ.ഇ വിസ നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്പോണ്‍സര്‍ഷിപ് മാറ്റാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ്, പോര്‍ട്സ് ആന്‍ഡ് കസ്റ്റംസ് (ഐസിപി-യുഎഇ) അറിയിച്ചു.

ഇതോടെ നിയമലംഘനങ്ങളില്‍ പെട്ട് വിസ പുതുക്കാന്‍ സാധിക്കാതെ യു.എ.ഇയില്‍ തുടരുന്നവരുടെ മക്കളുടെ താമസം നിയമവിധേയമാക്കാം. നിയമലംഘകരായ കുടുംബാംഗങ്ങള്‍ എല്ലാവരും പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനും സൗകര്യമൊരുക്കും. പൊതുമാപ്പ് കാലയളവില്‍ രേഖകള്‍ ശരിയാക്കി പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ അവസരമുണ്ട്.

കുടുംബനാഥന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നിലവിലെ കമ്പനിയില്‍ തുടരുകയോ മറ്റൊരു വിസയിലേക്കു മാറുകയോ ചെയ്യുകയാണെങ്കില്‍ കുടുംബാംഗങ്ങളുടെ വിസ റദ്ദാക്കില്ല. രാജ്യം വിട്ടു പോകാന്‍ ആഗ്രഹിക്കുന്നവര്‍ നിയമനടപടി പൂര്‍ത്തിയാക്കിയ ശേഷം ഐസിപി വെബ്സൈറ്റ് വഴി എക്സിറ്റ് പെര്‍മിറ്റിന് അപേക്ഷിക്കണം. പൊതുമാപ്പിന്റെ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്നും നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

ഈ മാസം 31 വരെ നീളുന്ന പൊതുമാപ്പ് കാലയളവ് നീട്ടില്ലെന്നും നവംബര്‍ ഒന്നിന് ശേഷം നിയമലംഘകര്‍ക്കായി പരിശോധന ശക്തമാക്കുമെന്നും നേരത്തെ യുഎഇ വ്യക്തമാക്കിയിരുന്നു. പിടിക്കപ്പെടുന്നവര്‍ക്ക് വന്‍ തുക പിഴയ്ക്കു പുറമെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി നാടുകടത്തുകയും ചെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.