ട്രംപിനെ വൈറ്റ് ഹൗസില്‍ തിരികെയെത്തിക്കാനുള്ള പ്രചാരണത്തിന് ഇലോണ്‍ മസ്‌ക് ചെലവിട്ടത് 630 കോടിയിലധികം രൂപ

ട്രംപിനെ വൈറ്റ് ഹൗസില്‍ തിരികെയെത്തിക്കാനുള്ള പ്രചാരണത്തിന് ഇലോണ്‍ മസ്‌ക് ചെലവിട്ടത് 630 കോടിയിലധികം രൂപ

വാഷിങ്ടണ്‍: നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിനായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ചെലവിട്ടത് 75 മില്യണ്‍ ഡോളറില്‍ അധികമെന്ന് റിപ്പോര്‍ട്ട്. ഇത് ഇന്ത്യന്‍ രൂപയില്‍ 630 കോടിയിലധികം വരും. ട്രംപിന്റെ പ്രചാരണത്തിനായാണ് ടെസ്ല, എക്സ് ഉടമയായ മസ്‌ക് ഈ തുക ചെലവിട്ടത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ട്രംപിനായി മസ്‌ക് പരസ്യമായി രംഗത്തുണ്ട്. ഇതിനകം ചില പ്രചാരണ യോഗങ്ങളില്‍ ട്രംപിനൊപ്പം പങ്കെടുക്കുകയും ചെയ്തു. 'അമേരിക്കയെ വീണ്ടും മഹനീയമാക്കണം' എന്ന ട്രംപിന്റെ മുദ്രാവാക്യം പതിച്ച തൊപ്പിയുമായി കഴിഞ്ഞ ദിവസം ഇലോണ്‍ മസ്‌ക് മാധ്യമങ്ങളെ കണ്ടിരുന്നു.

ട്രംപിന്റെ യുഎസ് പ്രസിഡന്‍ഷ്യല്‍ കാമ്പെയ്നിനെ പിന്തുണയ്ക്കുന്നതിനായി മസ്‌ക് രൂപീകരിച്ച പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിക്ക് സംഭാവനയായി മാത്രം മസ്‌ക് നല്‍കിയ തുകയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിനെതിരായ മല്‍സരത്തില്‍ ട്രംപിന് ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്ന വ്യക്തിയായി ഇലോണ്‍ മസ്‌ക് മാറി.

അടുത്തിടെ പെന്‍സില്‍വാനിയയില്‍ നടന്ന ഒരു റാലിയില്‍ വേദിയില്‍ ട്രംപിനൊപ്പം വന്ന ടെസ്ല സി.ഇ.ഒ എതിരാളിയായ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെ ആക്ഷേപിക്കുകയും ചെയ്തിരുന്നു. കമലാ ഹാരിസ് വിജയിച്ചാല്‍ താന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നും മസ്‌ക് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറയുകയുണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.