ബുർക്കിന ഫാസോയിൽ ഇസ്ലാമിക ഭീകരരുടെ ഭീകരാക്രമണം; 150 ലധികം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ബുർക്കിന ഫാസോയിൽ ഇസ്ലാമിക ഭീകരരുടെ ഭീകരാക്രമണം; 150 ലധികം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഔഗാഡൗഗു: നിരന്തരമുണ്ടാകുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങളിൽ വലഞ്ഞിരിക്കുകയാണ് ബുർക്കിന ഫാസോ എന്ന പശ്ചിമ ആഫ്രിക്കൻ രാജ്യം. കഴിഞ്ഞ ദിവസം രാജ്യത്ത് ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ 150 ലധികം ആളുകൾ കൊല്ലപ്പെട്ടതായുള്ള ഞടുക്കുന്ന വിവരം പുറത്ത്. പൊന്തിഫിക്കൽ ഫൗണ്ടേഷനായ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡാണ് (എ. സി. എൻ.) ഒക്‌ടോബർ ആറിന് മന്നി പട്ടണത്തിൽ നടന്ന ഭീകരാക്രമണത്തിന്റെ ക്രൂരത പുറം ലോകത്തെ അറിയിച്ചത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി മിന്നി പട്ടണത്തിന്റെ പകുതിയോളം ഇസ്ലാമിക ഭീകരരുടെ നിയന്ത്രണത്തിലായിരുന്നു. പ്രാദേശിക ക്രിസ്ത്യാനികൾ ഈ ഭീകരാക്രമണത്തെ 'അതിഭീകരം' എന്നാണ് വിശേഷിപ്പിക്കുന്നത്. നിരവധി കൂട്ടക്കൊലകൾക്കിടയിലും ഭീകരർ എല്ലാം കത്തിച്ചിട്ടും ഞങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കാൻ അവർക്കു സാധിച്ചിട്ടില്ലെന്ന് വിശ്വാസ സമൂഹം പറയുന്നു.

വിശുദ്ധ കുർബാനയിൽ പങ്കെടുത്തതിന് ശേഷം ആളുകൾ തടിച്ചുകൂടിയ  സമീപത്തെ മാർക്കറ്റിലായിരുന്നു ആക്രമണം നടത്തുന്നതിനായി ആക്രമികൾ ആദ്യം തിരഞ്ഞെടുത്തത്. ടെലിഫോൺ അടക്കമുള്ള എല്ലാ ആശയവിനിമയ സംവിധാനങ്ങളും വിച്ഛേദിച്ച ശേഷമായിരുന്നു ആക്രമണം. അടുത്ത ദിവസം ഭീകരർ മടങ്ങിയെത്തി മെഡിക്കൽ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചികിത്സയിലായിരുന്ന പരിക്കേറ്റവരെ കൊല്ലുകയുമായിരുന്നു. തുടർന്ന് ഒക്ടോബർ എട്ടിന് അവർ വീണ്ടും ഗ്രാമം കൈയേറി. ഇത്തവണ അവർ കണ്ണിൽക്കണ്ട എല്ലാ പുരുഷന്മാരെയും കൊലപ്പെടുത്തുകയായിരുന്നെന്നും എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് റിപ്പോർട്ട് ചെയ്യുന്നു.

കൂട്ടക്കുരുതികളും പലായനങ്ങളും തുടര്‍ക്കഥയായ രാജ്യത്ത് ഞായറാഴ്ചകളില്‍ പള്ളിയില്‍ പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോലും ഭയക്കുകയാണ് വിശ്വാസികള്‍. കത്തോലിക്ക പള്ളികളില്‍ ഉള്‍പ്പെടെ ആരാധനാലയങ്ങളില്‍ ഉണ്ടാകുന്ന അതിക്രൂരമായ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെടുന്നത്.

2015 മുതലാണ് രാജ്യത്ത് ഭീകരാക്രമണങ്ങള്‍ രൂക്ഷമാകുന്നത്. മാലിയുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടെ സ്വദേശികളും വിദേശികളുമായ ഇസ്ലാമിക ഭീകരവാദികള്‍ നിരന്തരം ആക്രമണങ്ങള്‍ അഴിച്ചു വിട്ടു കൊണ്ടിരിക്കുകയാണ്. ഭീകരാക്രമണങ്ങളില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുന്നതിന് പുറമേ മേഖലയില്‍ ജീവിക്കാന്‍ കഴിയാതെ നിരവധി പേര്‍ വീടുപേക്ഷിച്ച് പലായനം ചെയ്യുന്നതായി സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.