സുഡാനിലെ ക്രൈസ്തവർ ദുരിതത്തിൽ; നിർബന്ധിത മതപരിവർത്തനം അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന

സുഡാനിലെ ക്രൈസ്തവർ ദുരിതത്തിൽ; നിർബന്ധിത മതപരിവർത്തനം അവസാനിപ്പിക്കണമെന്ന് ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന

ഖാർത്തൂം: അതിക്രൂരമായ ആഭ്യന്തര യുദ്ധത്തിന് ഇരകളാകുകന്നവരാണ് സുഡാനിലെ ക്രൈസ്തവർ. 2023 ഏപ്രിൽ പകുതിയോടെ സുഡാൻ സൈന്യത്തിന്റെ രണ്ട് വിഭാഗങ്ങൾ തമ്മിൽ ആരംഭിച്ച പോരാട്ടം പ്രദേശ വാസികളുടെയും പ്രത്യേകിച്ച് ക്രൈസ്തവരുടെയും ജീവിതം ദുരിതത്തിലാക്കുകയാണ്.

സുഡാനിലെ ക്രൈസ്തവരെ നിർബന്ധിച്ച് ഇസ്ലാം മതത്തിൽ ചേർക്കുന്ന സംഭവങ്ങളും അനവധിയാണ്. അടുത്തിടെ സുഡാനി ആംഡ് ഫോഴ്‌സ് (എസ്.എ.എഫ്) മിലിട്ടറി ഇൻ്റലിജൻസ് യൂണിറ്റ് 12 ക്രൈസ്തവരെ അറസ്റ്റ് ചെയ്യുകയും ഇസ്ലാമിലേക്ക് നിർബന്ധിത മത പരിവർത്തനം നടത്തുകയും ചെയ്തിരിന്നു. ഇതിനെ അപലപിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഇം​ഗ്ലണ്ട് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ്.

വ്യാപകമായി നടക്കുന്ന നിർബന്ധിത മതപരിവർത്തനത്തിനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സുഡാനി ആംഡ് ഫോഴ്‌സിനോട് സംഘടന ആവശ്യപ്പെട്ടു. മോറോ നുബാൻ ഗോത്രത്തിൽ നിന്നുള്ള തടവിലാക്കപ്പെട്ട ക്രൈസ്തവർ ദീർഘകാലമായി മതപരവും വംശീയവുമായ വിവേചനം നേരിടുന്നവരാണ്. ഇവരെ പിടികൂടിയിരിക്കുന്ന മിലിട്ടറി ഇൻ്റലിജൻസിൻ്റെ അൽമുദാദ യൂണിറ്റ് നടത്തുന്ന പീഡനം കുപ്രസിദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഗെസിറ സംസ്ഥാനത്തെ അൽ തോറ മൊബെ ഗ്രാമത്തിലെ ക്രൈസ്തവരെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് നിർബന്ധിക്കുന്നുണ്ടെന്നും സംഘടന പറഞ്ഞു.

സുഡാനിലെ ദുരിതം അവസാനിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പയും നിരന്തരം ആവശ്യപ്പെടാറുണ്ട്. 2019 ൽ സൗത്ത് സുഡാൻ പ്രസിഡന്റ് സൽവാ ഖീർ, വിമത നേതാവ് റെയ്ക് മച്ചാർ എന്നിവരുൾപ്പെടെ നാല് പേരുടെ പാദങ്ങളിൽ വീണ് ചുംബിച്ച ഫ്രാൻസിസ് പാപ്പ നേതാക്കളോട് സമാധാനത്തിനായി അഭ്യർത്ഥിച്ചിരുന്നു. ഓരോരുത്തരുടെയും മുന്നിലെത്തി മുട്ടുകുത്തി പാദങ്ങൾ ചുംബിച്ച പാപ്പ സമാധാനപരമായ ഇടപെടലിനായി അഭ്യർത്ഥിക്കുകയായിരിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.