ടെല്‍ അവീവ്: 'ഗാസയിലെ ബിന്‍ ലാദന്‍' എന്ന വിശേഷണമുള്ള ഹമാസ് നേതാവ് യഹിയ സിന്‍വാറിനെ വകവരുത്തിയത് ഇസ്രയേലിന്റെ ബിസ്ലാക്ക് ബ്രിഗേഡ്.
ബുധനാഴ്ച തെക്കന്‍ ഗാസയിലെ റാഫയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇസ്രയേലിന്റെ എക്കാലത്തെയും ഏറ്റവും ശക്തനായ എതിരാളി കൊല്ലപ്പെട്ടത്. റാഫയിലെ താല്‍ അല്‍ സുല്‍ത്താനിലെ തെരുവിലായിരുന്നു ഏറ്റുമുട്ടല്‍.
ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ബിസ്ലാക്ക് ബ്രിഗേഡ് ട്രെയിനിങ് യൂണിറ്റിന്റ പട്രോളിങിനിടെ സിന്‍വാര്‍ അടക്കം മൂന്ന് ഹമാസ് അംഗങ്ങളെ കാണുകയായിരുന്നു. തുടര്‍ന്ന് പരസ്പരം നടത്തിയ വെടിവയ്പില്‍ രണ്ട് ഹമാസ് അംഗങ്ങള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ സിന്‍വാര്‍ അടുത്തു കണ്ട തകര്‍ന്ന കെട്ടിടത്തിലേക്ക് ഓടിക്കയറി.
സിന്‍വാറിനെ തിരഞ്ഞ് ഇസ്രയേല്‍ ഡ്രോണ്‍ കെട്ടിടത്തിനുള്ളിലേക്ക് കടന്നു. രണ്ടാം നിലയില്‍ അവശനായി സോഫയിലിരുന്ന സിന്‍വാര്‍ കൈയിലുണ്ടായിരുന്ന വടി ഡ്രോണിന് നേരെ എറിഞ്ഞു. രക്തത്തില്‍ കുളിച്ച സിന്‍വാര്‍, മുഖം തുണികൊണ്ട് മറച്ചിരുന്നു. തകര്‍ന്ന വലതു കൈയിലെ രക്തസ്രാവം തടയാന്‍ ഇലക്ട്രിക് വയര്‍ കൊണ്ട് കെട്ടിയിരുന്നു.
തുടര്‍ന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ ടാങ്കും മാറ്റഡോര്‍ മിസൈലും സിന്‍വാര്‍ ഇരിക്കുകയായിരുന്ന കെട്ടിടം തകര്‍ത്തു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ സൈന്യം തിരച്ചില്‍ നടത്തിയത് വ്യാഴാഴ്ച രാവിലെയായിരുന്നു. തിരച്ചിലില്‍ കണ്ടെത്തിയ സിന്‍വാറിന്റെ മൃതദേഹം പിന്നീട് ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇസ്രയേല്‍ സ്ഥിരീകരിച്ചത്.
ബിസ്ലാക്ക് ബ്രിഗേഡ്
ഇന്‍ഫന്‍ട്രി കോര്‍പ്‌സ് സ്‌ക്വാഡ് കമാന്‍ഡര്‍, പ്ലാറ്റൂണ്‍ സര്‍ജന്റ് എന്നിവര്‍ക്ക് പരിശീലനം നല്‍കുന്ന ഇസ്രായേല്‍ പ്രതിരോധ സേനയുടെ ഭാഗമാണ് ബിസ്ലാക്ക് ബ്രിഗേഡ്. 1974 ലാണ് സ്ഥാപിതമായത്. യുദ്ധ കാലങ്ങളില്‍ ഇവര്‍ പ്രതിരോധ സേനയായി പ്രവര്‍ത്തിക്കും.
മൂന്ന് ബേസുകളുള്ള ഇവര്‍ യുദ്ധ സമയത്ത് ബിസ്ലാക്ക് എന്ന ഇന്‍ഫന്‍ട്രി ബ്രിഗേഡ് രൂപീകരിക്കുന്നു. ഗാസ വിച്ഛേദിക്കല്‍ പദ്ധതിയില്‍ പങ്കെടുത്ത ഇവര്‍ ഗാസ മുനമ്പിന്റെ അതിര്‍ത്തി പിടിച്ചടക്കിയ ആദ്യ യൂണിറ്റ് കൂടിയാണ്. യൂണിറ്റിന്റെ 17-ാം ബറ്റാലിന്‍ ബ്രിഗേഡ് ആണ് യഹിയ സിന്‍വാറിനെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ വിനാശകരമായ ഭീകരാക്രമണത്തിന്റെ സൂത്രധാരനായിരുന്ന യഹിയ സിന്‍വാറിനെ കണ്ടെത്തുന്നതിനായി ഇസ്രയേലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ സേനയായ ഷിന്‍ ബെറ്റില്‍ പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിരുന്നു.
അതിനിടെ ഷിന്‍വാറിനെ കണ്ടെത്തുന്നതിനായി ഇസ്രയേലിനൊപ്പം പ്രവര്‍ത്തിച്ചിരുന്നതായി അമേരിക്കയും അവകാശപ്പെട്ടു. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് ആശയ വിനിമയങ്ങള്‍ തടസപ്പെടുത്തി അടിത്തറ തുളച്ചു കയറുന്ന റഡാറുകള്‍ ഇസ്രയേലിന് കൈമാറിയതായും അമേരിക്ക വ്യക്തമാക്കി.
എന്നിരുന്നാലും ലോകത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ക്ക് ഇത്രയും കാലം സിന്‍വാറിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സിന്‍വാറിന്റെ ഒരു അബദ്ധമാണ് കൊല്ലപ്പെടുന്നതിന് ഇടയാക്കിയത്. ഒളിസങ്കേതത്തില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഇസ്രയേലിന്റെ ട്രെയിനി സ്‌ക്വാഡ് കമാന്‍ഡര്‍മാരില്‍ ഒരാളുടെ കണ്ണില്‍പ്പെടുകയായിരുന്നു സിന്‍വാര്‍.
ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ സിന്‍വാറിനെ കണ്ടെത്താന്‍ ഇസ്രയേലും അമേരിക്കയും ഏറെ ബുദ്ധിമുട്ടിയിരുന്നു. ഹമാസ് ടണലുകളില്‍ മനുഷ്യ കവചങ്ങളുടെ മറവിലാണ് സിന്‍വാര്‍ ഒളിച്ചിരുന്നത്.
തടവിലാക്കപ്പെട്ടവരെയാണ് സിന്‍വാര്‍ മനുഷ്യ കവചമായി ഉപയോഗിക്കുന്നതെന്നായിരുന്നു ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സിന്‍വാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ ഇസ്രയേല്‍ സേന ഇത്തരത്തില്‍ തടവിലാക്കപ്പെട്ടവരെയാരെയും കണ്ടെത്തിയിരുന്നില്ല.
എന്തായാലും ഹമാസുമായുള്ള യുദ്ധത്തില്‍ ഇസ്രയേലിന്റെ വലിയ വിജയങ്ങളിലൊന്നാണ് ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ വധം. സിന്‍വാറിനെ ജീവനോടെയോ അല്ലാതെയോ പിടിക്കുമെന്ന് ഇസ്രയേല്‍ പ്രതിജ്ഞയെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.