ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം; ഓസ്‌ട്രേലിയന്‍ പൗരനായ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം; ഓസ്‌ട്രേലിയന്‍ പൗരനായ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുരാവസ്തു ശേഖരത്തില്‍ പെട്ട നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പ്രതികള്‍ പിടിയില്‍. അതീവസുരക്ഷാ മേഖലയായ ക്ഷേത്രത്തില്‍ നിന്ന് നിവേദ്യ ഉരുളി മോഷ്ടിച്ച കേസിലെ പ്രതികളെ ഹരിയാനയില്‍ നിന്നാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയന്‍ പൗരന്‍ ഗണേഷ് ഝായും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. ഒക്ടോബര്‍ പതിമൂന്നിനാണ് ഇവര്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതികളെ കേരളത്തിലെത്തിച്ച് മൊഴിയെടുത്തു.

കേരള പൊലീസിന്റേയും കേന്ദ്രസേനയുടേയും സുരക്ഷാവലയത്തിലുള്ള സ്ഥലത്തുനിന്നാണ് ഉരുളി മോഷണം പോയത്. ഉരുളി കാണാതായോടെ ക്ഷേത്ര അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. ഉഡുപ്പിയിലെത്തിയ സംഘം അവിടെ നിന്നാണ് വിമാനത്തില്‍ ഹരിയാനയിലേക്ക് കടന്നത്. ഫോര്‍ട്ട് പൊലീസ് വിവരം ഹരിയാന പൊലീസിന് കൈമാറുകയായിരുന്നു. ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അതേസമയം, നിവേദ്യ ഉരുളി മോഷ്ടിച്ചത് ഐശ്വര്യം കിട്ടാനാണെന്നാണ് പ്രതികളുടെ വിചിത്രമൊഴി. ഉരുളി മോഷ്ടിച്ചതല്ല ജീവനക്കാരന്‍ തന്നതാണെന്നും പിടിയിലായ ഗണേശ് പോലീസിന് മൊഴി നല്‍കി. നിവേദ്യ ഉരുളി പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ആരും തടഞ്ഞില്ലെന്നും ആരെങ്കിലും വിളിച്ചിരുന്നുവെങ്കില്‍ മടക്കി നല്‍കിയേനെയെന്നും ഗണേശ് പറഞ്ഞു.

എന്നാല്‍ പൊലീസ് ഇത് കണക്കിലെടുത്തിട്ടില്ല. പ്രതികള്‍ക്ക് പുരാവസ്തു കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മാനാഭസ്വാമി ക്ഷേത്രത്തില്‍ ഒരു എസ്പി, ഡിവൈഎസ്പി, നാല് സിഐമാരടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും 200 പൊലീസ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം കണ്ണ് വെട്ടിച്ചും മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിച്ചുമാണ് സംഘം ഉരുളി ക്ഷേത്രത്തിന് പുറത്തെത്തിച്ചത്. മൂന്നംഗ സംഘം പൂജയ്ക്കുള്ള ഉരുളി മോഷ്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ പൗരനായ ഗണേശിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.